പൂമരം; ലേറ്റായി വന്താലും..

സലീം മാലിക്ക്

2016 നവംബർ 18 നാണ് പൂമരത്തിലെ ആദ്യ ഗാനം പുറത്തിറങ്ങുന്നത്. വൻ ഹിറ്റായ ആ ഗാനം പുറത്തിറങ്ങി ഒന്നര വർഷം പിന്നിടുമ്പോഴാണ് സിനിമ തീയേറ്ററുകളിലേക്കെത്തുന്നത്. കാളിദാസ് ജയറാമിന്റെ നായകനായിട്ടുള്ള അരങ്ങേറ്റം എന്ന നിലയിൽ മാത്രമല്ല പൂമരം ശ്രദ്ധയാകാർഷിച്ചത്. പല തവണ റീലീസ് നീട്ടി വെക്കപ്പെട്ടതിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപമായി മാറാത്ത രസകരമായ ട്രോളുകൾ കൊണ്ടാണ് പൂമരം കൂടുതൽ ചർച്ചയായത്. ലേറ്റായി വരുന്നവരെയും പറഞ്ഞു പറ്റിക്കുന്നവരെയും പരാമർശിച്ച് “പൂമരമാക്കുക” എന്ന പുതിയ വാക്കും ട്രോളന്മാർക്കിടയിൽ സജീവമായിരുന്നു.

1983, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈനാണ് പൂമരത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇന്ന് വരെയുള്ള ക്യാമ്പസ് സിനിമകളുമായൊന്നും താരതമ്യമില്ല പൂമരത്തിന്. പൂമരമിങ്ങനെ അതിന്റെ ടൈറ്റിൽ കാർഡ് മുതൽ പൂ പൊഴിക്കാൻ തുടങ്ങുകയാണ്. ഒടുവിൽ തിരശീല വീഴുമ്പോഴും പൂ പൊഴിഞ്ഞു തീരാതെ…! പൂമഴയിൽ കോളേജ് സിനിമകളുടെ വാർപ്പ് മാതൃകകളത്രയും അലിഞ്ഞ് ഇല്ലാതാവുന്നുണ്ട്. എന്തൊരഴക്… എന്തൊരു ഭംഗി.. പന്ത്രണ്ട് ഗാനങ്ങളുള്ള സിനിമയിലെ ഒരു വരിയാണത്. ഒറ്റ വരിയിൽ പൂമരത്തിനേയും അങ്ങനെ വിശേഷിപ്പിക്കാം. അത്ര സ്വാഭാവികമായും സത്യസന്ധമായും ആണ് പൂമരം ഒരുക്കിയിരിക്കുന്നത്.

യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ അഞ്ച് ദിവസങ്ങളാണ് സിനിമ. അതിനപ്പുറം കഥയൊന്നുമില്ല പൂമരത്തിന്. ആ അഞ്ച് ദിവസം കലോത്സവ പരിസരങ്ങളിൽ ജീവിച്ച അനുഭൂതിയോടെ പുറത്തിറങ്ങാം. രണ്ട് ചേരികളിൽ നിന്നുള്ള രാഷ്ട്രീയ യുദ്ധവും ഒരു ഡപ്പാം കൂത്ത് ഡാൻസും ഹോസ്റ്റൽ രാത്രികളിലെ കള്ളും കഞ്ചാവും റാഗിംഗും അതി ഭീകരമായ സ്ത്രീ വിരുദ്ധതയുമൊക്കെ മലയാള ക്യാമ്പസ് സിനിമകളുടെ പതിവ് പിന്തുടരലാണ്. ആ വഴിയൊക്കെ പൂമരം ആദ്യം തന്നെ അടച്ചിടുന്നുണ്ട്. രാഷ്ട്രീയ സംഘട്ടനങ്ങളില്ലാതെ രാഷ്ട്രീയം പറയുന്നുണ്ട്, ഡപ്പാം കൂത്തില്ലാതെ കലയെ പറിച്ചു നടുന്നുണ്ട്, ഹോസ്റ്റൽ രാത്രികളിൽ കള്ളിനും കഞ്ചാവിനും പകരം കവിത അകമ്പടിയാവുന്നുണ്ട്. സ്ത്രീ വിരുദ്ധമല്ലാത്ത ആൺ-പെൺ സൗഹൃദങ്ങളുണ്ട്. നിശബ്ദമായ പ്രണയമുണ്ട്, പ്രണയ നിരാകരണമുണ്ട്. കൗതുകങ്ങളുണ്ട്.

മഹാരാജാസ് കോളേജും സെന്റ്. ട്രീസാസ് കോളേജുമാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. രണ്ട് കോളേജിലേയും വിദ്യാർത്ഥികളായി പെരുമാറേണ്ട ബാധ്യതയേ അഭിനേതാക്കൾക്കുണ്ടായിരുന്നുള്ളൂ. അതവരോരുത്തരും മനോഹരമാക്കുകയും ചെയ്തു. ഒരു കലോത്സവ വേദിയിൽ കാണുന്ന കാഴ്ചകളൊക്കെയും അതേ പടി പകർത്തിയിട്ടുണ്ട് സംവിധായകൻ. സംഘാടകർ അനുഭവിക്കുന്ന ടെൻഷൻ, മത്സരാർത്ഥികൾ അനുഭവിക്കുന്ന ആവേശം നിറഞ്ഞ വാശി, ജയിക്കുമ്പോഴുള്ള ആഹ്ലാദം, തോൽക്കുമ്പോൾ ഉള്ള നിരാശ, ജഡ്ജ് മാരുടെ ഏകപക്ഷീയ തീരുമാനങ്ങളും തുടർന്ന് ഉണ്ടാകുന്ന ചോദ്യം ചെയ്യലുകളും തുടങ്ങി പതിവ് കലോത്സവ കാഴ്ച്ചകളത്രയും സിനിമയുടെ ഭാഗമാവുന്നുണ്ട്.

പണ്ഡിറ്റ് കറുപ്പനെ പ്രതിപാദിച്ചു കൊണ്ട് തുടക്കത്തിൽ കാളിദാസ് കഥാപാത്രം നടത്തുന്ന പ്രസംഗം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ഗംഭീരമായിട്ടാണ്. ഒരു കോളേജ് വിദ്യാർത്ഥി നടത്തുന്ന പ്രസംഗത്തിൽ സംഭവിക്കപ്പെടുന്ന ശബ്ദ വ്യത്യാസം വരെ സൂക്ഷ്‌മമായി നിരീക്ഷിച്ചാണ് ആ രംഗം അവതരിപ്പിക്കപെട്ടിരിക്കുന്നത് . നായകനെന്ന നിലയിൽ തുടക്കക്കാരന്റെ പതർച്ചകളൊന്നും കാളിദാസിന് ഉണ്ടായിരുന്നില്ല. സെന്റ്. ട്രീസാസ് കോളേജ് ചെയർ പേഴ്സൺ ഐറിൻ എന്ന കഥാപാത്രം മറ്റാരെക്കാളും ഒരു പടി മുന്നിലായിരുന്നു. ആശാൻ എന്ന മൈം അധ്യാപകന്റെ കഥാപാത്രമുണ്ട്. തന്റെ പരിമിതികളെ കലാസൃഷ്ടിയിലൂടെ മറികടക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യൻ. എടുത്ത് പറയേണ്ട പാത്ര സൃഷ്ടിയാണ് അദ്ദേഹത്തിന്റേത്. കാളിദാസ് ജയറാമിന്റെ അച്ഛൻ കഥാപാത്രവും കാളിദാസും തമ്മിലുള്ള തുടക്കത്തിലെ സംഭാഷണങ്ങൾ നാടകീയമായിരുന്നു. ആക്ഷൻ ഹീറോ ബിജുവിനെ ഓർമിപ്പിക്കുന്ന പോലീസ് രംഗങ്ങളുണ്ട് സിനിമയിൽ. ആ രംഗങ്ങൾക്കിടയിൽ പരാതിക്കാരനായി എത്തുന്ന മനുഷ്യാവകാശ പ്രവർത്തകന്റെ പ്രകടനവും കല്ലു കടിയാവുന്നുണ്ട്.

മീര ജാസ്മിന്റെയും കുഞ്ചാക്കോ ബോബന്റെയും അതിഥി വേഷങ്ങൾ സിനിമക്ക് ഗുണം ചെയ്തിട്ടുണ്ട്. സിനിമ പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം അവസാന രംഗങ്ങളിൽ പെട്ടെന്ന് പറഞ്ഞു തീർത്തു എന്നത് പരാതിയാണ്. എങ്കിലും അതിനെ മറികടക്കാൻ അവസാന ഗാനരംഗത്തിന് കഴിയുന്നുണ്ട്. സംഗീതം എടുത്ത് പറയേണ്ട ഒന്നാണ്. സംഭാഷണങ്ങളെക്കാൾ ഗാനങ്ങൾക്ക് പ്രാധാന്യം ഉള്ള സിനിമയിലെ മുഴുവൻ ഗാനങ്ങളും കഥാഗതിയോട് ചേർന്ന് നിൽക്കുന്നതും കേൾക്കാൻ ഇമ്പമുള്ളതുമായിരുന്നു. കലോത്സവ നഗരിയെ ഭംഗിയായി ഒപ്പിയെടുത്ത ജ്ഞാനന്റെ ക്യാമറ വർക്കും സിനിമയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. എല്ലാത്തിനും മുകളിൽ സംവിധായകൻ എബ്രിഡ് ഷൈൻ. അദ്ദേഹമൊരു പ്രതിഭയാണ്. മൂന്ന് സിനിമകൾ, മൂന്നും തമ്മിൽ സാമ്യതകളേതുമില്ല. ഓരോന്നും ഓരോ അനുഭവങ്ങൾ. തന്റെ സിനിമയുടെ ഔട്ട് പുട്ട് എങ്ങനെയാവണം എന്ന് നിർബന്ധമുള്ള ഒരാളുടെ കൈയൊപ്പ് പൂമരത്തിലുമുണ്ട്. അതെ. പൂമരം സംവിധായകന്റെ സിനിമയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top