”അയാൾ വരും; ആ ഹർദിക്… നാശം”

ഇന്നലെ രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ രാജ്യസഭാ തെരഞ്ഞെടുപ്പ് ബി ജെ പിയ്ക്ക് മറ്റൊരു തലവേദന സൃഷ്ട്ടിക്കും. ”ഇനിയിപ്പോൾ അയാൾ വരും. വീണ്ടും തലവേദന ആകും. അയാൾ ആ ഹർദിക്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും നാശം അതാ.” ഗുജറാത്ത് ബി.ജെ.പിയിലെ ഇന്നത്തെ പല്ലവികളെല്ലാം ഏതാണ്ട് ഇതേ പ്രവർത്തകന്റെ വാക്കുകൾ പോലെ തന്നെ. ഹർദിക് പട്ടേലിനെ എന്തിനാണ് ബി ജെ പി ഭയക്കുന്നത്? ഇന്നലെ നടന്ന് ഇന്ന് പുലർച്ചെ ഫലം വന്ന രാജ്യസഭാ തെരഞ്ഞെടുപ്പുമായി ഹർദിക് പട്ടേലിന് എന്താണ് ബന്ധം ?
‘പട്ടേൽ’ എഫക്ട്
അമിത്ഷായ്ക്കും മോദിയ്ക്കും ഒരേ സമയം പ്രഹരമേൽപ്പിച്ച ‘പട്ടേൽ ‘ പ്രക്ഷോഭം വീണ്ടും ആളിപ്പടരാൻ ഈ തെരഞ്ഞെടുപ്പ് ഫലം കാരണമാകും. ഹർദിക് പട്ടേൽ നയിച്ച പ്രക്ഷോഭം ഇപ്പോഴും ബി ജെ പിയ്ക്ക് കനത്ത വെല്ലുവിളിയാണ്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ ബിജെപി എം എല്‍ എ ആയ നളിന്‍ കൊട്ടോഡിയ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് വോട്ടു ചെയ്തതായി പരസ്യമായി പ്രഖ്യാപിച്ചത്. അതിനു നളിന്‍ കൊട്ടോഡിയ പറഞ്ഞ ന്യായം ആണ് ശ്രദ്ധേയം. ബിജെപി പാട്ടേല്‍ സമുദായത്തെ അവഗണിക്കുന്നു എന്ന പരാതി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോണ്‍ഗ്രസിന് വോട്ടു ചെയ്ത കാര്യം പ്രഖ്യാപിച്ചത്. നേരത്തെ ജി പി പി സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ശേഷം പിന്നീട് ബിജെപിയില്‍ ലയിച്ച എം എല്‍ എ യാണ് നളിന്‍.
അതായത് ‘പട്ടേൽ ‘ വിഷയത്തിൽ ഭരണകക്ഷിയിലെ ഒരു എം.എൽ.എ. ഇത്രയും നിർണായകമായ ഒരു ഘട്ടത്തിൽ അമിത്ഷായെയും മോദിയെയും വെല്ലുവിളിച്ച് വോട്ട് മാറ്റി ചെയ്തെങ്കിൽ ആ വിഷയം കത്തിപ്പടരാൻ അതൊരു കാരണമാകും എന്നതിൽ സംശയം ഇല്ല. ഒട്ടും മങ്ങലേറ്റിട്ടില്ലാത്ത ഹർദിക് പ്രഭാവം അതിന്റെ പതിന്മടങ്ങു ശക്തിയിൽ ജ്വലിക്കുമെന്ന് ബി ജെ പി ക്യാമ്പുകൾ വിലയിരുത്തുന്നതിന് കാര്യവും മറ്റൊന്നല്ല.
ഗുജറാത്ത് ബി ജെ പിയ്ക്ക് കൈവിടുമോ ?
കേന്ദ്ര – സംസ്ഥാന ഭരണം കയ്യാളുന്ന ബി ജെ പി എന്ന പാര്‍ട്ടിയ്ക്ക് തങ്ങളുടെ സ്വന്തം ചേരിയില്‍ വോട്ടു ചോര്‍ച്ച ഉണ്ടായി എന്നത് വലിയ അപമാനമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരും എന്ന വിലയിരുത്തലിൽ പട്ടേൽ സമുദായ അംഗമായ ആനന്ദി ബെൻ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമിത്ഷാ പുറത്താക്കിയതിന്റെ കൃത്യം ഒരു വർഷം തികഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് പട്ടേൽ വിഷയം വീണ്ടും ബി ജെ പിയെ ശല്യം ചെയ്തത്. ഒരു എം.എൽ.എ. വോട്ടു മാറ്റി ചെയ്തു എന്നത് ബി.ജെ.പിയെ തകർത്തു എന്ന വിലയിരുത്തൽ ശരിയല്ല. ഒരു അഹമ്മദ് പട്ടേൽ ജയിച്ചത് കൊണ്ട് കോൺഗ്രസ് സംസ്ഥാനത്ത് തിരിച്ചു വരും എന്ന് അർത്ഥവുമില്ല. അതെ സമയം ബി.ജെ.പി. വിരുദ്ധ ശക്തികൾ എല്ലാവരും ഒന്നിച്ചു നിന്നാൽ ഒരു പക്ഷെ സംസ്ഥാനത്ത് അടുത്ത തെരഞ്ഞെടുപ്പിൽ ബി ജെ പി കടന്നു കൂടില്ല എന്ന് വിലയിരുത്താം. ഹർദിക് പട്ടേൽ , ജിഗ്നേഷ് മേവാനി, ചന്ദ്രശേഖർ ആസാദ് പോലുള്ളവർ ഉയർത്തിയ ജാതി രാഷ്ട്രീയവും കൂടി ഇവർക്കൊപ്പം ചേർന്നാൽ കാര്യങ്ങൾ ബി.ജെ.പി.യ്ക്ക് ഒട്ടും ശോഭനമാകില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here