എന്നെ കാർന്നുതിന്നുന്ന ഒരു ശൂന്യതയുണ്ട് എന്റെ നെഞ്ചിൽ; അതുമായി ജീവിക്കാൻ ഞാൻ പഠിക്കേണ്ടതുണ്ട്; ജാൻവി കപൂറിന്റെ കത്ത്

ഇന്ത്യൻ താരറാണി ശ്രീദേവിയുടെ വിയോഗത്തിൽ മകൾ ജാൻവി കപൂറിന്റെ ഹൃദയസ്പർശിയായ കത്ത്. തന്നെ കാർന്നുതിന്നുന്ന ഒരു ശൂന്യതയുണ്ട് തന്റെ നെഞ്ചിൽ; അതുമായി ജീവിക്കാൻ താൻ പഠിക്കേണ്ടതുണ്ട് എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.
ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമജ്ഝനം ചെയ്ത ശേഷമായിരുന്നു അമ്മയെ അനുസ്മരിച്ച് ജാൻവിയുടെ വികാരനിർഭരമായ കുറിപ്പ്.
” എന്നെ കാർന്നുതിന്നുന്ന ഒരു ശൂന്യതയുണ്ട് എന്റെ നെഞ്ചിൽ; അതുമായി ജീവിക്കാൻ ഞാൻ പഠിക്കേണ്ടതുണ്ട്. പക്ഷേ ഈ ശൂന്യതയിലും അമ്മയുടെ സ്‌നേഹം എനിക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ട്. ദുഖത്തിലും വേദനയിലും അമ്മ സംരക്ഷണ കവചമായി നിൽക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. എപ്പോൾ മിഴി പൂട്ടുമ്പോഴും നല്ല കാര്യങ്ങൾ മാത്രമാണ് എന്റെ മനസിൽ തെളിയുന്നത്. അതിനു കാരണം അമ്മയാണെന്ന് എനിക്ക് അറിയാം. ഞങ്ങളുടെ ജീവിതത്തിന്റെ അനുഗ്രഹമായിരുന്നു അമ്മ.
എന്റെ സുഹൃത്തുക്കൾ എപ്പോഴും പറയുന്ന കാര്യമാണ് ഞാൻ എല്ലാ വേളയിലും സന്തുഷ്ടയാണ് എന്നത്. ഇപ്പോൾ അതിനു പിന്നിലെ കാരണം അമ്മയായിരുന്നുവെന്ന് ഞാൻ മനസിലാക്കുന്നു. ആളുകൾ എന്തു പറഞ്ഞാലും പ്രശ്‌നമില്ലായിരുന്നു. ഒന്നും വലിയ പ്രശ്‌നമായി അനുഭവപ്പെട്ടില്ല. ഓരോ ദിവസവും വിരസതയില്ലായിരുന്നു. കാരണം എനിക്ക് അമ്മയുണ്ടായിരുന്നു. അമ്മയുടെ സ്‌നേഹം എന്നെ വലയം ചെയ്തിരുന്നു. എന്റെ ആത്മാവിന്റെ അംശവും ആത്മസുഹൃത്തുമാണ് അമ്മ.
എല്ലാവർക്കും ഉപകാരങ്ങൾ ചെയ്യുന്നതിനായി അമ്മ ആഗ്രഹിച്ചിരുന്നു. എനിക്ക് അമ്മയ്ക്ക് മതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള നേട്ടങ്ങൾ കൈവരിക്കണം. എല്ലാ ദിനവും രാവിലെ അമ്മ എനിക്ക് അഭിമാനമായിരിക്കുന്നതു പോലെ അമ്മയക്ക് ഞാൻ അഭിമാനമായി മാറുന്നത് സ്വപ്‌നം കാണുന്നുണ്ട്. ദിനവും ഇനിയും ആ സ്വപനം ഞാൻ കാണും. കാരണം അമ്മ എന്റെ കൂടെയുണ്ട്. എനിക്ക് അത് അനുഭവപ്പെടുന്നുണ്ട്. എന്റെയും പപ്പയുടെയും ഖുഷിയുടെയും കൂടെ അമ്മയുണ്ട്. അമ്മ ഞങ്ങളിൽ പതിപ്പിച്ച മുദ്ര അത്ര ശക്തമാണ്. അത് ഞങ്ങളെ മുന്നോട്ട് പോകാൻ സഹായിക്കും പക്ഷേ ഞങ്ങളെ പൂർണമാക്കാൻ അത് മതിയാകില്ല.”
jhanvi kapoor heart breaking letter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here