അന്ന് കുള്ളന്റെ ഭാര്യയിലെ ‘കുള്ളൻ’; ഇന്ന് ആരെന്നറിയുമോ ?

– ജിനു ബെൻ / ബിന്ദിയ മുഹമ്മദ്
അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലെ ‘കുള്ളന്റെ ഭാര്യ’ എന്ന ചിത്രം മലയാളികൾക്ക് അത്രയെളുപ്പം മറക്കാൻ സാധിക്കില്ല. ഉയരം കൂടിയ ഭാര്യയും, ഭാര്യയെക്കാൾ ഉയരം കുറഞ്ഞ ഭർത്താവും എന്നത് സമൂഹത്തിന് അംഗീകരിക്കാൻ സാധിക്കില്ല എന്ന തുറന്നുപറഞ്ഞ ചിത്രമായിരുന്നു അത്. കണ്ടുപഴകിയ പതിവ് രീതികളല്ലാതെ
പുതിയ രീതികളോട് സമൂഹത്തിന് എന്നും എതിർപ്പ് തന്നെയായിരിക്കും. 5 അടിയിൽ മേലെയുള്ള ഭർത്താവിനെ ‘കുള്ളനെന്ന്’ കോളനി മുദ്രകുത്തുന്നതും അതുകൊണ്ട് തന്നെയാണ്. ഉയരം കുറഞ്ഞുപോയി എന്ന ഒറ്റക്കാരണം കൊണ്ട് ‘കുള്ളനും’ അവന്റെ ഭാര്യയും അവിടെ താമസിക്കാനായി എത്തിയപ്പോൾ അവർ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഒടുവിൽ നാമെല്ലാവരുടേയും മനസ്സിൽ ഒരു വിങ്ങൽ അവശേഷിപ്പിച്ചാണ് ഇടത് കൈയ്യിൽ കൈകുഞ്ഞും വലതു കയ്യിൽ ഉയർത്തിപ്പിടിച്ച കുടയുമായി അവൻ നടന്നകന്നത്….
കുള്ളനായി ചിത്രത്തിൽ അഭിനയിച്ചത് ജിനു ബെൻ ആണ്. അന്ന് വെള്ളിത്തിരയിൽ നിന്ന് നടന്നകന്ന ജിനു നേരെ നടന്നുകയറിയത് ഫേസ്ബുക്കിലേക്കാണ് ! ആ ട്വിസ്റ്റിന്റെ ചിരുളഴിച്ച് ജിനു ട്വന്റിഫോറിന് നൽകിയ അഭിമുഖം…
റോൾ 1 : അഭിനേതാവ്
‘ജീവിതത്തിൽ ഒന്നും ഞാനായി തേടി പോയിട്ടില്ല…എല്ലാം എന്നെ തേടി വരികയായിരുന്നു ‘ ജിനു പറഞ്ഞു തുടങ്ങി.
റെഡ് എഫ്എമിൽ ജോലി നോക്കിയിരുന്ന കാലത്താണ് കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിലഭിനയിക്കാൻ എനിക്ക് അവസരം ലഭിക്കുന്നത്. റേഡിയോ ജോക്കി ആയിരുന്ന ആർജെ മുരുഗന്റെ സുഹൃത്തായിരുന്നു ചിത്രത്തിന്റെ സംവിധായകൻ അമൽ നീരദ്. ഉയരം കുറഞ്ഞ ഒരാളെ സിനിമയിലേക്ക് ആവശ്യമുണ്ടെന്ന് അമൽ നീരദ് ചേട്ടനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ അമലേട്ടനെ വിളിക്കുന്നത്. അന്ന് വൈകീട്ട് ഞങ്ങൾ നേരിൽ കണ്ടു. ഒന്നര മണിക്കൂറോളം എടുത്താണ് അദ്ദേഹം കഥ പറഞ്ഞത്.
കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി. എന്നാൽ എന്നെ ആ സമയത്ത് കുഴക്കിയത് കഥ കേട്ടതിന് ശേഷം എങ്ങനെ പ്രതികരിക്കണം എന്നതായിരുന്നു. ഇത്ര നല്ല ഒരു കഥ പറഞ്ഞിട്ട് അത് ഇഷ്ടമായി എന്ന് ഞാൻ പ്രത്യേകിച്ച് എടുത്തുപറയേണ്ട ഒരുകാര്യമില്ല. അമൽ നീരദ് പോലൊരു സംവിധായകനോട് കഥ നല്ലതാണ്/ നല്ലതല്ല എന്ന് പറയാനും ഞാൻ ആളല്ല, അതുകൊണ്ട് തന്നെ കഥ മുഴുവൻ കേട്ട ശേഷം ഞാൻ എന്തു ചെയ്യണമെന്നറിയാതെ വെറുതെ പുഞ്ചിരിച്ചതുമാത്രമേ ളള്ളു.
അതിന് ശേഷം ഒന്നും തോന്നരുതെന്ന് പറഞ്ഞ് അമലേട്ടൻ എന്നോട് ഭിത്തിയോട് ചേർന്ന് നിൽക്കാൻ പറഞ്ഞു. ശേഷം ഒരു പേനയെടുത്ത് ഉയരം അടയാളപ്പെടുത്തി. വെറെയും ഒന്നുരണ്ട് പേരെ അമൽ കഥാപാത്രത്തിനായി തെരഞ്ഞെടുത്തിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും അമൽ നീരദ് എന്നെ വിളിച്ചു. അന്ന് തിരക്കഥാകൃത്ത് ഉണ്ണിച്ചേട്ടനും അവിടെ ഉണ്ടായിരുന്നു. എന്റെ കുറച്ച് ചിത്രങ്ങളൊക്കെ എടുത്തു. ചിത്രീകരണം തുടങ്ങാൻ കുറച്ച് മാസങ്ങൾ എടുക്കും, അതിന് മുമ്പേ നന്നായി തടിവെപ്പിക്കാൻ ഉണ്ണിച്ചേട്ടൻ പറഞ്ഞു. അന്ന് നല്ല മെലിഞ്ഞിട്ടായിരുന്നു ഞാൻ. ഉയരം കുറവ് തോന്നിക്കാനായിരുന്നു അത്.
ക്ലൈമാക്‌സിൽ വരുത്തിയ മാറ്റം; നായികയിലും
ചിത്രത്തിൽ ദുൽഖറിന് ഒരു നറേറ്ററിന്റെ റോളാണ്. ദുൽഖറിന്റെ കഥാപാത്രമാണ് നമുക്ക് കുള്ളന്റെയു ഭാര്യയുടേയും കഥ പറഞ്ഞ് തരുന്നത്. ചിത്രത്തിന്റെ അവസാനം കുള്ളൻ കുഞ്ഞുമായി നടന്നു
പോകുന്നതാണ് സീൻ. എന്നാൽ സത്യത്തിൽ അതായിരുന്നില്ല ക്ലൈമാക്‌സ്. ദുൽഖറിന് ഒരു റിലേഷൻഷിപ്പുണ്ടായിരുന്നു. ചിത്രത്തിലുടനീളം ദുൽഖറിന് ഇടക്കിടെ ഫോൺകോൾ വരുമായിരുന്നു. എന്നാൽ ദുൽഖർ കോൾ അറ്റൻഡ് ചെയ്യാതെഫോൺ കട്ട് ചെയ്യും. എന്നാൽ ക്ലൈമാക്‌സിൽ കുള്ളന്റെയും ഭാര്യയുടേയും സ്‌നേഹം കണ്ട് ദുൽഖറിന്റെ ജീവിതത്തിലും മാറ്റം വന്ന് ദുൽഖർ ആ കോൾ അറ്റൻഡ് ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കേണ്ടിയിരുന്നത്.
റീനുവിന് മുമ്പ് ആൻഡ്രിയയെ ആയിരുന്നു ചിത്രത്തിൽ കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ആൻഡ്രിയയ്ക്ക് ആ സമയത്ത് തിരക്കുകൾ വന്നതുകൊണ്ട് ആ കഥാപാത്രത്തിലേക്ക് റീനുവിനെ ക്ഷണിക്കുകയായിരുന്നു.
പിന്നീട് സിനിമകളിലൊന്നും കണ്ടില്ല ?
കുള്ളന്റെ ഭാര്യ ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാൻ റെഡ് എഫ്എമ്മിൽ ജോലി നോക്കുകയായിരുന്നു. ഒരു സിനിമ ഷൂട്ടിങ്ങ് എന്നാൽ ഒരു മാസത്തോളമോ അതിൽ കൂടുതലോ ദിവസങ്ങൾ വരെ ചിത്രീകരണമുണ്ടാകും. അത്രയധികം ദിവസ ജോലിയിൽ നിന്നും മാറി നിൽക്കാൻ സാധിക്കില്ലായിരുന്നു. ആദ്യ സിനിമയ്ക്ക ശേഷം നിരവധി ഓഫറുകൾ വന്നിരുന്നു. എന്നാൽ ജോലി ഉപേക്ഷിച്ച് സിനിമയിൽ ഭാഗ്യപരീക്ഷണത്തിന് നിൽക്കാൻ അന്ന് തോന്നിയില്ല.
റോൾ 2 : ഡബ്ബിങ്ങ് ആറിസ്റ്റ്
അഭിനേതാവ് മാത്രമല്ല ജിനു ഒരു ഡബ്ബിങ് ആർടിസ്റ്റും കൂടിയാണ്. അൻവർ റഷീദ് സംവിധാനം ചെയ്ത ഒരു പരസ്യചിത്രത്തിന് വേണ്ടിയാണ് ജിനു ആദ്യമായി ഡബ്ബ് ചെയ്യുന്നത്. കുള്ളന്റെ ഭാര്യയിലേക്ക് ജിനു എത്തുന്നതിന് മുമ്പായിരുന്നു അത്.
പിന്നീട് 2013 ലെ ദൃശ്യം എന്ന ചിത്രത്തിൽ റോഷന് വേണ്ടി ശബ്ദം നൽകിയത് ജിനു ആയിരുന്നു. ശേഷം മങ്കിപെൻ, റെഡ് വൈൻ, സപ്തമശ്രീ തസ്‌കര, മുന്നറിയിപ്പ്, മിലി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ജിനു കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.
റോൾ 3 : ഫേസ്ബുക്കിലേക്ക്
2007 മുതൽ നിരവധി മാധ്യമസ്ഥാപനങ്ങളിൽ ജോലിനോക്കിയിരുന്ന ജിനു സൺ നെറ്റ്വർക്കിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഫേസ്ബുക്കിലേക്ക് അവസരം ലഭിക്കുന്നത്. അന്ന് സൺ ന്റ്റ്വർക്കിൽ ഡിജിറ്റൽ മേധാവിയായിരുന്നപ്പോൾ സ്ഥാപനത്തിൽ ഫേസ്ബുക്കിൽ നിന്നും കുറച്ചുപേർ വന്നിരുന്നു. അവരുമായുള്ള ചർച്ചയ്ക്കിടെ വിഷയത്തോടുള്ള കൗതുകം കൊണ്ട് ഞാനും കുറച്ച് ചോദ്യങ്ങൾ തിരിച്ച് ചോദിച്ചിരുന്നു.
ചർച്ചയെല്ലാം കഴിഞ്ഞ് അക്കൂട്ടത്തിൽ വന്ന ഒരാൾ എന്നോട് ഫേസ്ബുക്കിൽ തമിഴ് മീഡിയ പാർട്ണർഷിപ്പ് ഹാൻഡിൽ ചെയ്യാൻ ഒരു വേക്കൻസിയുണ്ട്, 9-10 വർഷത്തോളം മീഡിയയിൽ പ്രവർത്തി പരിചയമുള്ള ആളെയാണ് വേണ്ടത്, ആരെയെങ്കിലും അറിയാമെങ്കിൽ പറയാൻ പറഞ്ഞു. ഞാൻ പറഞ്ഞു പരിചയത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ പറയാം..മലയാളത്തിൽ വേക്കൻസി ഉണ്ടോ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. അപ്പോൾ മലയാളത്തിൽ നിലവിൽ അവസരമില്ലെന്ന് പറഞ്ഞു. ഇക്കാര്യം എന്റെ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളോട്
പറഞ്ഞപ്പോൾ അവനാണ് എന്നോട് തമിഴ് വേക്കൻസിയിലേക്ക് അപേക്ഷിക്കാൻ പറഞ്ഞത്.
അങ്ങനെ ഞാൻ എന്റെ ബയോഡേറ്റ അയച്ചു. പിന്നീട് ഇന്റർവ്യൂ നടന്നു. ഒന്നുരണ്ട് ആഴ്ച്ചയെടുത്ത് പല ഘട്ടങ്ങളിലായായിരുന്നു ഇന്റർവ്യൂ. പിന്നീട് ഫേസ്ബുക്കിലെ മീഡിയ പാർട്ട്ണർഷിപ്പ് വിഭാഗത്തിൽ എനിക്ക് ജോലി ലഭിച്ചു.
സക്കർബർഗിനെ കണ്ടിട്ടുണ്ടോ ?
ആദ്യത്തെ രണ്ട് പ്രാവശ്യം എനിക്ക് വിസ നിഷേധിച്ചു. മൂന്നാമത്തെ തവണയാണ് എനിക്ക് യുഎസിലേക്ക് വിസ ലഭിക്കുന്നത്. അന്ന് കാണാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹം പെറ്റേണിറ്റി ലീവിലായിരുന്നു. അന്ന് അദ്ദേഹത്തെ കണാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് ഞാൻ അദ്ദേഹത്തിന്റെ വാക്‌സ് സ്റ്റാച്യുവിനൊപ്പം നിന്ന് ചിത്രമെടുത്തത്.
എല്ലാ ആറ് മാസം കൂടുമ്പോഴും നമുക്ക് യുഎസിലെ ഫേസ്ബുക്കിന്റെ ഹെഡ്ക്വാർട്ടേഴ്‌സിൽ പോകാൻ അവസരം നൽകും. ആ അവസരം ഇപ്പോൾ വന്നിട്ടുണ്ട്. ഇത്തവണ ഭാഗ്യമുണ്ടെങ്കിൽ കാണാം.
ഇതാണ് ‘കുള്ളന്റെ’ യഥാർത്ഥ ഭാര്യ
എന്റേത് പ്രണയവിവാഹമായിരുന്നു. ഭാര്യ അശ്വതി എന്നെക്കാൾ പത്ത് വയസ്സിന് ഇളയതാണ്. അഞ്ച് വർഷമാണ് ഞങ്ങൾ പ്രണയിച്ചത്. എന്റെ സുഹൃത്തിന്റെ ഭാര്യയുടെ അനിയത്തിയായിരുന്നു അച്ചു. അവൾ പ്ലസ് വണിൽ പഠിക്കുകയായിരുന്നു അപ്പോൾ. എനിക്ക് 27 വയസ്സായപ്പോൾ വീട്ടിൽ കല്ല്യാണാലോചനകൾ വന്നു തുടങ്ങിയിരുന്നു. അന്ന് എന്നെ വിവാഹം കഴിക്കാൻ അശ്വതി കരഞ്ഞുവെന്നും എനിക്കായി അവൾ കാത്തിരിക്കുകയാണെന്നും സ്വയം ഒരു കഥയുണ്ടാക്കി വീട്ടിൽ പറഞ്ഞാണ് രക്ഷപ്പെട്ടത്.
വീട്ടുകാർക്ക് എതിർപ്പൊന്നും അന്ന് ഉണ്ടായിരുന്നില്ല. പിന്നീട് അശ്വതിയുടെ പഠിത്തം പൂർത്തിയാകുന്നതുവരെ കാത്തിരുന്നു. ശേഷം 2014 ൽ ഞങ്ങൾ വിവാഹം കഴിച്ചു.
2016 ഡിസംബർ 23 ന് ഇരുവർക്കും കുഞ്ഞ് പിറന്നു. ബോബ് ഡാനി ബെൻ എന്നാണ് മകന്റെ പേര്. ‘രണ്ട് ദിവസം മുമ്പേ ലഭിച്ച ക്രിസ്തുമസ് സമ്മാനം’ അതാണ് കുഞ്ഞിനെ കുറിച്ച് ജിനു പറയുന്നത്. ജിനുവും കുഞ്ഞും തമ്മിൽ തല്ലുപിടിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാണ്.
സിനിമയിൽ അഭിനയിക്കാൻ ഇപ്പോഴും താൽപര്യമുണ്ടോയെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് ആർക്കാണ് ഇഷ്ടമല്ലാത്തത് എന്ന മറുചോദ്യമായിരുന്നു. ഇപ്പോൾ സമയമുണ്ട്, എന്നെങ്കിലും എപ്പോഴെങ്കിലും അതിനുള്ള അവസരം ലഭിച്ചാൽ, സന്ദർഭം ഒത്തുവന്നാൽ ഉറപ്പായും സിനിമയിൽ അഭിനയിക്കുമെന്നും ജിനു പറയുന്നു.
interview with kullante bharya fame jinu ben
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here