ചൈനയില്‍ നിര്‍ണായകമായ നിയമ ഭേദഗതി

ചൈനയില്‍ നിര്‍ണായകമായ നിയമവിഷയത്തില്‍ ഭേദഗതി സൃഷ്ടിച്ച് പാര്‍ലമെന്റ്. പ്രസിഡന്റിന്റെ കാലപരിധി നിശ്ചയിക്കുന്ന നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ചൈനീസ് പാര്‍ലമെന്റായ നാഷ്ണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം. രണ്ട് തവണ മാത്രമേ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ കഴിയൂ എന്ന പാര്‍ലമെന്റ് നിയമം എടുത്തുകളഞ്ഞു. ഇതോടെ നിലവിലെ പ്രസിഡന്റായ ഷി ജിന്‍ പിങിന് ആജീവനാന്തം പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സാധിക്കും. രണ്ട് ടേം പൂര്‍ത്തിയായതിനാല്‍ ഷി ജിന്‍ പിങ് അധികാരം ഒഴിയേണ്ടി വരുന്ന സാഹചര്യത്തിലാണ് നിയമത്തില്‍ നിര്‍ണായക ഭേദഗതി സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ രണ്ട് പേര്‍ ഒഴികെ എല്ലാവരും നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യത്തെ അംഗീകരിച്ചതോടെയാണ് നിര്‍ണായകമായ മാറ്റത്തിന് വഴിതെളിച്ചത്. മൂന്ന് പേര്‍ വോട്ടെടുപ്പില്‍ നിന്ന് മാറി നിന്നു. നിലവിലെ പ്രസിഡന്റായ ഷി യുടെ തത്വങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണ ഘടനയില്‍ എഴുതി ചേര്‍ത്ത് പാര്‍ട്ടി സ്ഥാപകന്‍ മാവോ സേതുങിന്റെ തലത്തിലേക്ക് അദ്ദേഹത്തെ നേരത്തേ ഉയര്‍ത്തിയിരുന്നു. അതിനു പിന്നാലെയാണ് മാവോ സേതുങിനെ പോലെ ആജീവനാന്ത പ്രസിഡന്റാകാന്‍ ഷി ഒരുങ്ങുന്നതും.