മതസ്പർദ്ധ; ബംഗാളിൽ ഒരു ബിജെപി പ്രവർത്തകൻ കൂടി പിടിയിൽ

മതസ്പർദ്ധത വളർത്തുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് പശ്ചിമ ബംഗാൾ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ബിജെപി ഐ ടി സെക്രട്ടറി തരുൺ സെൻഗുപ്തയെ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് അറസ്റ്റ് ചെയ്തത്. അസൻസോളിലെ ഹിരാപുരിൽ വെച്ചാണ് സെൻഗുപ്ത പിടിയിലാകുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സെൻഗുപ്തക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് സുരിയിലെ കോടതിയിൽ ഹാജരാക്കും.
പശ്ചിമ ബംഗാളിൽ കലാപം നടക്കുന്ന സാഹചര്യത്തിൽ സമാന കേസിൽ പിടിയിലാകുന്ന മൂന്നാമത്തെ ബിജെപി പ്രവർത്തകനാണ് സെൻഗുപ്ത. ബംഗാളിൽ നടന്ന കലാപത്തിലേതെന്ന പേരിൽ 2002ലെ ഗുജറാത്ത് കലാപത്തിലെ ചിത്രങ്ങൾ പ്രചരിപ്പിച്ച ബി.ജെ.പി വക്താവ് നൂപുർ ശർമ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കലാപത്തിനിടയിൽ സംഭവിച്ചതെന്ന രീതിയിൽ സിനിമയിൽ സ്ത്രീയെ ആക്രമിക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച ഒരാളെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാക്കളുൾപെടെ നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തത്. ഒരു സ്കൂൾ വിദ്യാർത്ഥിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റാണ് കലാപത്തിന് തുടക്കമിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here