കാൽ മണിക്കൂറിൽ രണ്ട് തിരക്കഥ വായിച്ച് ‘തള്ളി’ ശ്രീനിവാസൻ; പൊളിച്ചടുക്കി രജിഷ് കുമാർ

sreenivasan

എല്ലാ വിഷയങ്ങൾക്കും സ്വന്തം അഭിപ്രായവും കാഴ്ചപ്പാടുകളുമുള്ള നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയ്ക്ക് തന്നെ വഴിയിട്ടിരിക്കുകയാണ്. താൻ വായിച്ച തിരക്കഥകളുടെ എണ്ണം പറഞ്ഞാണ് ശ്രീനിവാസൻ കണക്ക് വിദ്വാൻമാർക്ക് ഒരവസരം നൽകിയിരിക്കുന്നത്.

45,83000 തിരക്കഥകൾ ശ്രീനിവാസൻ ഇതിനോടകം വായിച്ചിട്ടുണ്ടത്രേ…നടൻ മുകേഷിന്റെ മകൻ ശ്രാവണിന്റെ ആദ്യ ചിത്രം കല്യാണത്തിന്റെ പൂജയ്ക്കിടെ സംസാരിക്കവെയാണ് താൻ വായിച്ച് തള്ളിയ തിരക്കഥയുടെ എണ്ണം ശ്രീനിവാസൻ പറയുന്നുത്.

61 കാരനായ ശ്രീനിവാസൻ ഇത്രയും തിരക്കഥകൾ വായിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം ഒരു വർഷം എത്ര തിരക്കഥകൾ വായിച്ചുകാണും എന്ന് തുടങ്ങി ഒരു തിരക്കഥ വായിക്കാൻ എടുക്കുന്ന സമയം വരെ ഹരിച്ചും ഗുണിച്ചും കണ്ടെത്തി കൊടുത്തിരിക്കുകയാണ് അധ്യാപകനായ രജിഷ് കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. 15 മിനുട്ടിൽ ശ്രീനിവാസൻ 2 തിരക്കഥകൾ വായിച്ചു തള്ളിയിരിക്കും എന്നാണ് രജിഷ് പറയുന്നത്.

സയൻസ് വിഷയങ്ങളിലും അവയവദാനത്തിലുമെല്ലാം അഭിപ്രായം പറയുമ്പോൾ അത് തെളിയിക്കാൻ ശാസ്ത്രീയ വഴികൾ ഉണ്ടായെന്ന് വരില്ല, പക്ഷേ കണക്ക് കൃത്യമായി പ്രൂവ് ചെയ്യാം എന്നും രജീഷ് പറയുന്നു… തള്ളുമ്പോൾ അൽപ്പം മയത്തിൽ തള്ളണമെന്ന് സാരം…

രജിഷ് കുമാറിന്റെ പോസ്റ്റ് ഇങ്ങനെ

ങ്ങള് ദയവ് ചെയ്ത് മെഡിക്കൽ സയൻസിൽ മാത്രം തള്ളിയാൽ മതി..
കണക്ക് പറയരുത്…
ചക്ക തിന്നാൽ എയ്ഡ്സ് മാറുമെന്നും അവയവ മാറ്റത്തെ കുറിച്ചും എന്തും പറയാം..
അത് പ്രൂവ് ചെയ്യാൻ വല്യ പാടാണ്…
അത് പോലല്ല കണക്ക്…!

താങ്കൾ ജനിച്ച അന്നു മുതൽ അക്ഷരാഭ്യാസമുള്ളയാളാണെന്നും മുലപ്പാലിന് മുന്നെ തന്നെ തിരക്കഥ വായിക്കാൻ തുടങ്ങീന്നും ഞങ്ങൾ കണക്ക് കാര് ആദ്യം Assume ചെയ്യട്ടെ…
ഞങ്ങ കണക്ക് കാര് അങ്ങനെയാ എന്തും കേറിയങ്ങ് സങ്കൽപ്പിക്കും..
ഇപ്പം അങ്ങേക്ക് 61 വയസ്..
അപ്പം താങ്കൾ ഒരു വർഷം വായിച്ചു തള്ളിയ തിരക്കഥകളുടെ എണ്ണം = 4583000/61 =75,131.1475

അപ്പം ഒരു വർഷം ശരാശരി 75131 തിരക്കഥകൾ…

ഒരു വർഷത്തിൽ 365 ദിവസം..
സോറി… കാൽ കുറച്ചൂന്ന് വേണ്ട… 365 l/4

അപ്പം ഒരു ദിവസം വായിച്ചു തള്ളിയത് = 75131/365.25 =205.697467.

ഒരൂസം 205 തിരക്കഥ…

മെഡിക്കൽ സയൻസ് ഒക്കെ കലക്കി കുടിച്ച ഇങ്ങേര് ഉറങ്ങാതെ തിരക്കഥ വായിക്കാനുള്ള സിദ്ധി കിട്ടിയ ആളാണെന്ന് കരുതാം..

ദിവസം 24 മണിക്കൂർ…

അപ്പം 1 മണിക്കൂറിൽ ഇദ്ദേഹം വായിച്ചു തള്ളിയത് = 205/24 =8.54166667

ഒരു മണിക്കൂറിൽ എട്ടിലധികം തിരക്കഥകൾ…

കാൽ മണിക്കൂറോണ്ട് രണ്ട് തിരക്കഥകൾ..

ജീവിതത്തിൽ മറ്റൊന്നും ചെയ്യാതെ വായിച്ചോണ്ടിരുന്നാൽ ഒരു തിരക്കഥയ്ക്ക് ഏഴര മിനിറ്റ്…

ഇനീപ്പം എന്ത് ഔഷധം കഴിച്ചാണ് ഈ സിദ്ധി കിട്ടിയത് ന്ന് അറിഞ്ഞാൽ എനിക്കൊരു പാട് വായിക്കാനുണ്ടായിരുന്നു…

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top