ജയിലില്‍ നിന്ന് നിഷാം മാനേജറെ വിളിച്ച് ഭീഷണിപ്പെടുത്തി

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജയിലില്‍ നിന്ന് സ്വന്തം സ്ഥാപനത്തിലെ മാനേജറെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതി.കിംഗ്സ് സ്പേസ് എന്ന സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരനെയാണ് നിസാം വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഒരു ഫയല്‍ ജയിലില്‍ എത്തിക്കുന്നതിനാണ് ഭീഷണി. ശബ്ദരേഖയടക്കം തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ചന്ദ്രശേഖരന്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
മുഹമ്മദ് നിസാമിൻറെ ഉടമസ്ഥതയിലുളള കിംഗ് സ്പേസ് ബിള്‍ഡേഴ്സ് ആൻറ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തില്‍ വര്‍ഷങ്ങളായി മാനേജറാണ് ചന്ദ്രശേഖരന്‍. ചൊവ്വാഴ്ചയാണ് ഭീഷണി കോള്‍ വന്നത്. ചൊവ്വാഴ്ച രണ്ട് തവണയാണ് നിഷാം വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും ചന്ദ്രശേഖരന്‍ പറയുന്നു. കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ ലാൻറ് ഫോണ്‍ നമ്പറില്‍ നിന്നാണ് നിസാം വിളിച്ചത്. നിസാമിനെ ജയിലില്‍ പോയി കണ്ടപ്പോഴൊക്കെ വളരെ മോശമായാണ് പെരുമാറിയതെന്നും ചന്ദ്രശേഖരന്‍ പറയുന്നു.
തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും പരാതിയിലുണ്ട്.