ന്യൂസ് 18 നിൽ പിരിച്ചുവിടൽ ഭീഷണി; മാധ്യമപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

tv-news-channel

ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന ഭീഷണിയെ തുടർന്നാണ് ആത്മഹത്യയ്തക്ക് ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് മേലുദ്യോഗസ്ഥരായ നാല് പേർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ വഞ്ചിയൂർ എസ് ഐ മാധ്യമപ്രവർത്തകയുടെ മൊഴിയെടുത്തു.

ചാനലിന്റെ തുടക്കം മുതൽ ഒപ്പമുള്ള മാധ്യമപ്രവർത്തകരെ മാനസികമായി അവഹേളിക്കുന്നതായും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കെയുഡബ്ലുജെ ജനറൽ സെക്രട്ടറി നാരായണൻ സി തളിയിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

ജോലി മികവില്ലെന്നും പിരിച്ചുവിടുമെന്നും അല്ലെങ്കിൽ സ്വയം കിട്ടുന്നതും വാങ്ങി പിരിഞ്ഞുപോകണമെന്നുമാണ് നിരന്തരമായി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

ഭീഷണിപ്പെടുത്തി ഫോണിലൂടെ വാക്കാൽ പിരിച്ചുവിടുക, യാതൊരു കാര്യവും രേഖാമൂലം നൽകാതിരിക്കുക, പ്രതിഷേധിച്ചാൽ ഇനി ഒരിടത്തും ജോലി കിട്ടാതാവും, കരിയർ നശിച്ചു പോകും എന്ന് മാനസിക പീഢനം നടത്തുക ഇതൊക്കെയാണ് ന്യൂസ് 18 നിൽ നടക്കുന്നത്.

ഷോപ്‌സ് ആന്റ് അദർ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് ആണെങ്കിൽ അതാവട്ടെ, ഏതെങ്കിലും നിയമം അനുസരിച്ചല്ലാതെ ഒരു സ്ഥാപനത്തിനും ജീവനക്കാരെ തോന്നിയപോലെ കൈകാര്യം ചെയ്യാനാവില്ല. മാധ്യമസ്ഥാപനമായതു കൊണ്ടു മാത്രം നാട്ടിലെ തൊഴിൽ നിയമങ്ങളൊന്നും പാലിക്കേണ്ട എന്നില്ല എന്നു മാത്രമല്ല, അവ പാലിച്ച് മാതൃകയാകാൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്നും നാരായണൻ സി തളിയിൽ വ്യക്തമാക്കുന്നു.

നാരായണൻ സി തളിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ന്യൂസ്‌ 18 എന്ന മലയാളം വാര്‍ത്താ ചാനലില്‍ ഒരു പറ്റം ജേര്‍ണലിസ്‌റ്റുകളെ തിരഞ്ഞു പിടിച്ചുള്ള തൊഴില്‍പീഢനം അസഹ്യമായിരിക്കുകയാണ്‌. ചാനലിന്റെ തുടക്കം തൊട്ട്‌ അഹോരാത്രം ജോലി ചെയ്‌ത കുറേ ജേര്‍ണലിസ്‌റ്റുകളാണ്‌ മാനസികമായുള്ള അവഹേളനവും പിരിച്ചുവിടല്‍ ഭീഷണിയും നേരിടുന്നത്‌. ഇവരില്‍ വനിതാ ജേര്‍ണലിസ്റ്റുകളും ഉള്‍പ്പെടുന്നു.

ജോലി മികവില്ല എന്ന കാരണം വെറുതെ പറഞ്ഞ്‌ നിങ്ങള്‍ ഇപ്പോള്‍ രാജിവെച്ചു പോയ്‌ക്കൊള്ളണം എന്നാണ്‌ പലരോടും ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുന്നത്‌. ഇവരെല്ലാം എത്രയോ വര്‍ഷങ്ങള്‍ വിവിധ ചാനലുകളില്‍ ജോലി ചെയ്‌ത്‌ പരിചയമുള്ള മികച്ച ജേര്‍ണലിസ്റ്റുകളാണ്‌. മികച്ച അവസരവും ശമ്പളവും തേടിയാണിവര്‍ ന്യൂസ്‌ 18-ല്‍ എത്തിയത്‌. ചാനലിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഹൈദരാബാദില്‍ ന്യൂസ്‌ ഡസ്‌ക്‌ ഉണ്ടാക്കി ആരംഭിച്ചപ്പോള്‍ അവിടെ പോയി ജോലി ചെയ്‌തവരാണ്‌ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നവരില്‍ ചിലര്‍.

പിരിച്ചുവിടുമെന്നും അല്ലെങ്കില്‍ സ്വയം കിട്ടുന്നതും വാങ്ങി പിരിഞ്ഞു പോയ്‌ക്കൊള്ളണമെന്നുമാണ്‌ നിരന്തരം ഭീഷണി. രാജ്യത്തെ യാതൊരു തൊഴില്‍ ചട്ടങ്ങളും തങ്ങള്‍ക്ക്‌ ബാധകമല്ലെന്ന നിലയിലാണ്‌ എച്ച്‌.ആര്‍.മാനേജരുടെയും അടുത്ത കാലത്ത്‌ മാത്രം ചുമതല ഏറ്റെടുത്ത എഡിറ്റോറിയല്‍ മേധാവിയുടെയും ധിക്കാരപരമായ നടപടികള്‍ എന്ന്‌ പറയാതെ വയ്യ.

നാട്ടിലെ നാനാ കാര്യങ്ങളെയും വിമര്‍ശിച്ച്‌ നന്നാക്കുന്ന ചിലരെങ്കിലും ഉയര്‍ന്ന സ്ഥാനങ്ങളിലെത്തുമ്പോള്‍ തനി തൊഴിലാളിപീഢകരാകുന്ന സ്ഥിതി മാധ്യമസ്ഥാപനങ്ങളില്‍ ഉണ്ട്‌. മുമ്പ്‌ പറഞ്ഞു ശീലിച്ച ജനാധിപത്യമര്യാദകളും പ്രതിപക്ഷബഹുമാനമൊന്നും ഉയര്‍ന്ന കസേരയിലമര്‍ന്നു കഴിഞ്ഞാല്‍ ചിലരില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷമാകും. ആദര്‍ശം നമ്മളൊഴികെ ബാക്കി എല്ലാവരും പാലിക്കാനുള്ളതാണ്‌ എന്ന മട്ട്‌.

ഇത്‌ ചിലരുടെ മാത്രം രൂപപരിണാമമാണ്‌. അതിനു പിറകിലെ മാനസികാവസ്ഥ എന്തായാലും കേരളീയ സമൂഹത്തില്‍ അത്‌ വിലപ്പോവുന്നതല്ല. ഭീഷണിപ്പെടുത്തി ഫോണിലൂടെ വാക്കാല്‍ പിരിച്ചുവിടുക, യാതൊരു കാര്യവും രേഖാമൂലം നല്‍കാതിരിക്കുക, പ്രതിഷേധിച്ചാല്‍ ഇനി ഒരിടത്തും ജോലി കിട്ടാതാവും, കരിയര്‍ നശിച്ചു പോകും എന്ന്‌ മാനസിക പീഢനം നടത്തുക ഇതൊക്കെയാണ്‌ മിഡില്‍ മാനേജര്‍മാരുടെ രീതികള്‍. ഇത്‌ ഉന്നതങ്ങളില്‍ അവതരിപ്പിക്കുന്നത്‌ വേറെ ഏതെങ്കിലും വിധത്തിലായിരിക്കും.

മീനു ബഷീര്‍ എന്ന ജേര്‍ണലിസ്റ്റിനെ നേരത്തെ നിര്‍ബന്ധിച്ച്‌ രാജിവെപ്പിച്ചു. ഇപ്പോള്‍ പ്രമുഖയായ വനിതാജേര്‍ണലിസ്റ്റ്‌( ഇവര്‍ ആദ്യ മുഴുവന്‍ സമയ ന്യൂസ്‌ ചാനലായ ഇന്ത്യാവിഷന്‍ തൊട്ട്‌ വിഷ്വല്‍ മീഡിയയില്‍ സജീവമാണ്‌) ഉള്‍പ്പെടെ ഏഴുപേരെ മാനസികമായി സമ്മര്‍ദ്ദം ചെലുത്തുകയും പിരിച്ചുവിടല്‍ ഭീഷണി മുഴക്കുകയും ചെയ്യുന്നു. വനിതകളെ തൊഴില്‍്‌സ്ഥലത്ത്‌ മാനസികമായി സമ്മര്‍ദ്ദപ്പെടുത്തുന്നുണ്ടെങ്കില്‍ അതും ഗൗരവതരമാണ്‌. തലപ്പത്തിരിക്കുന്ന ചിലരുടെ വ്യക്തി താല്‍പര്യങ്ങളാണ്‌ ഇത്തരം സമീപനങ്ങള്‍ക്കു പിന്നിലെന്ന്‌ ജേര്‍ണലിസ്റ്റുകള്‍ തെളിവു സഹിതം വ്യക്തമാക്കുന്നു.

ഷോപ്‌സ്‌ ആന്റ്‌ അദര്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്‌ ആക്ട്‌ ആണെങ്കില്‍ അതാവട്ടെ, ഏതെങ്കിലും നിയമം അനുസരിച്ചല്ലാതെ ഒരു സ്ഥാപനത്തിനും ജീവനക്കാരെ തോന്നിയപോലെ കൈകാര്യം ചെയ്യാനാവില്ല. മാധ്യമസ്ഥാപനമായതു കൊണ്ടു മാത്രം നാട്ടിലെ തൊഴില്‍ നിയമങ്ങളൊന്നും പാലിക്കേണ്ട എന്നില്ല എന്നു മാത്രമല്ല, അവ പാലിച്ച്‌ മാതൃകയാകാന്‍ ഏറെ ബാധ്യതയുണ്ട്‌ പ്രത്യേകിച്ച്‌ മാധ്യമങ്ങള്‍ക്ക്‌.

സാമൂഹ്യബോധത്തിന്‌ എതിരായി മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ച ഒരു മാധ്യമസ്ഥാപനത്തിനും വളര്‍ച്ചയല്ല തളര്‍ച്ചയാണ്‌ കേരളത്തില്‍ നേരിടുക എന്ന യാഥാര്‍ഥ്യം ന്യൂസ്‌ 18 ചാനലിനായി പണം മുടക്കുന്നവരെങ്കിലും മനസ്സിലാക്കുന്നത്‌ വളരെ നല്ലതാണ്‌.

കേവലം നിലനില്‍പിനായി ഉയരുന്ന വിലാപങ്ങള്‍ക്ക്‌, നീളുന്ന കൈകള്‍ക്ക്‌ ശക്തമായ പിന്തുണയുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നില്‍ക്കുക തന്നെ ചെയ്യും. സമൂഹത്തിലെ വിവിധ തൊഴിലാളിവിഭാഗങ്ങളുടെ ശക്തമായ പിന്തുണ ഇക്കാര്യത്തില്‍ തേടുകയും ചെയ്യും. ചാനലിന്റെ ഉന്നതര്‍ക്കും രാജ്യത്തെ ഉന്നത ഭരണകൂടങ്ങള്‍ക്കും ഇതിലൊക്കെ ഇടപെടാനും കഴിയും. അതിന്‌ തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു.

അഹോരാത്രം പണിയെടുക്കുന്നവരുടെ
അതിജീവനത്തിനായി
സര്‍വ്വ പിന്തുണയും…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top