ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടു; വജ്രജൂബിലി ആഘോഷങ്ങളിൽ എജിയെ ഉൾപ്പെടുത്തും

ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടർന്ന് കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന വേദിയിൽ അഡ്വക്കറ്റ് ജനറലിനെ ഉൾപ്പെടുത്താൻ തീരുമാനമായി.
അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌ക്കരിക്കാൻ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ അസോസിയേഷൻ തീരുമാനമെടുക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധം ശ്രദ്ധയിൽ പെട്ട ചീഫ് ജസ്റ്റീസ്, അസോസിയേഷൻ നേതാക്കളെ വിളിപ്പിക്കുകയും അഡ്വക്കറ്റ് ജനറലിനെ വേദിയിൽ ഉൾപ്പെടുത്തുമെന്ന് അറിയിക്കുകയുമായിരുന്നു.
സുരക്ഷാ കാരണങ്ങളാൽ 7 ൽ കുടുതൽ പേരെ വേദിയിൽ ഉൾപ്പെടുത്താനാവില്ലെന്ന കാരണം പറഞ്ഞാണ് എ ജി യെ വേദിയിൽ നിന്ന് ഒഴിവാക്കിയത്. ഭരണഘടനാ പദവിയുള്ള അധികാര കേന്ദ്രമായ എ ജി യെ ഒഴിവാക്കിയതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് സർക്കാർ അഭിഭാഷകർ വജ്ര ജൂബിലി സമാപന സമ്മേളനം ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചത്. ഈ മാസം 28 ന് ഹൈക്കോടതി അങ്കണത്തിലാണ് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി.