അന്നുമുതലാണ് ടെലിവിഷൻ മനുഷ്യന്റെ ഭാഷ സംസാരിച്ച് തുടങ്ങിയത്

ദൃശ്യമാധ്യമം സംസാരിക്കേണ്ടത് ആരുടെ ഭാഷ എന്ന ചോദ്യത്തിന് ആരും നിയതമായ ഒരുത്തരം എഴുതിവെച്ചുട്ടുണ്ടാകില്ല. വലിയ സ്‌ക്രീനിലെ ദൃശ്യഭാഷയായ സിനിമയെ അതിന്റെ പ്രമേയവും, സാങ്കേതികതയും, താരപ്പൊലിമയും കൊണ്ട് വായിച്ചെടുക്കുന്ന ശീലങ്ങളിൽ ചിലതൊക്കെ ടെലിവിഷൻ പ്രേക്ഷകനെയും സ്വാധീനിക്കുന്നുണ്ട്. സിനിമയിലെ നായകനുള്ള സ്ഥാനം അവതാരകന് കൈവരുന്നത് ഈ ശീലത്തിൽ നിന്നാകണം.
1984ൽ ടെലിവിഷൻ മലയാളം സംസാരിച്ചു തുടങ്ങുന്ന കാലത്ത് ദൂരദർശനിലെ വാർത്താവതാരകർക്ക് മുമ്പിൽ ഡെൽഹിയിൽ നിന്ന് വാർത്തകൾ വായിച്ച് പ്രേക്ഷക പ്രീതി നേടിയ ചിലർ മാതൃകകളായുണ്ടായിരുന്നു. പത്രമാധ്യമങ്ങളിൽ നിന്നും ആകാശവാണിയിൽ നിന്നുള്ള കടമെടുക്കൽ ഒരു പരിധിവരെ അവതാരകർക്ക് പരിമിതികൾ തീർത്തു.
1993 ൽ ആദ്യസാറ്റലൈറ്റ് ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം ആരംഭിക്കുമ്പോഴും മറിച്ചായിരുന്നില്ല കാര്യങ്ങൾ. ദൂർദർശന്റെ ചട്ടക്കൂടുകളെ മറികടക്കുവാൻ എല്ലാ സ്വാതന്ത്ര്യങ്ങളും കൈവശമുള്ളപ്പോഴും അവതരണത്തിലെ മാതൃകകൾ പരിമിതമായി മാറി. ആർട്ട് സിനിമകളുടെയും, ഡോക്യൂമെന്ററികളുടേയും പുരോഗമനപാതയിൽ നിന്ന് ശൈലി കണ്ടെത്താൻ താൽപര്യപ്പെടുന്നവരായിരുന്നു വിനോദപരിപാടികൾക്കപ്പുറത്തുള്ള അവതാരകർ.
കണ്ണാടിയിൽ ടിഎൻ ഗോപകുമാർ എഴുതിത്തയ്യാറാക്കിയ സ്‌ക്രിപ്റ്റ് വായിക്കുകയും, ‘എന്റെ കേരളത്തിൽ’ രവീന്ദ്രൻ തന്റെ സിനിമാ ശൈലി തന്നെ പിൻതുടരുകയും ചെയ്തിരുന്ന കാലം. 1993 അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് മലയാളത്തിലെ ആദ്യ ടോക്ക്‌ഷോ, കാലികപ്രസക്തിയുള്ള വിഷയങ്ങളുമായി ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിക്കുന്നത്.
പത്രപ്രവർത്തകൻ എന്ന വിശേഷണമില്ലാത്ത
ഒരാൾ കാലികവിഷയങ്ങൾ കൈകാര്യം ചെയ്യുന്നു-സിനിമയുടെ ബൗദ്ധിക തലങ്ങളിൽ ഒരു ടൈറ്റിലായിപ്പോലും തെളിഞ്ഞിട്ടില്ലാത്ത ഒരാൾ ജനകീയ വിഷയങ്ങൾ ചർച്ചചെയ്യുവാൻ എത്തുന്നു. മലയാളത്തിന് മുൻമാതൃകകളില്ലാത്ത ചർച്ചാവേദി തുറന്നിടാനെത്തിയത് ആർ ശ്രീകൺഠൻ നായർ എന്ന അന്നത്തെ ആകാശവാണി ഉദ്യോഗസ്ഥനായിരുന്നു.
ആഗോളവിഷയമല്ല, രാഷ്ട്രീയ സംവാദമല്ല, മറിച്ച് ബസ്സുകളുടെ ഓവർസ്പീഡിനെ കുറിച്ചുള്ള ജനകീയ ചർച്ച- ‘നമ്മൾ തമ്മിൽ’ ആദ്യം സംസാരിച്ച വിഷയം. ചർച്ച നയിച്ച ആൾ ജനക്കൂട്ടത്തിലൊരാളുടെ വേഷമണിഞ്ഞെത്തുന്നു-സംസാരിക്കുന്നത് അവർ ഇന്നലെവരെ നാട്ടിൻപുറത്തെ ചായക്കടകളിലോ, കലുങ്കുകളിലോ ഇരുന്ന് പരസ്പരം കൈമാറിയ അതേ ഭാഷ. ഗ്രാമീണതയുടെ നന്മയും സ്‌നേഹവും ഒപ്പം കടുകട്ടിയായ സമീപനങ്ങളുടെ ഉറച്ച നിലപാടുള്ള ഭാഷ. ചർച്ചകളുടെ പാനലിൽ വന്നെത്തുന്ന കേരള മുഖ്യമന്ത്രി മുതൽ നാട്ടിൻ പുറത്തെ ദിവാകരൻ ചേട്ടൻ വരെയുള്ളവരോട്, സൂപ്പർതാരം മുതൽ നയതന്ത്രജ്ഞൻ വരെയുള്ളവരോട് ഒരേ ഭാഷയിൽ സംസാരിക്കുവാൻ കഴിയുന്ന തലത്തിലേക്ക് ഈ ശൈലി വളർന്നു.
‘നമ്മൾ തമ്മിൽ’ എന്നല്ല ‘ശ്രീകണ്ഠൻ നായർ ഷോ’ എന്നാണ് ടെലിവിഷൻ സംവാദത്തിന്റെ ഇപ്പോഴത്തെ പേരെന്ന് പ്രേക്ഷകർ മറന്നുപോകുന്നത് ഒരിക്കലും ഈ ഷോയ്ക്ക് ഗുഡ്‌ബൈ പറയാൻ അവരിഷ്ടപ്പെടാത്തതുകൊണ്ടാണ്.
ആയിരം എപ്പിസോഡ് പിന്നിടുന്ന ഇന്ത്യയുടെ ടോക്ക്‌ഷോ എന്നതിനും, ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടംപിടിക്കുന്ന അവതാരകൻ എന്നതിനുമപ്പുറം കോടിക്കണക്കിന് മലയാളിക്ക് അവന്റെ ഭാഷയെയും ജീവിതത്തെയും കണ്ടറിയാൻ സാധിക്കുന്ന ടെലിവിഷൻ പരിപാടി എന്ന നിലയ്ക്കാണ് ചരിത്രം ശ്രീകണ്ഠൻ നായർ ഷോയെ രേഖപ്പെടുത്തിവെക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here