കളി; കളിയല്ലാത്ത തിരക്കഥ, കളിയായി പോയ സംവിധാനം

അപൂര്‍വ്വ രാഗം, ഫ്രൈഡേ, ടു കണ്‍ട്രീസ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ നജീം കോയ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് കളി. വമ്പന്‍ സിനിമകളുടെ മാത്രം നിര്‍മ്മാണമേറ്റെടുക്കാറുള്ള ആഗസ്റ്റ് സിനിമ പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഒരു സിനിമ നിര്‍മ്മിക്കുന്നു എന്ന വാര്‍ത്ത കൊണ്ട് റീലിസിന് മുമ്പേ ശ്രദ്ധ നേടിയിരുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എന്നാല്‍ ആര്‍ഭാട ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് കളി. ഉപയോഗിക്കുന്ന വസ്ത്രങ്ങളും ചെരുപ്പുകളും വാഹനങ്ങളുമെല്ലാം ബ്രാന്റായിരിക്കണമെന്നത് പോലെയുള്ള ആഗ്രഹങ്ങള്‍ക്കപ്പുറത്തേക്ക് വലിയ ലക്ഷ്യങ്ങളേതുമില്ലാത്ത സൗഹൃദക്കൂട്ടം. ആ ആഗ്രഹങ്ങള്‍ക്കായി അവര്‍ നടത്തുന്ന ശ്രമങ്ങളാണ് ആദ്യ പകുതിയില്‍. അതിനിടയില്‍ തീരെ പക്വതയില്ലാത്ത പ്രണയവും കടന്നു വരുന്നുണ്ട്. ആദ്യ പകുതിയില്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങളോട് കൂടി കളി കാര്യമാകുന്നുണ്ട്.
കളിയായ ആദ്യ പകുതിയ്ക്ക് ശേഷം ഗൗരവ പൂര്‍വ്വമായ രണ്ടാം പകുതിയില്‍ സിനിമ ത്രില്ലര്‍ സ്വഭാവത്തിലേക്ക് വഴി മാറുന്നുണ്ട്. ആദ്യ പകുതിയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഏഴോളം പുതുമുഖങ്ങളാണെങ്കില്‍ രണ്ടാം പകുതി സീനിയേഴ്സിന്റെ കളിയാണ്. ജോജു ജോര്‍ജ്ജ്, ഷമ്മി തിലകന്‍, ടിനി ടോം, ബാബു രാജ്, ബൈജു ഏഴുപുന്ന, വികെ ബൈജു എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് രണ്ടാം പകുതിയുടെ സഞ്ചാരം. ത്രില്ലടിപ്പിച്ച് മുന്നോട്ട് പോകവെ സിനിമ സംവിധായകന്റെ കയ്യില്‍ നിന്ന് വഴുതിപോകുകയാണ്. പിന്നീടങ്ങോട്ട് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന നിലയിലായിരുന്നു സംവിധായകന്‍ എന്ന് തോന്നുന്ന രംഗങ്ങളാണ്. ഇടക്കാലത്ത് വച്ച് അപ്രത്യക്ഷമായ ഗോഡൗണ്‍ ഫൈറ്റും, ക്ലീഷെയും ശരാശരിയിലെത്താന്‍ പോലും പെടാപ്പാട് പെട്ടു.
പുതുമുങ്ങളെല്ലാം അഭിനയത്തിന്റെ കാര്യത്തില്‍ ഏറെ മെച്ചപ്പെടാനുണ്ട്. അതോ സമയം ജോജു ജോര്‍ജ്ജിന്റെ പോലീസ് കഥാപാത്രം സിഐ തിലകന്‍ എന്ന കഥാപാത്രം ഗംഭീരമാണ്. ഇമോഷണല്‍ രംഗങ്ങളില്‍ ഷമ്മി തിലകന്‍ കസറി. കൗമാരത്തിന്റെ എടുത്തു ചാട്ടങ്ങളും പക്വതയില്ലാത്ത പ്രണയവും എന്നിവയെല്ലാം വിമര്‍ശന വിധേയമാകുമ്പോഴും പുതുമയാര്‍ന്നതും വ്യത്യസ്തവുമായ ഒരു കഥാസന്ദര്‍ഭത്തെ സിനിമയാക്കിയപ്പോള്‍ പറ്റിയ വീഴ്ചകളാണ് കളിയെ പാതി വെന്ത ത്രില്ലറായി ഒതുക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here