അപ്രതീക്ഷിതം, ഈ വിടവാങ്ങല്‍

മരണം ഒരു ഞെട്ടലാണ്, സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പോലെ, നിനച്ചിരിക്കാത്ത ക്ലൈമാക്സ് പോലെ അങ്ങനെയാണ് ശ്രീദേവിയെന്ന ഈ അഭിനയതാരകം മറഞ്ഞെന്ന വാര്‍ത്ത ഇന്ത്യന്‍ ചലച്ചിത്ര ലോകം ശ്രവിച്ചത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി ഇന്ത്യന്‍ സിനിമാ ലോകം ആദ്യം കേട്ടത് ഈ നടിയിലൂടെയാണ്. അഭിനയം കൊണ്ട് മാത്രമല്ല, സൗന്ദര്യം കൊണ്ടും ഈ താരം ആരാധകരെ അവസാന നിമിഷം വരെ വിസ്മയിപ്പിച്ചു.
1963 ആഗസ്റ്റ് 13 ന് തമിഴ് നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ ആദ്യത്തെ പേര്. പിതാവ് അയ്യപ്പൻ ഒരു വക്കീലായിരുന്നു. മാതാവ് രാജേശ്വരി സിനിമയിലെ നർത്തകസംഘത്തിലെ നർത്തകിയായിരുന്നു.
നാലാം വയസ്സില്‍ 1967-ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാല താരമായിട്ടാണ് ശ്രീദേവി തന്റെ അഭിനയ ജീവിതം തുടക്കമിട്ടത്. പതിമൂന്നാം വയസ്സില്‍ നായികയായി. കെ. ബാലചന്ദ്രരിന്റെ മുണ്ട്രുമുടിച്ചു ചിത്രത്തിലൂടെയായിരുന്നു ഈ അരങ്ങേറ്റം. ഈ ചിത്രത്തില്‍ രജനികാന്തും കമല്‍ഹാസനും അഭിനയിച്ചിരുന്നു. പിന്നീടങ്ങോട്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്കുള്ള ജൈത്രയാത്രയായിരുന്നു ശ്രീദേവിയുടേത്. ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും നായികയായി. 1979 മുതല്‍ 1983വരെ ശ്രീദേവി സിനിമാ ലോകത്തെ ഇളക്കമില്ലാത്ത താരറാണിയായിരുന്നു ശ്രീദേവി.
1981ല്‍ മൂന്നാം പിറയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ്നാട് സര്‍ക്കാറിന്റെ പുരസ്കാരം ലഭിച്ചു. പൂമ്പാറ്റയായിരുന്നു ശ്രീദേവിയുടെ ആദ്യ മലയാള ചിത്രം. ആ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡും ശ്രീദേവി സ്വന്തമാക്കി 1975ല്‍ പുറത്തിറങ്ങിയ ജൂലി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ തുടക്കമിടുന്നത്. ഹിമ്മത് വാല എന്ന ചിത്രം പുറത്തിറങ്ങിയതോടെ ബോളിവുഡില്‍ മുന്‍നിരയിലേക്ക് കുതിക്കുന്നത്. തൊണ്ണൂറുകളായപ്പോഴേക്കും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായിമാറിയിരുന്നു ശ്രീദേവി. 1996ല്‍ നിര്‍മ്മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ചതോടെ ശ്രീദേവി അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേളയെടുത്തു. 2012ലെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് ആരാധകര്‍ ശ്രീദേവിയെ പിന്നീട് കണ്ടത്. മൂന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ഈ വ്യക്തിത്വത്തെ ആദരിച്ചു.
2017ല്‍ പുറത്തിറങ്ങിയ മോം ആണ് ശ്രീദേവിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ഈ വർഷം പുറത്തിറങ്ങുന്ന സീറോ ആണ് ശ്രീദേവി അവസാനമായി അഭിനയിച്ച ചിത്രം. ഇത് ഉടന്‍ തീയറ്റുകളില്‍ എത്താനിരിക്കുകയാണ്. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here