എറണാകുളം ആസ്ഥാനമായി പുതിയ റെയിൽവെ ഡിവിഷൻ വേണമെന്ന് മുഖ്യമന്ത്രി

Railway railway plans to make trains faster

കേരളത്തിന്റെ റെയിൽ വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിന് പാലക്കാട്, തിരുവനന്തപുരം റെയിൽവെ ഡിവിഷനുകൾ ചേർത്ത് എറണാകുളം ആസ്ഥാനമായി പുതിയ റെയിൽവെ ഡിവിഷൻ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും റെയിൽവെ മന്ത്രി സുരേഷ് പ്രഭുവിനുമയച്ച കത്തിലാണ് പിണറായി വിജയൻ ഇക്കാര്യം ആവശ്യപ്പെട്ടത്. തിരുവനന്തപുരം തിരുനൽവേലി, നാഗർകോവിൽ കന്യാകുമാരി ലൈനുകൾ തിരുവനന്തപുരം ഡിവിഷനിൽ നിന്ന് വേർപെടുത്തി മധുര ഡിവിഷനിൽ ചേർക്കാനുള്ള നീക്കം തടയണമെന്നും ഇരുവർക്കും അയച്ച കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

റെയിൽ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് റെയിൽവെയുമായി ചേർന്ന് സംസ്ഥാനം കേരള റെയിൽ കോർപ്പറേഷൻ എന്ന സംയുക്ത സംരംഭത്തിന് രൂപം നൽകിയിരിക്കുകയാണ്. എന്നാൽ മേഖലാ ഓഫീസ് ചെന്നെയിലായതിനാൽ പദ്ധതികളിൽ തീരുമാനം നീണ്ടു പോകുന്നു. അതിവേഗ റെയിൽപാതയും തലശ്ശേരി മൈസൂർ, അങ്കമാലി ശബരി, ഗുരുവായൂർ തിരുനാവായ എന്നീ പാതകളും പാലക്കാട് കോച്ച് ഫാക്ടറിയും ഇതുവരെ പൂർത്തിയാക്കാൻ കഴിയാത്തതിന് ഒരു കാരണം കേരളത്തിന് റെയിൽവെ സോൺ ഇല്ലാത്തതാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കന്യാകുമാരി മുതൽ മംഗലാപുരം വരെ പരിധിയുള്ള പെനിൻസുലർ റെയിൽവെ സോൺ എറണാകുളം കേന്ദ്രമായി അനുവദിക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവന്തപുരം റെയിൽവെ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിന് കോർപ്പറേഷനിൽപ്പെടുന്ന നേമത്ത് ഉപഗ്രഹ സൗകര്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ, തിരുവനന്തപുരം തിരുനൽവേലി, നാഗർകോവിൽ കന്യാകുമാരി ലൈനുകൾ മാറ്റുന്നത് ഈ മേഖലയിലെ വികസനം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top