അന്ന് മലയാളം വാക്കുകള്‍ ശ്രീദേവിയ്ക്ക് പറഞ്ഞ് കൊടുത്തത് ഞാന്‍; പ്രീയങ്ക

ചലച്ചിത്രലോകത്തെ ഒന്നടക്കം സ്തംബ്ധരാക്കിയായിരുന്നു നടി ശ്രീദേവിയുടെ വിയോഗ വാര്‍ത്ത ഇന്ന് എത്തിയത്. ആ ഷോക്കില്‍ നിന്ന് സിനിമാ ലോകം മാത്രമല്ല ആരാധകരും മോചിതരായിട്ടില്ല. തെന്നിന്ത്യയിലെ തന്നെ എല്ലാ ഭാഷകളിലും അഭിനയിച്ച ഈ സൂപ്പര്‍ താരം അവസാനമായി അഭിനയിച്ച മലയാള സിനിമ ദേവരാഗമായിരുന്നു. ഭരതനായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ലക്ഷ്മി എന്ന കഥാപാത്രമായാണ് ശ്രീദേവി ഈ ചിത്രത്തില്‍ എത്തിയത്. അന്ന് ലക്ഷ്മിയുടെ കൂട്ടുകാരികളായി എത്തിയത് മലയാളത്തില്‍ പിന്നീട് സജീവമായ നടികളായിരുന്നു. ചിപ്പി, കാവേരി എന്നിവരോടൊപ്പം പ്രിയങ്കയും അന്ന് ബോളിവുഡിലെ ഈ സൗന്ദര്യ റാണിയുടെ കൂടെ ആ വലിയ ചിത്രത്തിന്റെ ഭാഗമായി. കൂട്ടത്തില്‍ തമിഴ് ഭാഷ കുറച്ച് വശമായിരുന്ന പ്രിയങ്കയായിരുന്നു ശ്രീദേവിയ്ക്ക് അന്ന് സിനിമയിലെ ഡയലോഗിലെ മലയാളം വാക്കുകള്‍ പറഞ്ഞ് കൊടുത്തിരുന്നത്. അന്നത്തെ ഷൂട്ടിംഗ് അനുഭവങ്ങള്‍ ട്വന്റിഫോര്‍ന്യൂസിനോട് പങ്കുവയ്ക്കുകയാണ് നടി പ്രീയങ്ക.
പതിനേഴ് വയസ്സുള്ളപ്പോഴാണ് ഭരതേട്ടന്റെ ദേവരാഗത്തില്‍ ഞാന്‍ അഭിനയിക്കാന്‍ ചെല്ലുന്നത്. ജാനകി എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. അന്ന് ശ്രീദേവിയും അരവിന്ദ് സാമിയും വളരെയധികം കത്തി നില്‍ക്കുന്ന താരങ്ങളാണ്. ഷൂട്ടിംഗ് സെറ്റിലേക്ക് ശ്രീദേവി വന്നിറങ്ങുന്നത് തന്നെ ഒന്ന് കാണണം. മിക്കവാറും അന്നത്തെ ഷൂട്ടിംഗിന്റെ കോസ്റ്റൂമിലാണ് അവര്‍ ഹോട്ടലില്‍ നിന്ന് സെറ്റിലെത്തുക. ഒരു രാജകുമാരിയെ പോലെയാവും വരവ്. അവരുടെ മേക്കപ്പും വസ്ത്രധാരണവും എല്ലാം ഒരു കൊച്ചു കുട്ടിയെ പോലെ നോക്കി നിന്നിട്ടുണ്ട് ഞാന്‍. വലിയ സ്നേഹത്തോടെയാണ് സെറ്റിലുള്ള എല്ലാവരോടും ശ്രീദേവി മാഡം പെരുമാറിയിരുന്നത്. ഒരു വലിയ താരമാണെന്ന തരത്തില്‍ ഒരിക്കല്‍ പോലും ആരോടും സെറ്റില്‍ പെരുമാറിയിട്ടില്ല.
ബോളിവുഡിലൊക്കെ ഒരു സീന്‍ ചിത്രീകരിച്ചാല്‍ തിരികെ മടങ്ങിപ്പോകാവുന്ന രീതിയായിരുന്നു.ഇവിടെ പരമാവധി സീനുകള്‍ ഒരു ദിവസം ചിത്രീകരിക്കുന്ന ശൈലിയാണല്ലോ. അതുമായി പൊരുത്തപ്പെടാന്‍ മാഡത്തിന് ആദ്യം വലിയ പ്രശ്നം അനുഭവപ്പെട്ടതായി തോന്നിയിട്ടുണ്ട്. ഭരതേട്ടന്റെ അടുത്തിരുന്ന് കോട്ടുവായൊക്കെ ഇട്ട് കാണിക്കും. അപ്പോഴെല്ലാം ഇത് കാണാത്തത് പോലെ ഭരതേട്ടന്‍ മാറിയിരിക്കും. എന്നിട്ട് ഞങ്ങളോട് പറയും പോകാനാണ് ഇങ്ങനെ കാണിക്കുന്നതെന്നൊക്കെ. ഇന്നത്തെ പോലെ മൊബൈലോ, കാരവാനോ ഇല്ലായിരുന്നത് കൊണ്ട് ഷൂട്ടിംഗ് ഇടവേളയില്‍ സെറ്റില്‍ എല്ലാവരുടേയും ഒപ്പമാണ് ശ്രീദേവി മാഡവും ഇരുന്നിരുന്നത്.
മാഡം ഒരുങ്ങി വരുമ്പോ ആ സൗന്ദര്യം കണ്ട് ഒന്നും പറയാനാകാതെ, അനങ്ങാനാകാതെ നിന്നിട്ടുണ്ട്. കണ്ണുകൊണ്ട് എന്താണെന്ന് അപ്പോള്‍ മാഡം ചോദിക്കും. ചിരിച്ച് കൊണ്ട് റൊമ്പ അഴകായിരുക്കെ എന്ന് ഞാന്‍ പറഞ്ഞൊപ്പിക്കും.
സെറ്റിലുണ്ടായിരുന്നപ്പോള്‍ പണ്ട് ഒപ്പം അഭിനയിച്ച പഴയ താരങ്ങളെ കുറിച്ച് എപ്പോഴും ചോദിക്കും.ഒത്തിരി കോമ്പിനേഷന്‍ സീനുകള്‍ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു, അതുകൊണ്ട് ഒരുപാട് പ്രാവശ്യം അടുത്ത് ഇടപെഴകാന്‍ പറ്റി. വലിയ സ്നേഹത്തോടെയാണ് എപ്പോഴും പെരുമാറിയിരുന്നത്. മരത്തില്‍ കയറിയിട്ടുള്ള ആ സീനെല്ലാം വളരെ കഷ്ടപ്പെട്ടാണ് അവര്‍ അഭിനയിച്ചത്. എനിക്കും ശ്രീദേവിയ്ക്കുമാണ് അഭിനേതാക്കളില്‍ കൂടുതല്‍ ഉയരമുള്ളത്. ഇതൊക്കെ പറഞ്ഞ് ലൊക്കേഷനില്‍ എല്ലാവരും കളിയാക്കുമായിരുന്നു.
പാലക്കാട്, മദ്രാസ്, ഊട്ടി എന്നിവിടങ്ങളില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ശശികല ചാര്‍ത്തിയ എന്ന പാട്ടിന്റെ ഷൂട്ടിംഗ് ഊട്ടിയിലായിരുന്നു. ആ സമയത്തൊക്കെ ഡാന്‍സിന്റെ സ്റ്റെപ്പ് മാഡത്തിന് ഒരു തവണ കണ്ടാല്‍ മതി. അടുത്തത് ടേക്കാണ്.
ഷൂട്ടിംഗിന്റെ സമയത്ത് ഒരു രസകരമായ സംഭവമുണ്ടായി
ഒരു ദിവസം ഷൂട്ടിംഗിനിടെ ഹര്‍ത്താല്‍ വന്നു. ഹര്‍ത്താല്‍ എന്നാല്‍ എന്താണെന്ന് മാഡത്തിന് അറിയില്ലായിരുന്നു. വണ്ടികള്‍ ഓടുന്നില്ല. അന്ന് ഞങ്ങളുടെ ഒപ്പം സബീന എന്നൊരു കുട്ടി കൂടി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സബീനയുടെ അച്ഛന് കാറുണ്ട്. പ്രൈവറ്റ് വണ്ടികള്‍ മാത്രമേ നിരത്തിലിറങ്ങാന്‍ പറ്റുകയുള്ളൂ. അത്രയും സ്ട്രിക്റ്റ് ആയ സമരമാണ്. സബിനയുടെ അച്ഛന്റെ കാറിലാണ് ശ്രീദേവിയെ ഹോട്ടലില്‍ നിന്ന് ഷൂട്ടിംഗ് സെറ്റില്‍ എത്തിക്കാന്‍ ഏര്‍പ്പെടുത്തിയത്. ശ്രീദേവിയുടെ കടുത്ത ആരാധകനായിരുന്നു സബീനയുടെ അച്ഛന്‍. ഇത്രയും വലിയ താരത്തെ ഒരു പ്രശ്നവും ഇല്ലാതെ ഷൂട്ടിംഗ് സെറ്റില്‍ എത്തിക്കുന്ന ടെന്‍ഷന്‍ ഒരുവശത്ത്. മറ്റൊരു വശത്ത്
താന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാതെ ആ താരറാണി തന്റെ കാറില്‍. ഈ ടെന്‍ഷനില്‍ ശ്രീദേവിയെ ഷൂട്ടിംഗ് സെറ്റിലാക്കിയ ഉടനെ ഇയാള്‍ കുഴഞ്ഞ് വീണു. ആശുപത്രിയില്‍ കൊണ്ട് പോയപ്പോഴാണ് ഹാര്‍ട്ട് അറ്റാക്കിന്റെ കാരണം അയാള്‍ തുറന്ന് പറഞ്ഞത്.
മറക്കാനാകുന്നില്ല ആ ദിവസമൊക്കെ. ഇന്നലെ നടന്നത് പോലെ തോന്നുന്നു ഇതെല്ലാം. എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണ് ശ്രീദേവി മാഡത്തോടൊപ്പം സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ സാധിച്ചത് എന്നാണ് ഞാനെന്നും വിശ്വസിക്കുന്നത്. ആ ആരാധനയുടെ പേരിലാവും എനിക്കിപ്പോഴും ആ മരണവാര്‍ത്തയോട് പൊരുത്തപ്പെടാനാകുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here