സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും

ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും.നവംബര്‍ നാലിന് മധ്യപ്രദേശിലെ ഇന്ദോറിലാണ് വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിക്കുന്ന ചടങ്ങ് നടക്കുക. കേരളത്തിലും ആഘോഷങ്ങള്‍ നടക്കും. സിസ്റ്ററെ വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കല്‍പന കര്‍ദിനാള്‍ ആഞ്ജലോ അമാത്തോ ലത്തീനിലും , സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ടെലസ്ഫോര്‍ ടോപ്പോ മാര്‍പ്പാപ്പയുടെ പ്രഖ്യാപനം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തും. പന്ത്രണ്ടായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കും. എറണാകുളത്തേക്ക് കൊണ്ട് വരുന്ന തിരുശേഷിപ്പ് പുല്ലുവഴി പള്ളിയില്‍ സൂക്ഷിക്കും. ഇതോടെ പുല്ലുവഴി സെന്റ് തോമസ് പള്ളി അതിരൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമാകും.
പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ പരേതനായ പൈലിയുടേയും ഏലീശ്വയുടേയും മകളായിരുന്നു സിസ്റ്റര്‍ റാണി. 1995 ഫെബ്രുവരി 25ന് ഇന്റോറില്‍ വച്ചാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്.എഫ് സിസി സന്യാസ സഭാംഗമായ മധ്യപ്രദേശില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു സിസ്റ്റര്‍. വാടക കൊലയാളിയായ സമന്ദര്‍ സിങ്ങാണ് സിസ്റ്ററിനെ കൊന്നത്. നാല്‍പത്തിയൊന്നാം വയസ്സിലാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്.കൊലയാളി ജയിലില്‍ കിടന്ന് മാനസാന്തരപ്പെടുകയും സിസ്റ്ററിന്റെ വീട്ടിലെത്തി മാപ്പ് ചോദിക്കുകയും ചെയ്തു. അവര്‍ ഇയാളെ മകനായി സ്വീകരിച്ചതും വലിയ വാര്‍ത്തയായിരുന്നു.
ബസ് യാത്രയ്ക്കിടെ മറ്റ് യാത്രക്കാരുടെ മുന്നിലിട്ട് അമ്പത്തിനാല് കുത്താണ് സമന്ദര്‍ സിംഗ് സിസ്റ്ററെ കുത്തിയത്. കൊലപാതകം ചെയ്യുമ്പോള്‍ 22വയസ്സാണ് ഇയാള്‍ക്ക്. കോടതി ആദ്യം വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. സിസ്റ്റര്‍ റാണി മരിയയുടെ സഹോദരിയും കന്യാസ്ത്രീയുമായ സെല്‍മി ജയില്‍വാസത്തിനിടെ സമുന്ദര്‍ സിംഗിന്റെ കൈയില്‍ എല്ലാ വര്‍ഷവും രാഖി കെട്ടിയിരുന്നു.
ഇപ്പോള്‍ ദൈവദാസി എന്ന ഗണത്തിലാണ് സിസ്റ്റര്‍. രക്തസാക്ഷിത്വം വഹിച്ച വ്യക്തി എന്ന നിലയിലാണ് നാമകരണ നടപടികള്‍ വേഗത്തിലാക്കിയത്. ഇന്റോര്‍ ഉദയനഗറിലെ ശാന്തി നഗര്‍ പള്ളിയിലെ കബറിടത്തില്‍ നിന്ന് സിസ്റ്ററിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കഴിഞ്ഞ നവംബറില്‍ പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here