ജോലി വാഗ്ദാനം ചെയ്ത് ബാങ്കിൽ നിന്നും കള്ള ചെക്ക് മാറ്റിച്ചു; കെണിയിൽപ്പെട്ട മലയാളി 16 മാസമായി ദുബായി ജയിലിൽ

jail man forced for stolen cheque transaction caught by dubai police

ജോലി വാഗ്ദാനം ചെയ്ത് പണത്തട്ടിപ്പ് നടത്തുന്ന കഥകൾ ദിനംപ്രതി നാം കേൾക്കാറുണ്ട്. എന്നാൽ കൊല്ലം മുളംകടകം സ്വദേശി ജോയ് ജോൺസൺ കെണിയിൽ പെട്ടത് തൊഴിൽദാതാക്കളിൽ കണ്ണടച്ച് വിശ്വസിച്ച് പണം നൽകിയിട്ടല്ല മറിച്ച് ആരും പെട്ട് പോകാവുന്ന കെണിയിലാണ്.

ദുബായിൽ തട്ടിപ്പിൽപെട്ട് ജയിലിലായ ജോയ് ജോൺസൺ എന്ന ചെറുപ്പക്കാരന്റെ കഥ ജോയിയുടെ ഭാര്യ സിബി ജോസഫൈൻ ക്രിസ്റ്റി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനയച്ച കത്തിലൂടെയാണ് പുറം ലോകം അറിയുന്നത്.

സംഭവം ഇങ്ങനെ….

ദുബായിലെ മേപ്പിൾ ഹോംസ് എന്ന നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ജോയ്. എന്നാൽ അവിടുത്തെ ജോലി ഇഷ്ടപ്പെടാതിരുന്നത് കൊണ്ടുതന്നെ മറ്റ് ജോലിക്കായി ജോയി അന്വേഷിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ/ജനുവരി സമയത്താണ് മാനേജർ പദവിയിലേക്കുള്ള ജോലിയിലേക്ക് ജോയ് അപേക്ഷ അയക്കുന്നത്. അപേക്ഷ അയച്ച് കുറച്ച് ദിവസത്തിനകം കമ്പനിയുടെ എംഡി എന്നവകാശപ്പെടുന്ന ഒരാൾ ജോയിയെ ഫോണിലൂടെ വിളിക്കുകയും ഇന്റർവ്യൂവിനായി വരാനും അറിയിച്ചു.

ഇന്റർവ്യൂവിനായി പോകേണ്ട ദിവസം അവിടേക്ക് പോകാൻ തയ്യാറാകുന്ന സമയത്ത് ജോയിക്ക് വീണ്ടും ഒരു കോൾ വന്നു. ജോയിയുടെ അപാർട്‌മെന്റിൽ എത്തി അവർ ജോയിയെ കൂട്ടിക്കൊണ്ട് പോകുമെന്നും അപാർട്‌മെന്റിൽ തയ്യാറായി നിൽക്കാനുമായിരുന്നു ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കം.

ചതിയുടെ ഒന്നാംഘട്ടം….

അൽപ്പസമയത്തിന് ശേഷം രണ്ട് പേർ വന്ന് ജോയിയെ അപാർട്‌മെന്റിലെത്തി കാറിൽ കയറ്റി കൊണ്ടുപോയി. പോകുന്ന വഴി ‘സാമ്പിൾ’ ഇന്റവ്യു എന്ന വ്യാജേന നിരവധി ചോദ്യങ്ങൾ അവർ ചോദിക്കുന്നുണ്ടായിരുന്നു. ജോയിയുടെ മറുപടിയിൽ അവർ തൃപ്തരാണെന്നും, ജോയിക്ക് ജോലി നൽകുന്നതിൽ അവർ അത്യധികം സന്തോഷമാണെന്നും കാറിലിരുന്നവർ ജോയിയെ അറിയിച്ചു. ജോയി ഇനി ഓഫീസിൽ വന്ന് ഇന്റർവ്യുവിൽ പങ്കെടുക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞു. ഇത് പറഞ്ഞ ശേഷം അയാൾ വണ്ടിയിൽ നിന്ന് ഇറങ്ങുകയും, വന്ന വണ്ടിയിൽ തന്നെ ജോയിയെ അപാർട്‌മെന്റിൽ തിരിച്ചുകൊണ്ടുവിടും എന്നും പറഞ്ഞു.

തിരിച്ച് പോകുന്ന വഴി വണ്ടി ഒരു ബാങ്കിൽ നിറുത്തി. എന്നാൽ ബാങ്കിൽ പാർക്കിങ്ങിന് സ്ഥലമില്ലാത്തത് കൊണ്ട് ജോയിയുടെ കയ്യിൽ ഒരു ചെക്ക്‌ലീഫ് കൊടുത്തിട്ട് ബാങ്കിൽ പോയി മാറാൻ ആവശ്യപ്പെട്ടു. മറ്റൊന്നും ചിന്തിക്കാതെ തന്നെ ജോയി തന്റെ സ്വന്തം ദുബായ് ഐഡി കാർഡ് ഉപയോഗിച്ച് ബാങ്കിലേക്ക് പോയി ചെക്ക് മാറ്റി. 12 ലക്ഷമായിരുന്നു തുക. ജോയി തുക കാറിലിരിക്കുന്നയാളെ ഏൽപ്പിച്ചു. (ഇതെല്ലാം സെക്യൂരിറ്റി ക്യാമറിയിൽ പതിഞ്ഞിട്ടുണ്ട്.) പണം കൈപറ്റിയ ഉടനെ തന്നെ താൻ തിരക്കിലാണെന്നും ജോലിയുടെ കാര്യത്തിനായി ജോണിനെ നേരിട്ട് വിളിക്കുമെന്നും ഉറപ്പ് നൽകി അയാൾ കാറിൽ ചീറി പാഞ്ഞ് പോയി…

ചതിയുടെ രണ്ടാംഘട്ടം….

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് വിവരമൊന്നും ലഭിക്കാത്തതിനാൽ ജോയി അവരുടെ നമ്പറിലേക്ക് വിളിച്ച് തുടങ്ങി. അപ്പോഴാണ് അവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണെന്ന് ജെയി തിരിച്ചറിയുന്നത്. ചതിയുടെ മണം അടിച്ചെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ ജോയി കുഴങ്ങിയിരിക്കുകയായിരുന്നു. എന്നാൽ അന്നേ ദിവസം തന്നെ സിഐഡികൾ വന്ന് ജോയിയെ അറസ്റ്റ് ചെയ്തു. അപ്പോഴാണ് ചതിയുടെ കഥകൾ ജോയിക്ക് മുന്നിൽ ചുരുളഴിയുന്നത്. മറ്റാരിൽ നിന്നോ മോഷ്ടിച്ച ചെക്കാണ് ജോയിയുടെ കയ്യിൽ അവർ മാറാൻ ഏൽപ്പിച്ചത്. ഫെബ്രുവരി 2016 ന് ആയിരുന്നു ജോയിയുടെ അറസ്റ്റ്. അന്നുമുതൽ കഴിഞ്ഞ 16 മാസമായി ജോയ് ബുർദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ്.

 കേസിലെ പ്രധാന കുറ്റവാളികൾ ഇപ്പോഴും പിടിക്കപ്പെടാത്തതുകൊണ്ട് ജോയിയെ ഇതുവരെ കോടതിയുടെ മുമ്പിൽ ഹാജരാക്കിയിട്ടില്ല. ജോയിയുടെ വയസായ മാതാപിതാക്കൾ, ഭാര്യ, 9 വയസ്സായ കുട്ടി എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജോയി. ജോയി ഒരു ആസ്മ രോഗിയും കൂടിയാണ്. ജയിലിൽ ശരിയായ ചികത്സ ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിലും സിബി കത്തിലൂടെ ആശങ്ക പ്രകടിപ്പിക്കുന്നു. തങ്ങൾക്ക് നീതി ലഭിക്കാൻ സഹായിക്കണം എന്ന അഭ്യർത്ഥനയോടെയാണ് സിബി തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലെ നിരവധി പേർ കബളിപ്പിക്കപ്പെട്ടിരിക്കാം. അവരിൽ ഒരാൾ മാത്രമാണ് ജോയ് എന്നത് സംഭവത്തിന്റെ ഭീതി വർധിപ്പിക്കുന്നു..

man forced for stolen cheque transaction caught by dubai police man forced for stolen cheque transaction caught by dubai police

man forced for stolen cheque transaction caught by dubai police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top