ഐ.എം.എ. മുൻ ദേശീയ പ്രസിഡന്റ് ഡോ. വി.സി. വേലായുധൻ പിള്ള അന്തരിച്ചു

v c velayudhan I M A

ഐ.എം.എ. മുൻ ദേശീയ പ്രസിഡന്റ് ഡോ. വി.സി. വേലായുധൻ പിള്ള (77) അന്തരിച്ചു. ശനിയാഴ്ച രാത്രി ഏഴ് മണിക്ക് അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശാരീകാസ്വാസ്ത്യത്തെ തുടർന്ന് ശനിയായ്ച ഉച്ചയ്ക്ക് 3 മണിക്കാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറും ദേശീയ തലത്തിലെ മികച്ച സർജനും, കരമന ചെൽസ ആശുപത്രി മേധാവിയുമായിരുന്നു വേലായുധൻ പിള്ള. ഐ.എം.എ. ദേശീയ പ്രസിഡന്റ്, കോൺഫെഡറേഷൻ ഓഫ് ഏഷ്യാ ഓഷ്യാനയുടെ ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രസിഡന്റ്, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ്, കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ടി.സി. മെഡിക്കൽ കൗൺസിൽ അംഗം, ദേശീയ മെഡിക്കൽ കൗൺസിൽ അംഗം എന്നീ നിലകളിൽ നേതൃസ്ഥാനം വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഡോ. ബി.സി. റോയ് അവാർഡ്, മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡ് എന്നീ ബഹുമതികൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ആരോഗ്യ നയരൂപീകരണ സമിതിയിലെ മുൻ അംഗമെന്ന നിലയിൽ പൊതുജനാരോഗ്യ രംഗത്ത് മികച്ച സംഭാവനകളാണ് അദ്ദേഹം നൽകിയത്. ഐ.എം.എ.യെ ജനകീയവും ശാസ്ത്രീയവുമാക്കുന്നതിനും ജനങ്ങൾക്കുവേണ്ട നിരവധി പദ്ധതികൾ ആവിഷ്‌കരിക്കാനും അദ്ദേഹം മുൻകൈ എടുത്തു. മെഡിക്കൽ സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയും പൊതുജനാരോഗ്യത്തിന് വേണ്ടിയും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി സമരങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർത്ഥിയാണ് ഡോ. വി.സി. വേലായുധൻ പിള്ള. വി.സി. ചെല്ലപ്പൻ പിള്ളയുടേയും ഭാഗീരതിയമ്മയുടേയും മകനായി 1940ൽ ആലപ്പുഴയിലാണ് അദ്ദേഹം ജനിച്ചത്. ആലുവ സെന്റ് മേരീസ് സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസവും ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്നും കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. 1958ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നു. പോണ്ടിച്ചേരി മെഡിക്കൽ കോളേജിൽ നിന്ന് എം.എസ്. ജനറൽ സർജറിയും കരസ്ഥമാക്കി.

ആർമ്മിയിൽ 3 വർഷം ക്യാപ്ടനായി സേവനമനിഷ്ടിച്ചു. തുടർന്ന് വൈക്കം ഗവ. ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, തിരുവനന്തപുരത്തെ വിവിധ സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചു. തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ സൂപ്രണ്ടും ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുമായിരിക്കെ 1995ലാണ് അദ്ദേഹം വിരമിച്ചത്.

ഭാര്യ എ.പി. വിജയലക്ഷ്മി. രണ്ട് മക്കൾ; ഡോ. കവിത, ഇളയ മകൻ കിരൺ ആട്ടോമൊബൈൽ എഞ്ചിനീയറാണ്.

ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9 മുതൽ 11 വരെ ആനയറ സംസ്ഥാന ഐ.എം.എ. ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. അവിടെ നിന്നും വിലാപയാത്രയായി ചെൽസ ആശുപത്രിയിലും സ്വവസതിയായ കരമന കുഞ്ചാലംമൂട് ശാസ്ത്രി നഗർ ഡാഫഡിൽസ് നമ്പർ 10 ലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 4 മണിക്ക് ശാന്തി കവാടത്തിൽ വച്ച് സംസ്‌കാരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top