വേണ്ടത് അടവുനയം മാത്രം; കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് വിശദമാക്കി സീതാറാം യെച്ചൂരി

ഉള്‍പാര്‍ട്ടി ജനാധിപത്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയെന്നും പാര്‍ട്ടി എല്ലാ തീരുമാനങ്ങളും ഒന്നിച്ചാണ് എടുക്കുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് സീതീറാം യെച്ചൂരി പാര്‍ട്ടി നിലപാടുകളെ കുറിച്ചും കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ചും വിശദമാക്കിയത്. ആക്രമണോത്സുകത നിറഞ്ഞ ബിജെപി ഫാഷിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാന്‍ മതേതര പാര്‍ട്ടികളുമായി അടവ് നയം വേണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാഷിസ്റ്റുകളായ ബിജെപിയെ താഴെയിറക്കുക എന്നത് മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിനുവേണ്ടി മതേതര ശക്തികളെ ഏകോപിപ്പിക്കുകയാണ് ഇടതുപക്ഷത്തിന്റെ കടമ. അതിനര്‍ത്ഥം, കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പില്‍ സഖ്യം ഉണ്ടാക്കുമെന്നല്ല. കോണ്‍ഗ്രസുമായി യാതൊരു തിരഞ്ഞെടുപ്പ് ബന്ധത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ അടവുനയം മാത്രമാണ് കോണ്‍ഗ്രസ് ബന്ധം കൊണ്ട് ഉദ്ദേശിക്കുന്നത്. നവ ഉദാരവത്കരണത്തിന് ആരംഭം കുറിച്ചത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ആരംഭിച്ച നവ ലിബറല്‍ നയങ്ങള്‍ കൂടുതല്‍ ശക്തമായി പിന്തുടരുകയാണ് ബി.ജെ.പി. ചെയ്തതിരിക്കുന്നത്. ഇന്ന് ബി.ജെ.പി. പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ കോണ്‍ഗ്രസ് ആവിഷ്‌കരിച്ച നയങ്ങളാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയ കൂട്ടുക്കെട്ടല്ല ഇടതുപക്ഷം മുന്നോട്ട് വെക്കുന്നത്. ബിജെപിയെ താഴെയിറക്കുക മാത്രമാണ് ഞങ്ങളുടെ നയം. സാധാരണക്കാരെ കൊള്ളയടിക്കുന്ന ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനും സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഇടതുപക്ഷത്തിന് കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, മാധ്യമങ്ങളെയും സീതാറാം യെച്ചൂരി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ പലപ്പോഴും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. പറയുന്ന കാര്യങ്ങളല്ല മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമങ്ങള്‍ പലപ്പോഴും ഇക്കാര്യത്തില്‍ രഹസ്യ അജണ്ട പാലിക്കുന്നു. വാര്‍ത്തകള്‍ വഴിതിരിച്ചുവിടാനാണ് അവരുടെ ആഗ്രഹമെന്നും യെച്ചൂരി പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here