എറണാകുളത്ത് പട്ടാപ്പകൽ എ ടി എമ്മിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ രക്ഷിച്ച് ബാങ്ക് മാനേജർ

ATM Rape Small Size

എറണാകുളത്ത് കടവന്ത്രയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കുറ്റകൃത്യവും കുറ്റവാളിയും വ്യക്തമായി പതിഞ്ഞ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ അടങ്ങുന്ന തെളിവ് പോലീസിന് ലഭിച്ചു. നഗരത്തിൽ ഒരു സ്വകാര്യകമ്പനിയിലെ ഐ.ടി.വിദഗ്ദ്ധയ്ക്ക് നേരെയാണ് അതിക്രൂരമായ അതിക്രമം നടന്നിരിക്കുന്നത്. അതേസമയം ബാങ്ക് അധികൃതരുടെ കുറ്റകരമായ അനാസ്ഥ കാരണം കുറ്റവാളിയെ പിടികൂടാൻ കഴിഞ്ഞില്ല.

പട്ടാപ്പകൽ കടവന്ത്രയിലെ യൂണിയൻ ബാങ്കിനോട് ചേർന്നുള്ള ബാങ്കിന്റെ തന്നെ എടിഎം കൗണ്ടറിനുള്ളിൽ വച്ചാണ് യുവതിയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണമുണ്ടായത്. യൂണിയൻ ബാങ്ക് എടിഎമ്മിലേക്ക് പണമെടുക്കാനെത്തിയ യുവതിയെ പിന്തുടർന്ന അജ്ഞാതൻ നിമിഷങ്ങൾക്കുള്ളിൽ എടിഎം കൗണ്ടറിൽ കയറി കൂടുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ അസ്വസ്ഥയായ യുവതി പണമിടപാട് പൂർത്തിയാക്കാതെ കൗണ്ടറിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവെ അജ്ഞാതൻ സ്വന്തം വസ്ത്രം അഴിക്കാൻ ആരംഭിച്ചു. എന്നാൽ ഇതുകണ്ട യുവതി അജ്ഞാതന് നേരെ ശബ്ദമുയർത്തി അയാളോട് പുറത്തിറങ്ങാൻ പറഞ്ഞു. പക്ഷേ ഇയാൾ പുറത്തിറങ്ങാതെ യുവതിയെ ആക്രമിക്കാൻ മുതിരുകയുമായിരുന്നു. ഇതോടെ യുവതി കൗണ്ടർ വിട്ട് ബാങ്കിന്റെ ശാഖയിൽ അഭയം തേടി.

‘ഞാൻകൗണ്ടറിൽ കയറി പണമെടുക്കാൻ ശ്രമിക്കുന്നതിനിടെ അയാൾ ഓടി കൗണ്ടറിൽ കയറുകയായിരുന്നു. അപ്രതീക്ഷിതമായി കൗണ്ടറിലേക്ക് അയാൾ കയറിയത് എന്നെ അസ്വസ്ഥയാക്കി. സംഭവം പന്തിയല്ലെന്ന് തോന്നിയതോടെ ഞാൻ കൗണ്ടർ വിടാനൊരുങ്ങി. അപ്പോഴേക്കും അയാൾ പാന്റ് അഴിക്കാൻ തുടങ്ങി. അതുചെയ്തുകൊണ്ട് അയാൾ എന്റെ അടുത്തേക്ക് വരികയായിരുന്നു. ഇത് കണ്ട് ബഹളം വച്ച് ഞാൻ കൗണ്ടറിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.’ – ആക്രമിക്കപ്പെട്ട യുവതി ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

union bankകടവന്ത്ര ജവഹർ നഗറിലെ തിരക്കുള്ള റോഡിന് സമീപത്തുള്ള യൂണിയൻ ബാങ്കിന്റെ പ്രധാന ശാഖയോട് ചേർന്ന് തന്നെയാണ് യുവതിയ്ക്ക് ആക്രമം നേരിട്ട എടിഎം കൗണ്ടറും. എടിഎമ്മിന് സെക്യൂരിറ്റി ഉണ്ടായിരുന്നില്ല. ശാഖയ്ക്ക് ഉള്ളിലെത്തിയ യുവതി സഹായമഭ്യർത്ഥിച്ചിട്ടും ഇത്തരമൊരു സംഭവത്തിലെ സ്വാഭാവിക പരിഗണന പോലും അവർ ഇതിന് നൽകിയില്ല.

‘ ബാങ്ക് മാനേജരെ കണ്ട്, ഞാൻ നേരിട്ട ദുരനുഭവം പറയാമെന്നും അദ്ദേഹം നടപടി സ്വീകരിക്കുമെന്നും കരുതിയാണ് ബാങ്കിലേക്ക് തന്നെ ഓടിക്കയറിയത്. എന്നാൽ മാനേജർ അതിദാരുണമായാണ് എന്നോട് പ്രതികരിച്ചത്. മാനുഷിക പരിഗണന നൽകി അദ്ദേഹം പെരുമാറിയിരുന്നെങ്കിൽ അയാളെ അവിടെ വച്ച് ആ നിമിഷം തന്നെ പിടികൂടാമായിരുന്നു ‘ – യുവതി ട്വന്റിഫോർ ന്യൂസിനോട് വെളിപ്പെടുത്തി.

ബാങ്ക് മാനേജർ തന്റെ അധികാരവും ഉത്തരവാദിത്വവും യഥാസമയം വിനിയോഗിച്ചിരുന്നെങ്കിൽ കുറ്റവാളി പിടിയ്ക്കപ്പെടുമായിരുന്നു. അത് അടിവരയിടുന്നതാണ് യുവതിയുടെ വെളിപ്പെടുത്തൽ.

‘ഏറെ നേരം കാത്തിരുന്നതിന് ശേഷമാണ് ബാങ്ക് മാനേജർ എന്നോട് സംസാരിക്കാൻ തയ്യാറായത്. സംഭവത്തിൽ ഭയന്നിരുന്ന എന്നെയോ അയാളെ പിടികൂടുന്നതോ ആയിരുന്നില്ല മാനേജരുടെ വിഷയം. എന്റെ പ്രശ്‌നങ്ങൾ കേൾക്കാതെ ദീർഘ നേരം ഫോണിൽ സംസാരിക്കുകയായിരുന്നു മാനേജർ. ഒടുവിൽ വിവരങ്ങൾ ധരിപ്പിച്ചപ്പോൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കട്ടെ എന്നാണ് മറുപടി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവം നടന്നുവെന്ന് വ്യക്തമായതിന് ശേഷവും പോലീസിനെ വിളിയ്ക്കാനോ വേണ്ട നടപടി സ്വീകരിക്കാനോ ബാങ്ക് മാനേജർ തയ്യാറായില്ല. പകരം പരാതി എഴുതി നൽകിയാൽ ബാങ്കിന്റെ ഉയർന്ന തലങ്ങളിലേക്ക് കൈമാറാമെന്നും അവരുടെ നിർദ്ദേശ പ്രകാരം മാത്രം നടപടി എന്നുമായിരുന്നു യൂണിയൻ ബാങ്ക് മാനേജരുടെ നിലപാട് ‘ യുവതി വ്യക്തമാക്കി.

union bank atm

ഇതോടെ ബാങ്ക് മാനേജരിൽ പ്രതീക്ഷ നഷ്ടപ്പെട്ട യുവതി അടുത്തുതന്നെയുള്ള താൻ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകരെ സഹായമഭ്യർത്ഥിച്ച് വിളിച്ചു. യുവതിയുടെ ഓഫീസിലെ എംഡിയും മറ്റ് ജീവനക്കാരും സ്ഥലത്തെത്തി. അവർ ബാങ്ക് മാനേജരോട് പോലീസിനെ വിവരം ധരിപ്പിക്കാൻ അഭ്യർത്ഥിച്ചു. ബാങ്ക് ശാഖയും എടിഎമ്മുമടങ്ങുന്ന സ്ഥലം ബാങ്ക് മാനേജരുടെ അധികാര പരിധിയിലായതിനാൽ അവിടെ നിന്നുള്ള പരാതിയാണ് യുക്തമെന്ന് യുവതിയും സഹപ്രവർത്തകരും ആ സാഹചര്യത്തിൽ വിശ്വസിച്ചു. എന്നാൽ മാനേജർ തന്റെ മുൻ തണുപ്പൻ നിലപാട് കൂടുതൽ നിരുത്തരവാദപരമായി തുടർന്നു. അതോടെയാണ് പോലീസിൽ നേരിട്ട് പരാതി നൽകാൻ അവർ തീരുമാനിച്ചത്. പരാതി നൽകിയതിനെ തുടർന്ന് രണ്ട് മിനുട്ടിൽ താഴെ സമയം കൊണ്ട് കടവന്ത്ര പോലീസ് സ്ഥലത്തെത്തി ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തു. കുറ്റവാളിയ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.

പട്ടാപ്പകൽ ഇത്തരത്തിലൊരു ആക്രമണം, അതും കൊച്ചിയിലെ കടവന്ത്ര പോലെ തിരക്കുള്ള ഒരു നഗരത്തിൽ താൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇത്തരമൊരു അവസ്ഥ ഒരു സ്ത്രീയ്ക്കും ഉണ്ടാകരുത്. ഇനി ഒരു സ്ത്രീയോടും അയാൾ ഇങ്ങനെ പെരുമാറരുത്. അതുകൊണ്ടുതന്നെ പരാതിയുമായി മുന്നോട്ട് പോകുമെന്നും യുവതി ട്വന്റിഫോർ ന്യൂസിനോട് വ്യക്തമാക്കി.

ഇവിടെ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച ആവർത്തിക്കപ്പെടാൻ പാടുള്ളതല്ല. ഒരു ബാങ്ക് ഉദ്യോഗസ്ഥരും ഈ സംഭവത്തെ ന്യായീകരിക്കുമെന്നും കരുതുന്നില്ല. ഇത്തരം സംഭവങ്ങളിൽ എത്രയും വേഗം പോലീസ് സഹായം തേടുക എന്ന സാമാന്യ യുക്തിപോലും പ്രയോഗിക്കാത്ത സാഹചര്യം ഒഴിവാക്കുക തന്നെ വേണം. ബാങ്കുകളുടെ കൺസോർഷ്യം ബന്ധപ്പെട്ട കുറ്റവാളികൾക്ക് താക്കീത് നൽകുമെന്ന് കരുതാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top