ഞങ്ങൾക്ക് ആൺ വീട് കാണണം

വിവാഹ ദിവസം പെണ്ണിന് അപരിചിതത്വത്തോടെ, ഭയാശങ്കകളോടെ കടന്നുചെല്ലേണ്ട ഇടമാണോ ഭർത്തൃഗൃഹം ?
തന്റെ ജീവിതം തുടരേണ്ട ആൺവീട് കാണാനുള്ള അവകാശം പെൺകുട്ടികൾക്കില്ലേ ?
ഒരു പുതിയ ചിന്തയ്ക്ക് ട്വന്റിഫോർന്യൂസ് തുടക്കമിടുന്നു…
ട്വന്റിഫോർന്യൂസ് ക്യംപെയിൻ ”ഞങ്ങൾക്ക് ആൺ വീട് കാണണം”
ടൂറ് പോകുന്നതിന് മുമ്പ്, താമസിക്കാൻ ബുക്ക് ചെയ്യുന്ന ഹോട്ടലിന്റെ ചിത്രങ്ങൾ ഒരു നൂറ് വട്ടമെങ്കിലും നെറ്റിൽ സെർച്ച് ചെയ്ത് ഉറപ്പ് വരുത്തുന്നവരാണ് നമ്മൾ. എന്നാൽ വിവാഹത്തിന്റെ ആദ്യ ദിവസത്തിന് മുമ്പ് ഭർതൃവീട് കണ്ട് സുരക്ഷിതമെന്ന് ഉറപ്പ് വരുത്താൻ കഴിഞ്ഞ എത്ര പേരുണ്ട്. ആ വീട്ടിലെ കുളിമുറി എവിടെയാണെന്നെങ്കിലും വിവാഹത്തിന് മുമ്പ് നിങ്ങൾക്ക് അറിയാമായിരുന്നോ…
വിവാഹ ദിവസം ഒന്ന് ശുചിയാകാൻ, പരിചയമില്ലാത്ത ആളുകൾക്ക് മുന്നിൽ ലജ്ജയോടെ നിൽക്കേണ്ടി വന്നിട്ടില്ലേ…
പുരുഷൻ, പെണ്ണിന്റെ വീടും ചുറ്റുപാടും കണ്ട് പെണ്ണിനെയും കണ്ട് വിവാഹം ഉറപ്പിച്ച് പോകുന്നു.ബന്ധുക്കൾ പരസ്പരം വന്ന് വീടും പരിസരവും കണ്ട് പോകുന്നു. എന്നാൽ പെൺകുട്ടിയ്ക്ക് ഇങ്ങനെയൊരു അവസരം നൽകുന്നുണ്ടോ നമ്മുടെ വിവാഹ സംസ്‌കാരം. കല്യാണ ദിവസം കയറി ചെല്ലുന്ന, നാളെ നമ്മൾ ജീവിക്കേണ്ട വീട്, ആ വീടകം നമുക്ക് നൽകുന്ന സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് ആരാണ്. ആ വീടിനുള്ളിലെ ഒരു മൊട്ടുസൂചിപോലും തന്റേതല്ലെന്ന് തിരിച്ചറിയുന്ന ആദ്യ ദിവസത്തിലൂടെ കടന്നുപോകാത്ത പെൺകുട്ടികളുണ്ടോ.. ?
ദിവസങ്ങളോളമുള്ള മാനസിക സമ്മർദ്ദങ്ങൾക്കൊടുവിൽ വിവാഹദിവസത്തെ ക്ഷീണവുമെല്ലാമായി ഒരു പരിചയവുമില്ലാത്ത കുറേ പേരുടെ ഇടയിലേക്ക് കയറി ചെല്ലുമ്പോൾ, ഒട്ടും പരിചയമില്ലാത്ത ഒരിടം നമുക്ക് നൽകുന്നത് ഉറപ്പായും സുരക്ഷിതത്വമായിരിക്കില്ല. പകരം അന്യതാ ബോധമായിരിക്കും ഉള്ളിൽ തികട്ടി വരിക. എല്ലാം നഷ്ടപ്പെട്ടെന്ന് തോനുന്ന നിമിഷം.
Read Also: കുളിമുറിയോ കക്കൂസോ ഇല്ല, വെള്ളത്തിന് കിലോമീറ്ററുകൾ താണ്ടണം; ആദ്യ ദിവസം ഭർത്തൃവീട് സമ്മാനിച്ചത്
ആ അന്യതാ ബോധത്തിൽനിന്ന് പെൺകുട്ടി വിടുതൽ നേടേണ്ടതും ആവശ്യമല്ലേ… എന്തിന് അറിയാത്ത, കാണാത്ത, തന്റേതല്ലാത്ത ഒരു ജീവിതത്തോട് അവൾ കഷ്ടപ്പെട്ട് പൊരുത്തപ്പെടണം. ഇനി ഇതൊരു സ്വാതന്ത്രമാണെന്ന് ഉന്നയിച്ചാൽ അപ്പോൾ പറഞ്ഞ് തുടങ്ങും അന്ന് മുതൽ തുടങ്ങുന്ന അഡ്ജസ്റ്റ്‌മെന്റ് ജീവിതത്തിന്റെ ആദ്യ പാഠങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം. പെൺകുട്ടി, കയറി ചെല്ലുന്ന വീട്ടിൽ അടങ്ങിയൊതുങ്ങി, എന്തും മറ്റുള്ളവരുടെ അനുവാദത്തോടെ ചെയ്യണമെന്ന ബോധ്യപ്പെടുത്തലാണ് ഈ ചടങ്ങുകളുടെയെല്ലാം അടിത്തറ.
കല്യാണത്തിന് മുമ്പ് പെണ്ണ് ആണിന്റെ വീട്ടിലേക്ക് കയറിക്കൂടാ, അതാണ് ആചാരം. ആ വഴിയരികിലൂടെ പോലും പോകാൻ അനുവാദമില്ല. ഇത്തരം അലിഖിത നിയമങ്ങളെ മാറ്റേണ്ട സമയമായില്ലേ. ലോകത്തിന്റെ നെറുകയിൽ വരെ പെണ്ണിന് ഇടമുള്ളപ്പോൾ സ്വന്തം വീട്ടിൽ ആ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഈ സംസ്‌കാര ശൂന്യതയെ ഇനി എന്നാണ് നമ്മൾ തിരുത്തുക. എന്തിന് ഇത്തരം ചങ്ങലകൾക്ക് ബന്ദിയാകാൻ നിന്നുകൊടുക്കണം.
സ്വാതന്ത്ര്യം അനുവാദമല്ല, അവകാശമാണ്…
വേണം.
“ഞങ്ങൾക്ക് ആൺ വീട് കാണണം…” #VoiceOfWomen #24newshttps://t.co/vjyL8ZYxDW— 24 News (@24onlive) 26 May 2017
കേരളത്തിന്റെ സവർണ്ണ ചുറ്റുപാടുകളിൽനിന്ന് മാറി, വളരെ സാധാരണ കുടുംബത്തെ മുന്നിൽ കണ്ട് ചിന്തിക്കുമ്പോൾ ഇത് കൂടുതൽ വ്യക്തമാകും. ശൗചാലയങ്ങളില്ലെന്ന് കണ്ട് ആദ്യ ദിവസം തന്നെ ഭർത്തൃ വീട് ഉപേക്ഷിക്കേണ്ടി വന്ന പെൺകുട്ടികൾ വാർത്തയാകുന്ന കാലമാണ്. അവർക്ക് എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടി വരുന്നു… ?
അവൾ നാളെ ജീവിക്കേണ്ട ചുറ്റുപാടും പരിസരവും തെരഞ്ഞെടുക്കാനും സുരക്ഷിതവും വൃത്തിയുള്ളതുമാണെന്ന് ഉറപ്പ് വരുത്താനും അവകാശമില്ലേ…
സ്വാതന്ത്ര്യം അനുവാദമല്ല, അവകാശമാണ്…
വേണം.
“ഞങ്ങൾക്ക് ആൺ വീട് കാണണം…”
ട്വന്റിഫോർ ന്യൂസ് ആരംഭിക്കുന്ന ക്യാംപയിനിൽ നിങ്ങൾക്കും പങ്കാളികളാകാം; ” ഞങ്ങൾക്ക് ആൺ വീട് കാണണം ” . വായനക്കാർക്കും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here