Advertisement

ത്രിപുരയിലെ ചുവപ്പ് മായുമ്പോള്‍…

March 3, 2018
Google News 0 minutes Read

2013ലെ തിരഞ്ഞെടുപ്പില്‍ 49 സീറ്റുകളുമായി അധികാരത്തിലേറിയ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് 2018ലെ തിരഞ്ഞെടുപ്പ് കാത്തുവെച്ചത്. മാണിക് സര്‍ക്കാര്‍ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച ഇടത് അനുകൂലികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടിയാണ് ത്രിപുര സമ്മാനിക്കുന്നത്. 49 സീറ്റുകളുമായി അധികാരത്തിലേറിയവര്‍ 20ല്‍ താഴെ സീറ്റുകളിലേക്ക് കൂപ്പുകുത്തി. പത്ത് ശതമാനം പോലും വോട്ട് ലഭിക്കാത്ത ചരിത്രമുള്ള ബിജെപി വോട്ട് ശതമാനം നേരിയ തോതില്‍ ഉയര്‍ത്തിയാല്‍ പോലും അന്തിമ വിജയം തങ്ങള്‍ക്കൊപ്പമാകുമെന്ന് വിശ്വസിച്ച ഇടതുപക്ഷത്തിന് ഈ പരാജയത്തോട് പൊരുത്തപ്പെടാന്‍ കഴിയില്ല.

ഗോത്രവര്‍ഗ സംഘടനയായ ഐ.പി.എഫ്.ടിയുമായി സഖ്യം രൂപീകരിച്ച് ബിജെപി നടത്തിയ രാഷ്ട്രീയബുദ്ധി ഫലം കണ്ടെന്ന് വേണം കരുതാന്‍. ആദിവാസി മേഖലകളില്‍ പോലും ബിജെപിക്കാണ് മേല്‍ക്കൈ. ആദിവാസി മേഖലകളിലും മറ്റ് പിന്നോക്ക സമുദായങ്ങളിലും ഇടതുപക്ഷത്തിനുണ്ടായിരുന്ന ആധിപത്യം ഐ.പി.എഫ്.ടിയുമായുള്ള ബിജെപിയുടെ സഖ്യം സ്വന്തം പേരിലാക്കിയതാണ് ബിജെപിയുടെ മുന്നേറ്റത്തിന്റെ പ്രധാന കാരണം. 25 വര്‍ഷത്തെ ഇടതുപക്ഷത്തിന്റെ ഭരണപാരമ്പര്യത്തെ തച്ചുടച്ചാണ് ബിജെപി ശക്തി തെളിയിച്ചിരിക്കുന്നത്. 2013ല്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാതിരുന്ന ബിജെപി ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 43 ഇടത്താണ് വ്യക്തമായ ഭുരിപക്ഷത്തോടെ ലീഡ് ചെയ്യുന്നത്.

എന്നാല്‍ ഇടതുപക്ഷത്തിന്റെ വോട്ടിംഗ് ശതമാനത്തില്‍ നേരിയ കുറവ് മാത്രമാണ് ത്രിപുരയില്‍ ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. 2013ല്‍ 48 ശതമാനത്തോളം വോട്ട് ഷെയര്‍ ഉണ്ടായിരുന്ന ഇടതുപക്ഷത്തിന് 2018ല്‍ എത്തിയപ്പോള്‍ എട്ട് ശതമാനത്തോളം വോട്ടാണ് കുറഞ്ഞിരിക്കുന്നത്. വോട്ട് ഷെയര്‍ നിലവില്‍ 40 ശതമാനമാണ് ഇടതുപക്ഷത്തിനുള്ളത്. എന്നാല്‍ 36 ശതമാനം വോട്ടുകള്‍ നേടി 2013ല്‍ ഇടതുപക്ഷത്തിന് ശക്തരായ എതിരാളികളായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ത്രിപുരയില്‍ നാമാവശേഷമായിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ഇത്തവണ മുന്നേറ്റം നടത്തിയിട്ടില്ല. ഒരു സീറ്റ് പോലും സ്വന്തമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് ത്രിപുരയില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ഒരു പരിധി വരെ ബിജെപിയെ സഹായിച്ചിട്ടുണ്ട്.

ഫെബ്രുവരി 18ന് നടന്ന ത്രിപുരയിലെ തിരഞ്ഞെടുപ്പില്‍ പോളിംഗ് കുറഞ്ഞതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇടതുപക്ഷത്തിന് എല്ലാ തവണയും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാറുള്ള ഗ്രാമപ്രദേശങ്ങളില്‍ പോളിംഗ് കുറഞ്ഞപ്പോള്‍ നഗരങ്ങളില്‍ മികച്ച രീതിയിലുള്ള പോളിംഗ് രേഖപ്പെടുത്തി. നഗരങ്ങള്‍ ബിജെപിയെ തുണച്ചിട്ടുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ വ്യക്തമായത്. 2013ല്‍ 93 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ 76 ശതമാനം മാത്രം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ബിജെപി ശക്തമായ വെല്ലുവിളിയാണ് ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തിയത്. ബിജെപി ജനങ്ങള്‍ക്ക് മുന്‍പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് മുന്‍പിലും മാണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായില്ല. 2013 ല്‍ ആളൊഴിഞ്ഞ കസേരകള്‍ സാക്ഷ്യം വഹിച്ച ബിജെപിയുടെ പ്രചാരണ പരിപാടികള്‍ 2018ലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തിയാണ് നടന്നത്. പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും തുടങ്ങി മറ്റ് കേന്ദ്ര മന്ത്രിമാരെയും സംസ്ഥാന മന്ത്രിമാരെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയാണ് ബിജെപി ത്രിപുരയെ സ്വന്തമാക്കിയിരിക്കുന്നത്.

25 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ചുവപ്പണിഞ്ഞ ത്രിപുര ശക്തമായ പോരാട്ടത്തിലൂടെ ബിജെപി സ്വന്തമാക്കിയത് വ്യക്തമായ രാഷ്ട്രീയ പോരാട്ടത്തിലൂടെ തന്നെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here