അധികാര രാഷ്ട്രീയത്തിലെ കുഞ്ഞാലിക്കുട്ടി
സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എംഎസ്എഫിലൂടെ യാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് 27ആം വയസ്സിൽ മലപ്പുറം നഗരസഭാ ചെയർമാനായി അധികാരത്തിലേക്ക്.
പ്രാദേശിക രാഷ്ട്രീയത്തിൽനിന്ന് നിയമസഭയിലേക്ക് കുഞ്ഞാലിക്കുട്ടി എത്തുന്നത് 1981 ലാണ്. അന്നത്തെ മലപ്പുറം മണ്ഡലത്തിൽനിന്നാണ് അദ്ദേഹം എംഎൽഎ ആയി ജയിച്ചുകയറിയത്.
2006 ൽ കുറ്റിപ്പുറം മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീലിനോട് 8781 വോട്ടുകൾക്ക് പരാജയപ്പെട്ടതൊഴിച്ചാൽ ഇന്നുവരെയും തോൽവി ഏറ്റുവാങ്ങിയിട്ടില്ലാത്ത പോരാളിയാണ് കുഞ്ഞാലിക്കുട്ടി.
എന്നാൽ 2006 ലെ തോൽവി കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ കറുത്ത ഏടായി. ഐസ്‌ക്രീം പാർലർ കേസിലും ആരോപണങ്ങളിലും പെട്ട് പ്രതിഛായയ്ക്ക് മങ്ങലേറ്റ 2006 കുഞ്ഞാലിക്കുട്ടിയെ പരാജയത്തിലെത്തിക്കുകയായിരുന്നു.
1991-1995 ലെ കരുണാകരൻ മന്ത്രിസഭ മുതൽ പിന്നീട് ഭരണത്തിലെത്തിയ 5 യുഡിഎഫ് മന്ത്രിസഭകളിലും വ്യവസായമന്ത്രിയായിരുന്നു അദ്ദേഹം. ഐസ്‌ക്രീം പാർലർ പീഡനക്കേസിൽപെട്ട് ഏറെ നാൾ വിവാദങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മറ്റെല്ലാ മന്ത്രിമാരും അഴിമതിയിലും സോളാർ ഉൾപ്പെടെയുള്ള വിഷയങ്ങളിലുംപെട്ടപ്പോൾ കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയക്കാരന്റെ പേര് മാത്രം ഒരു വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടില്ല. മുൻകാലങ്ങളിൽ നഷ്ടപ്പെട്ട പ്രതിഛായ തിരിച്ച് പിടിച്ച് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയർന്നു വരുന്ന കാഴ്ചയാണ് കുഞ്ഞാലിക്കുട്ടിയിൽ കഴിഞ്ഞ 5 വർഷങ്ങളിൽ കണ്ടത്.
യുഡിഎഫിന്, മുസ്ലീം ലീഗിന് മലപ്പുറത്ത് സധൈര്യം ഉയർത്തിക്കാണിക്കാവുന്ന മുഖമായി, 2006ൽനിന്ന് വ്യത്യസ്തമായി 2017ൽ കുഞ്ഞാലിക്കുട്ടി മാറി. മലപ്പുറത്ത്, ഇ അഹമ്മദ് എന്ന അതികായന് പകരം കുഞ്ഞാലിക്കുട്ടിയെ മാറ്റി നിർത്തി മുസ്ലീം ലീഗിന് മറ്റൊരാളെ മുന്നോട്ട് വയ്ക്കാൻ കഴിയാത്ത വിധം അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം തിരിച്ച് പിടിക്കുകയായിരുന്നു.
ഇനി ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും മുസ്ലീം ലീഗിന് ഉയർത്തിപ്പിടിക്കാൻ ഒരൊറ്റ മുഖം മാത്രമാണ് ഉള്ളത്, പി കെ കുഞ്ഞാലിക്കുട്ടിയുടേത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here