ഗാന്ധിജയന്തി ദിവസം രാജസ്ഥാനിൽ അവധിയില്ല; ഒക്ടോബർ രണ്ട് പ്രവർത്തി ദിവസം

രാജസ്ഥാനിൽ ഗാന്ധിജയന്തി ഇനി ആഘോഷമല്ല. ഈ വർഷം ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയ്ക്ക് രാജസ്ഥാനിലെ സർവ്വകലാശാലകൾക്ക് അവധി നൽകില്ല. രാജസ്ഥാൻ ഗവർണർ ഔദ്യോഗിക അവധിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കലണ്ടറിൽ ഗാന്ധി ജയന്തി ഇല്ല. പകരം ഒക്ടോബർ രണ്ട് പ്രവർത്തി ദിവസമാണ്.
ഗുരു നാനാക്ക്, ബിആർ അംബേദ്കർ, മഹാവീര, മഹാറാണ പ്രതാപ് എന്നിവരുടെ ജന്മദിനത്തിന് കലണ്ടറിൽ അവധി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് നൽകി വന്നിരുന്ന അവധി എടുത്തുകളഞ്ഞു.
രാജസ്ഥാനിലെ ബിജെപി സർക്കാർ രണ്ട് മാസങ്ങൾക്കു മുമ്പ് അവധി സംബന്ധിച്ച പട്ടിക 12 സർവ്വകലാശാലകൾക്ക് കൈമാറിയിരുന്നു. ഇതിൽ ചില സർവ്വകലാശാലകൾ ഈ പട്ടിക അംഗീകരിച്ചു. ബാക്കിയുള്ള സർവ്വകലാശാലകൾ ഔദ്യോഗിക യോഗം ചേർന്നതിനു ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനമെടുക്കുക.
സംസ്ഥാനത്ത് ഗാന്ധി ജയന്തി ദിവസം സ്‌കൂളുകളിലും കോളേജുകളിലും വിവിധ ആഘോഷപരിപാടികൾ നടക്കുന്നതിനാലാണ് ഒക്ടോബർ 2 അവധിയായി പ്രഖ്യാപിക്കാത്തതെന്നാണ് സംഭവത്തോട് വിദ്യാഭ്യാസ മന്ത്രി കിരൺ മഹേശ്വരി പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here