‘ലീസ് സ്‌കാനിയ’ ഇടപാട് അഴിമതി; തോമസ് ചാണ്ടിയുടെ തന്നിഷ്ടം അതിരുകടക്കുന്നു

എതിർപ്പുകൾ വക വയ്ക്കാതെ മന്ത്രി തോമസ് ചാണ്ടി ആരംഭിച്ച ‘ലീസ് സ്‌കാനിയ’ പദ്ധതിക്ക് പിന്നിൽ വൻ അഴിമതി. കോടികൾ ഖജനാവിൽ നിന്നും സ്വകാര്യ കമ്പനിയിലേക്ക് കുത്തിയൊഴുക്കാൻ മാത്രം പ്രയോജനപ്പെടുന്ന പദ്ധതി ആദ്യ ദിവസം മുതൽ തന്നെ നഷ്ടക്കണക്കുകൾ നിരത്തി ദയനീയ പരാജയത്തിലേക്ക്.

അന്തര്‍സംസ്ഥാന ദീര്‍ഘദൂര സര്‍വീസുകള്‍ ലക്ഷ്യമിട്ട് സ്വകാര്യ ഓപറേറ്ററില്‍ നിന്ന് വാടകക്കെടുത്ത് പുറത്തിറക്കാനിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകളുടെ ഉദ്ഘാടന ചടങ്ങ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി പിന്മാറിയതോടെ റദ്ദാക്കിയിരുന്നു. നവംബർ 1 മുതൽ തന്നെ ഉത്ഘാടനമില്ലാതെ സ്‌കാനിയ നിരത്തിലിറങ്ങി. മന്ത്രിയുടെ വാശിയിലാണ് ഈ പുതിയ പരിഷ്‌കാരം നടപ്പിലാക്കിയതെന്ന് അന്നേ വിമർശനവും ഉയർന്നിരുന്നു. എന്നാൽ മന്ത്രിയുടെ വാശിക്ക് വേണ്ടി ബസുകൾ വാടകയ്ക്ക് നൽകുന്ന സ്വകാര്യ കമ്പനിയ്ക്ക് കോടികൾ തന്നെ പൊതുഖജനാവിൽ നിന്നും നൽകേണ്ടി വരും.

ആ വാശി വെറും വാശിയല്ല !

മന്ത്രിയുടെ വാശി വെറും വാശിയല്ലന്നും അത് കോടികളുടെ അഴിമതി നടത്താൻ ഒരു സ്വകാര്യ വ്യക്തിക്ക് കളമൊരുക്കിക്കൊടുത്തതാണെന്നും വെളിപ്പെടുന്നു.

നന്ദര്‍ പുരുഷോത്തമൻ മാനേയുടെ സഹോദരന്‍ വിക്രം പുരുഷോത്തമൻ മാനേ

scania 1

മലയാളികൾക്ക് അത്ര പരിചയമുള്ളവരല്ല ഇവർ രണ്ടു പേരും. ഈ മാനേ സഹോദരന്മാർ അങ്ങ് മുംബൈയിൽ അരങ്ങു തകർക്കുന്ന ബിസ്സിനസ്സുകാരും രാഷ്ട്രീയക്കാരുമാണ്. മുംബൈയിലെ ഈ നന്ദറിനും വിക്രമനും കേരളത്തിൽ എന്ത് കാര്യം എന്നല്ലേ ? ശക്തവും വ്യക്തവും സാമ്പത്തികവുമായ കാര്യം തന്നെയുണ്ട്.

‘ലീസ് സ്‌കാനിയ’ പദ്ധതിയിലേക്ക് കെ എസ് ആർ ടി സി ബസ്സുകൾ വാടകയ്ക്ക് എടുക്കുന്നത് മഹാവോയേജ് എന്ന മഹാരാഷ്ട്ര കമ്പനിയിൽ നിന്നാണ്. നന്ദര്‍ പുരുഷോത്തമന്‍ മാനേയുടെ സഹോദരന്‍ വിക്രം പുരുഷോത്തമന്‍ മാനേയ്‌ക്കു പങ്കാളിത്തമുള്ള കമ്പനിയാണ്‌ മഹാവോയേജ്‌. എന്‍.സി.പി. മുംബൈ മേഖലാ സെക്രട്ടറിയാണ് നന്ദര്‍ പുരുഷോത്തമന്‍ മാനേ. ഇപ്പൊ കാര്യങ്ങൾ ഏതാണ്ട് തെളിഞ്ഞല്ലോ ? എന്‍.സി.പി. മുംബൈ ഘടകത്തിലെയും മറ്റു സംസ്ഥാനങ്ങളിലുള്ള ‘പണമുള്ള നേതാക്കൾക്കും’ മഹാവോയേജ് അടക്കം നിരവധി മഹാരാഷ്ട്ര കമ്പനികളിൽ നിക്ഷേപം ഉണ്ട്. ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി സ്കാനിയകൾ മാറ്റിയിട്ട് തിടുക്കത്തിൽ ഇങ്ങനെ സ്വകാര്യവൽക്കരണം നടത്തിയത്തിന്റെ യഥാർത്ഥ ലക്‌ഷ്യം എൻ സി പി യുടെ അനൗദ്യോഗിക പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഖജനാവിൽ നിന്നും പണം ചോർത്തി നൽകാനായിരുന്നോ എന്നതാണ് അവശേഷിക്കുന്നതും മുഴങ്ങുന്നതുമായ ചോദ്യം. മന്ത്രി കായൽ നികത്തിയതിന്റെയും ഭൂമി കയ്യേറിയത്തിന്റെയും കോലാഹലങ്ങൾക്കിടയിൽ ഖജനാവിനെ അപ്പാടെ തുലച്ചു കളയാൻ പോന്ന പ്രഹര ശേഷിയുള്ള ഈ അവിശുദ്ധ കരാറിന്റെ സത്യം ചികയാൻ കൂടി നമ്മൾ സമയം കണ്ടെത്തണം.

വെറും 23 രൂപയിൽ തുടങ്ങി കോടികളിൽ അവസാനിക്കുന്ന കണക്കിലെ കളികൾ

ലീസ് സ്‌കാനിയകള്‍ ഓടുന്ന ഓരോ കിലോമീറ്ററിനും 23 രൂപയാണു വാടക.
സുൽത്താൻ ബത്തേരി വഴി പോകുന്ന തിരുവനന്തപുരം-ബംഗളുരു സര്‍വീസ്‌ കണക്കുകൾ പരിശോധിക്കാം

പ്രതിഷേധം കാരണം മന്ത്രിക്ക് കൊടി കാണിക്കാൻ സാധിക്കാതെ പോയ നവംബർ ഒന്നിലെ കന്നിയോട്ടം പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ കെ.എസ്‌.ആര്‍.ടി.സിക്കു 87,719 രൂപയായിരുന്നു കളക്‌ഷന്‍. 1575 കിലോമീറ്റര്‍ ഓടിയതിന്‌ 36,225 രൂപ വാടക നല്‍കണം. 787.5 ലിറ്റര്‍ ഡീസലിന്‌ 50,400 രൂപ (ഒരു ലിറ്റര്‍ ഡീസലിന്‌ രണ്ടു കിലോമീറ്റര്‍). ബംഗളൂരു സര്‍വീസ്‌ അഞ്ചു ഡ്യൂട്ടിയായി പരിഗണിച്ച്‌ 5000 രൂപ കണ്ടക്‌ടര്‍ക്കു നല്‍കണം. അങ്ങനെ മൊത്തം ചെലവ്‌ 91,625 രൂപ ! നഷ്‌ടം 3906 രൂപ !

ഇതേ അളവുകോൽ വച്ച് അന്ന് തന്നെ വൈകിട്ട്‌ അഞ്ചിനു പുറപ്പെട്ട തിരുവനന്തപുരം- ബംഗളുരു ബസിന്റെ കളക്‌ഷന്‍ 73681 രൂപയായിരുന്നു. ഈ സര്‍വീസ്‌ 17,944 രൂപ നഷ്‌ടമുണ്ടാക്കി. നാഗര്‍കോവില്‍ വഴി ബംഗളുരു (1604 കി.മി) സര്‍വീസ്‌ നടത്തിയ ബസിന്റെ കളക്‌ഷന്‍ 51,428 രൂപയും തിരുവനന്തപുരം-മൂകാംബിക (1633കി.മി) ബസിന്റെ കളക്‌ഷന്‍ 61,574 രൂപയുമാണ്‌. 20,000 രൂപയ്‌ക്കു മുകളിലാണ്‌ ഈ സര്‍വീസുകളുടെ നഷ്‌ടം.

എൻ സി പി എന്ന രാഷ്ട്രീയ പാർട്ടിയുടെ ഷാഡോ കമ്പനിയ്ക്ക് അമിത ലാഭമുണ്ടാക്കി നൽകുന്ന കണക്കിലെ കളികൾ അവസാനിക്കുന്നില്ല. കെ.എസ്‌.ആര്‍.ടി.സിയുടെ 28 സ്‌കാനിയ ബസുകള്‍ ഗ്യാരേജിലേക്ക്‌ മാറ്റിയിട്ടാണ്‌ വാടക ബസുകള്‍ നിരത്തിലിറക്കിയത്‌. അഞ്ച് റൂട്ടുകളിലായി ആദ്യഘട്ടത്തില്‍ 10 ബസുകളും രണ്ടാം ഘട്ടത്തില്‍ 15 ബസ്സുകളും നിരത്തിലിറക്കാനായിരുന്നു പദ്ധതി. നഷ്ടക്കണക്കിൽ ഇത് തുടർന്നാൽ നമ്മുടെ പൊതു ഗതാഗത സംവിധാനത്തിൽ നിന്നും കെ എസ് ആർ ടി സി എന്ന പേര് തന്നെ തുടച്ചു നീക്കപ്പെടും.

തക്കം പാർത്തിരുന്ന മന്ത്രിയ്ക്ക് തുണയായത് കണ്ടക്ടർമാരുടെ വക്രബുദ്ധി

thomas chandy scania scam 1

മഹാരാഷ്ട്ര കമ്പനിയെ കേരളത്തിലേക്ക് കെട്ടിയിറക്കുക അത്ര എളുപ്പമല്ല എന്നറിയാവുന്ന മന്ത്രി ചാണ്ടി തക്കം പാർത്തിരുന്നു. അപ്പോഴാണ് കണ്ടക്ട്ടർമാർ ഒരു ‘പാര’യുമായി മന്ത്രിയെ കാണാനെത്തിയത്. അതോടെ തോമസ് ചാണ്ടിയിലെ ബിസിനസ്സുകാരനായ കുവൈറ്റ് ചാണ്ടി ഉണർന്നു. പിന്നീടെല്ലാം പെട്ടന്നായിരുന്നു.

‘ലീസ് സ്‌കാനിയ’ അവതരിപ്പിക്കപ്പെട്ടതോടെ തങ്ങൾ വിചാരിച്ച കാര്യം നടന്നു കിട്ടിയ സന്തോഷമാണ് കണ്ടക്റ്റർമാർക്ക്. പക്ഷെ എലിയെ ചുടാൻ തങ്ങൾ കൊളുത്തിയ തീയിൽ സ്വന്തം അന്നദാദാവായ കെ എസ് ആർ ടി സി എരിഞ്ഞമരുകയാണെന്ന് അവർ അറിഞ്ഞിരുന്നില്ല.

ഡ്രൈവർ കം കണ്ടക്‌ടർ സംവിധാനം അഥവാ വെറുതെ ഒരു കാരണം

thomas chandy scania scam 2

ദീര്‍ഘദൂര സര്‍വ്വീസുകളിലെ ഡ്രൈവര്‍മാര്‍ എട്ടു മണിക്കൂറിലധികം തുടര്‍ച്ചയായി ജോലിചെയ്യേണ്ടിവരുന്ന സാഹചര്യത്തിലാണു ഡ്രൈവര്‍ കം കണ്ടക്റ്റര്‍ തസ്തികയെ ക്കുറിച്ചു ചര്‍ച്ചകളാരംഭിച്ചത്. ഇത്തരം സര്‍വീസുകള്‍ അധികവും രാത്രിയിലായതിനാല്‍ ഡ്രൈവര്‍മാര്‍ ഉറക്കമൊഴിച്ചു വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്കും കാരണമായിരുന്നു. ഈ സാഹചര്യത്തിൽ രണ്ടു ഡ്രൈവര്‍മാരെ നിയമിക്കുകയോ ഡ്രൈവര്‍ കം കണ്ടക്റ്റര്‍ തസ്തിക സൃഷ്ടിക്കുകയോ ചെയ്യണമെന്നായിരുന്നു പരക്കെ ഉയര്‍ന്നു വന്ന ആവശ്യം. ഇതിനെത്തുടര്‍ന്നാണ് നടപടികൾ ആരംഭിച്ചതും. നിരവധി തവണ യൂണിയനുകൾ ഈ നീക്കത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ കോർപറേഷന്റെ എം ഡി യായി രാജമാണിക്യം എത്തിയതോടെ പദ്ധതി നടപ്പിലായി.

ഒക്ടോബർ മാസം അഞ്ച് മുതല്‍ കെഎസ്‌ആര്‍ടിസിയുടെ പ്രധാന സര്‍വീസുകളിലെല്ലാം ഡ്രൈവര്‍ കം കണ്ടക്റ്റര്‍ സംവിധാനം ആരംഭിക്കാൻ തീരുമാനിച്ചു നടപ്പിലാക്കി. മള്‍ട്ടി ആക്സില്‍ വോള്‍വോ, സ്കാനിയ, സൂപ്പര്‍ ഡിലക്സ് , മിന്നല്‍, സില്‍വര്‍ലൈന്‍ ജറ്റ് എന്നീ അന്തര്‍ സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടുന്ന 42 സര്‍വീസുകളിൽ സംവിധാനം നിലവില്‍ വന്നു.

കെ എസ് ആർ ടി സിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുടെ നേതാക്കളെല്ലാം കണ്ടക്ടര്‍ കാറ്റഗറിയില്‍ പെട്ടവരാണ്. അത് കൊണ്ട് തന്നെ അവരുടെ കൂറും കണ്ടക്റ്റര്മാരോടാണ്. ഡ്രൈവര്‍, മെക്കാനിക്ക്, താല്‍ക്കാലിക, മറ്റ് വിഭാഗം ജീവനക്കാര്‍ എന്നീ വിഭാഗങ്ങളെ തഴയുന്ന നിലപാടാണ് ഇക്കൂട്ടർ വച്ച് പുലർത്തുന്നതെന്നു ഡ്രൈവർമാർ ആരോപിക്കുകയും ചെയ്യുന്നു.

ഡ്രൈവര്‍ കം കണ്ടക്റ്റര്‍ സംവിധാനം നിലവിൽ വന്നാൽ കാലക്രമത്തിൽ കണ്ടക്റ്റർ വിഭാഗത്തിന്റെ അപ്രമാദിത്വം കുറയും എന്ന അങ്കലാപ്പിലാണ് അവർ മന്ത്രിയെ കണ്ട് പദ്ധതി അട്ടിമറിക്കാൻ കരുക്കൾ നീക്കിയത്. കേരളം ഒഴികെ ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളിലും ലോകത്ത് ആകമാനവും ഈ സംവിധാനം പൊതു ഗതാഗത രംഗത്ത് നിലവിലുള്ളതാണ്. ഇത്തരം പുതിയ ചുവട് വായ്പുകളെ അംഗീകരിക്കേണ്ടതുമാണ്. പക്ഷെ, സമ്പന്നരായ ‘പല’ എൻ സി പിനേതാക്കൾക്കും നിക്ഷേപമുള്ള മഹാവോയേജിനെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കെട്ടിയിറക്കാൻ കാത്തിരുന്ന മന്ത്രി ചാണ്ടിക്ക് ആ കുഞ്ഞു പരാതി തന്നെ ധാരാളമായിരുന്നു.

വാടകയ്‌ക്കെടുത്ത അഴിമതി നമ്മുടെ പാരമ്പര്യമുറങ്ങുന്ന പൊതു ഗതാഗത സംവിധാനത്തെ വിഴുങ്ങുമെന്ന് ഏതാണ്ട്  ഉറപ്പായി. അടിയന്തിരമായി അന്വേഷണം പ്രഖ്യാപിക്കാൻ കഴിയുന്ന ഒരു സർക്കാർ ആണ് നിലവിലുള്ളതെന്ന് പ്രതിക്ഷിക്കാം.

thomas chandy lease scania scam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top