Advertisement

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അമ്മ ഭാരവാഹികളുടെ മറുപടിയില്‍ വേവലാതിയില്ല; വനിതാ സംഘടന

June 30, 2017
Google News 1 minute Read
wcc WCC Fb post on actress attack issue

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അമ്മ ഭാരവാഹികൾ പറഞ്ഞതില്‍ വേവലാതിയില്ലെ വനിതാ സംഘടനയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.കഴിഞ്ഞ ദിവസം നടന്ന അമ്മയുെടെ ജനറൽ ബോഡി യോഗവും അവിടെ ചർച്ച ചെയ്യപ്പെട്ടതും ചെയ്യപ്പെടാതിരുന്നതുമായ വിഷയങ്ങൾ സംബന്ധിച്ചും ഇക്കാര്യത്തിൽ വിമന്‍ ഇന്‍ കളക്ടീവിന്റെ നിലപാടിനെ കുറിച്ചും മാധ്യമ സമൂഹത്തിനും പൊതുസമൂഹത്തിനും ഉണ്ടായ ചില ആശയ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനാണ് ഈ കുറിപ്പ് എന്ന മുഖവുരയോടെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മയോഗത്തിൽ ചർച്ച നടന്നില്ല എന്നത് വാസ്തവം .പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയും കേസ് കോടതിയിലെത്തുന്നതിന്റെ പ്രാഥമിക തലം വരെ എത്തി നിൽക്കുകയും ചെയ്യുന്ന ഒരു വിഷയം ഒരു സംഘടനയുടെ ജനറൽബോഡി യോഗത്തിൽ ചർച്ചചെയ്യുന്നതിന്റെ അസാംഗത്യം മാധ്യമ സമൂഹത്തിന് തികച്ചും ബോധ്യമുളളതാണ് എന്നാണ് ഞങ്ങളുടെ വിശ്വാസം. ആക്രമിക്കപ്പെട്ട വ്യക്തിയെ വീണ്ടും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയ നടൻ പരസ്യമായി യോഗത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. തുടർന്ന് നടന്ന മാധ്യമ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അമ്മ ഭാരവാഹികൾ പറഞ്ഞതെന്ത് എന്നതിനെ കുറിച്ച് ഞങ്ങൾ വേവലാതിപ്പെടുന്നില്ല. അതിക്രമത്തിന് ഇരയായ വ്യക്തിക്ക് വേണ്ട നിയമ സഹായങ്ങൾ നല്കുന്നതിനും ഇരയെ വീണ്ടും ഇരയാക്കി കൊണ്ടുളള കടന്നാക്രമണങ്ങളെ ചെറുക്കുന്നതിനും വേണ്ട പ്രവർത്തനങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സംഘടന.

നൂറ്റാണ്ടുകളായി രൂപപ്പെട്ട ആണധികാരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടനകളെ പൊളിച്ചുമാറ്റി പുതിയ ഭാവുകത്വത്തിലേക്ക് അവയെ നടത്തിക്കാൻ അടുത്ത 100 വർഷം മതിയാകമോ എന്ന് ഞങ്ങൾക്കറിയില്ല. അലർച്ചകളും ആർപ്പുവിളികളുമില്ലാതെ നിശ്ശബ്ദമായി പണിയെടുത്തും ചിലപ്പോൾ മനപൂർവ്വം ഒഴിഞ്ഞു മാറി നിന്നും ചില ഘട്ടങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിയും ദീർഘകാലാടിസ്ഥാനത്തിലുള്ള സാമൂഹ്യ മാറ്റത്തിന് സിനിമയെ എങ്ങനെ ചാലകശക്തിയാക്കാമെന്ന ചിന്തയാണ് ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. ആമയും മുയലും തമ്മിൽ നടത്തിയ മത്സരത്തിൽ ഞങ്ങൾ ആമയുടെ ഒപ്പമാണ്. കലയും രാഷ്ട്രീയവും രണ്ടല്ല എന്നു വിശ്വസിക്കുന്ന സുമനസ്സുകൾ ഞങ്ങൾക്കൊപ്പമുണ്ട് എന്ന വിശ്വാസത്തിലാണ് വനിതാ സംഘടനയെന്നും പോസ്റ്റിലുണ്ട്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

wcc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here