തൊട്ടില്‍ വാതിലില്‍ ഇടിപ്പിച്ച് കുഞ്ഞിനെ അച്ഛന്‍ കൊന്നു

തൊട്ടിലില്‍ കിടന്ന നാലു മാസം പ്രായമുള്ള പെൺകുഞ്ഞിനെ വാതിലില്‍ ഇടിപ്പിച്ച് അച്ഛന്‍ കൊന്നു. ഇടുക്കിയിലെ മരിയാപുരത്താണ് സംഭവം.ശനിയാഴ്ചയാണ് മരിയാപുരം പൂതക്കുഴിയിൽ അനിലിൻറെയും ഗ്രീഷ്മയുടെയും നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ പിതാവ്അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞു കിടന്നിരുന്ന തൊട്ടിൽ ശക്തിയായി ആട്ടി കതകിൽ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞിന്റെ തലയോട് പൊട്ടി. കുഞ്ഞിനെ ഇയാള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. എന്നാല്‍ ഗ്രീഷ്മയാണ് കുഞ്ഞിനെ കൊന്നതെന്നാണ് അനില്‍ പറഞ്ഞത്.
സംഭവം ഇങ്ങനെ
ജോലി കഴിഞ്ഞ് ശനിയാഴ്ച വൈകുന്നേരം മദ്യപിച്ചാണ് അനിൽ വീട്ടിലെത്തിയത്. അപ്പോള്‍ ഗ്രീഷ്മ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. വന്നയുടനെ ചായ ആവശ്യപ്പെട്ട അനിലിനോട് ഗ്രീഷ്മ കുഞ്ഞിന്റെ കരച്ചിൽ മാറട്ടെയെന്ന് പറഞ്ഞു. ഇക്കാരണത്തില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ആ സമയം കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ശേഷം ചായ ഇടാന്‍ ഗ്രീഷ്മ പോയെങ്കിലും വഴക്ക് രൂക്ഷമായി.ഇതിനിടെ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ ഗ്രീഷ്മയോട് അനില്‍ പറഞ്ഞു. ഗ്രീഷ്മ പുറത്തേക്കു പോയ സമയത്ത് കുഞ്ഞ് കരഞ്ഞു. ആദ്യം അനിൽ തൊട്ടിൽ ആട്ടിയെങ്കിലും കുഞ്ഞിന്റെ കരച്ചിൽ കൂടി വന്നു. ദേഷ്യം മൂത്ത അനിൽ തൊട്ടിലിൽ നിന്നും കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചപ്പോൾ കാൽത്തള തൊട്ടിലിൽ ഉടക്കി. കലിപൂണ്ട അനിൽ കുഞ്ഞിനെ തൊട്ടിലിലേക്ക് ഇട്ട ശേഷം ശക്തിയായി കതകിൽ ഇടിപ്പിക്കുകയായിരുന്നു.
ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരുടേയും രണ്ടാമത്തെ വിവാഹബന്ധമാണിത്. പെൺകുഞ്ഞുണ്ടായതിൽ അനിലിന് ദേഷ്യമുണ്ടായിരുന്നു. ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ സിമ്പിച്ചൻ ജോസഫിൻറെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here