ഗെയില്‍ സംഘര്‍ഷം ഉണ്ടാക്കിയത് പുറത്ത് നിന്നുള്ളവരെന്ന് പോലീസ്; നടന്നത് പോലീസ് സ്റ്റേഷന്‍ ആക്രമണം

gail

ഇന്നലെ ഗെയില്‍ വാതകക്കുഴലിനെതിരെ മുക്കെ എരഞ്ഞിമാവില്‍ അക്രമം അഴിച്ച് വിട്ടത് പുറത്ത് നിന്നുള്ളവരെന്ന് പോലീസ്. ഗെയില്‍ വിരുദ്ധ സമിതിക്കാര്‍ എന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് എത്തിയവരാണ് സമരം ഉണ്ടാക്കിയത്.മുക്കത്ത് നടന്നത് പോലീസ് സ്റ്റേഷന്‍ ആക്രമണമാണെന്നും പോലീസ് അറിയിച്ചു.  റൂറല്‍ എസ്പി പുഷ്കരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ളവരാണ് അക്രമം നടത്തിയത്. എന്നാല്‍ ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും നാട്ടുകാര്‍ പിടിയിലാകുകയുമാണ് ഉണ്ടായതെന്ന് പോലീസ് മേധാവി അറിയിച്ചു. ഇന്നലെ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗെയില്‍ അധികൃതര്‍ എത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ അഞ്ഞൂറുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇന്നലെ അറസ്റ്റ് ചെയ്ത 32പേരെ റിമാന്റ് ചെയ്തു.  അതേസമയം പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചിട്ടുണ്ട്. കാരശ്ശേരി, കൊടിയത്തൂര്‍, കീഴുപറമ്പ്, പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

gail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top