Advertisement

‘കീഴാറ്റൂര്‍കാല’ത്ത് എകെജിയെ വായിക്കുമ്പോള്‍

March 22, 2018
Google News 2 minutes Read

ഉന്‍മേഷ് ശിവരാമന്‍

കീഴാറ്റൂരില്‍ സിപിഐഎം കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. വയല്‍ നികത്താന്‍ കൂട്ടുനിന്നുവെന്ന് മാത്രമല്ല,സമരപ്പന്തല്‍ കത്തിക്കുകയും ചെയ്തുവെന്നാണ്
ആരോപണം.സമകാലിക മാധ്യമ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്ന ഇടങ്ങളിലൊന്നും കീഴാറ്റൂരാണ്. കുറച്ചുനാള്‍ മുന്‍പ് , അക്രമരാഷ്ട്രീയത്തിന്റെ(ഷുഹൈബ് വധം) പേരിലാണ് സിപിഐഎം പ്രതിക്കൂട്ടിലായത്. കര്‍ഷക പ്രതിരോധങ്ങളോടുള്ള സിപിഐഎം സമീപനവും, എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുന്ന രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇന്നലെകളിലെ സമരങ്ങളെ മുന്‍നിര്‍ത്തിയാണ് സിപിഐഎമ്മിന് എതിരെ കൂടുതല്‍ വിമര്‍ശനങ്ങളും ഉയരുന്നത്. സിപിഐഎമ്മിന്റെ , എക്കാലത്തേയും ജനകീയമുഖമായ എകെജിയുടെ ആത്മകഥ ഒരിക്കല്‍ക്കൂടി വായിക്കപ്പെടേണ്ട സന്ദര്‍ഭമിതാണ്.

എകെജിയുടെ സമരങ്ങള്‍

തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് എകെജിയുടെ ആത്മകഥാഖ്യാനത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളിലൊന്ന്.ജനങ്ങള്‍ക്കിടയിലാണ് ജീവിതം.കോണ്‍ഗ്രസുകാരനായും കോണ്‍ഗ്രസ് സോഷ്യലിസ്റ്റായും കമ്യൂണിസ്റ്റായും പ്രവര്‍ത്തിക്കുമ്പോള്‍ സമരങ്ങളാണ് എകെജിയുടെ ജീവിതയിടം.എകെജിയുടെ ശരീരം വ്യക്തിപരതയില്‍ നിന്നുമാറി സാമൂഹികമായി പരുവപ്പെടുന്നതിന്റെ സൂക്ഷ്മാഖ്യാനങ്ങള്‍ അത്മകഥയില്‍ ഉടനീളമുണ്ട്.1930-ല്‍ കെ കേളപ്പനോടൊപ്പം , ദണ്ഡിയാത്രയുടെ ഭാഗമായി നടന്ന ജാഥയില്‍ പങ്കെടുക്കുമ്പോള്‍ മുതല്‍ ആ മാറ്റമുണ്ട്. ‘പൊരിയുന്ന വേനലിലൂടെയുള്ള യാത്ര’ എന്നാണ് എകെജി ആത്മകഥയില്‍ എഴുതുന്നത്.

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജാഥയെക്കുറിച്ച് എകെജി പറയുന്നു

‘ ജാഥ റോഡിന് സമീപം എത്തിയപ്പോള്‍ വൃദ്ധരും ചെറുപ്പക്കാരും സ്ത്രീകളും അടങ്ങിയ ഒരു വലിയ ജനക്കൂട്ടം ഓടിവന്ന് ഞങ്ങളെ തല്ലാന്‍ തുടങ്ങി. സ്ത്രീകള്‍ വലിയ ഉലക്കകളുമായിട്ടാണ് വന്നത്. കേരളീയനും ഞാനും നിന്നിടത്തു തന്നെ നിന്ന് അടികൊണ്ടു.വളരെയധികം പേര്‍ക്ക് പരുക്കേറ്റു. കേരളീയനും ഞാനും ബോധം കെട്ടുവീണു.’


എകെജിയ്ക്ക് നേരെയുണ്ടായ ആദ്യ ശാരീരിക ആക്രമണമായിരുന്നു അത്. എഴുത്ത് ഇങ്ങനെ തുടരുന്നു

‘എന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ ശാരീരികാക്രമണമായിരുന്നു ഇത്.എന്നാല്‍ കണ്ടോത്തെ ആക്രമണം പത്രങ്ങളില്‍ പ്രധാന വാര്‍ത്തയായി എന്നത് സംതൃപ്തി നല്‍കി. ഇത് ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് ലഭിച്ച ഏറ്റവും നല്ല പ്രചാരണമായിരുന്നു. ഈ സംഭവം ജനങ്ങളുടെ കണ്ണ് തുറപ്പിച്ചു’

തനിക്ക് നേരെയുണ്ടായ ശാരീരികാക്രമണത്തെ സാമൂഹിക ഘടനയെ ഉടച്ചുവാര്‍ക്കുന്ന നിര്‍മ്മിതി ഘടകമായി ആഖ്യാനം ചെയ്യുകയാണിവിടെ. ശാരീരികാക്രമണത്തിന്റെ വേദനയല്ല,സംതൃപ്തിയാണ് എകെജിയുടെ പരിഗണനാവിഷയം. അതായത്,നിലവിലുണ്ടായിരുന്ന ക്ഷേത്രഘടനയുടെ/ സാമൂഹിക ഘടനയുടെ പരിവര്‍ത്തനത്തിന് എകെജിക്ക് നേരെയുണ്ടായ ശാരീരികാക്രമണം കാരണമാവുകയാണ്. തന്റെ ശരീരത്തിന്റെ അസ്തിത്വം സാമൂഹികമാണെന്നുള്ള പ്രഖ്യാപനമാണ് എകെജി നടത്തുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അറസ്റ്റുവരിച്ച സന്ദര്‍ഭവും എകെജിയുടെ ആത്മകഥയിലുണ്ട്.

‘ ജയില്‍ വാര്‍ഡര്‍മാര്‍ ഞങ്ങളുടെ ബ്ലോക്കില്‍ കടന്ന് അടി തുടങ്ങി. അവര്‍ എന്നെയാണ് ആദ്യം കണ്ടത്. എന്നെ ചുറ്റിനിന്ന് പതിനഞ്ചുപേര്‍ അടിച്ചു. തികച്ചും ക്ഷീണിച്ചു തളരുന്നതുവരെ അവര്‍ അടി തുടര്‍ന്നു. അവരെന്നെ തൊഴിച്ചിട്ട് മറ്റുള്ളവരോടൊപ്പം മുറിക്കകത്തിട്ട് പൂട്ടി. അടിച്ചടിച്ച് ലാത്തികള്‍ ഒടിഞ്ഞു.’

ഇവിടെയും സാമൂഹിക അസ്ഥിത്വമാണ് എകെജി തന്റെ ശരീരത്തിന് കല്‍പ്പിച്ചുനല്‍കുന്നത്. ബെല്ലാരിയിലെ ജയിലനുഭവം വിവരിക്കുന്നിടത്ത് ഇതിന്റെ തുടര്‍ച്ച കാണാം.

‘മദിരാശി’യിലേക്ക് സംഘടിപ്പിച്ച പട്ടിണിജാഥയും ശരീരത്തിന്റെ സാമൂഹിക നിര്‍മ്മിതി എന്ന രീതിയിലാണ് വായിച്ചെടുക്കേണ്ടത്. ഭരണകൂട ഭീകരതയ്ക്ക് എതിരായ സമരമായിരുന്നു അത്.കാല്‍നടയായി,ഭക്ഷണം ഉപേക്ഷിച്ച് ദിവസങ്ങള്‍ നടക്കുക എന്ന ശാരീരികാദ്ധ്വാനത്തിലൂടെയാണ് ആ സമരപ്രക്രിയ പൂര്‍ണ്ണമായത്.

‘ ഒരു മാസം കഴിഞ്ഞപ്പോള്‍ ജാഥാംഗങ്ങള്‍ ക്ഷീണിച്ചു. ചിലര്‍ക്ക് നടക്കാന്‍ വയ്യാതായി. അവരില്‍ ഓരോരുത്തരെയായി ചില്ലറ രോഗങ്ങള്‍ ബാധിച്ചു. ദിവസേന ഇരുപത് മൈലോളം നടക്കാറുണ്ടായിരുന്നു.’

അമരാവതിയിലെ നിരാഹാര സമരം ഒരുപാട് പ്രതികൂല സാഹചര്യങ്ങളിലായിരുന്നു.എകെജി എഴുതുന്നു.

‘ ഇതിന് മുമ്പൊരിക്കലും ഇത്രയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ നിരാഹാരവ്രതം നടത്തിയിട്ടില്ല. നിര്‍ത്താതെ പെയ്യുന്ന മഴ. മരവിപ്പിക്കുന്ന ശക്തിയായ കാറ്റ്. വെള്ളവും ചെളിയും നിറഞ്ഞ ഒരു മുറി. അസഹ്യമായ ഒരു ദുര്‍ഗന്ധം. കുടിക്കാന്‍ വെള്ളമില്ലായ്മ.’

പ്രതികൂല സാഹചര്യങ്ങളിലും തുടര്‍ന്ന സമരം കര്‍ഷക ക്ഷേമത്തിനു വേണ്ടിയായിരുന്നു. ശരീരത്തിന്റെ ഭൗതികാവശ്യമാണ് വെള്ളവും ആഹാരവുമൊക്കെ. അതിന്റെ നിഷേധമെന്നത്,ശരീരത്തിന്റെ കൂടി നിഷേധമാണ്. അത് വ്യക്തി ശരീരമാണ്. അങ്ങനെ വരുമ്പോള്‍ ഇവിടെയും എകെജിയുടെ ശരീരത്തിന്റെ അസ്ഥിത്വം സാമൂഹികമാകുന്നു.
അമരാവതിയില്‍ തന്നെ കാണാനെത്തുന്നവരെ കുറിച്ചും എകെജി എഴുതുന്നുണ്ട്.

‘ ഞായറാഴ്ച പള്ളിയില്‍ പോകുന്ന സ്ത്രീകള്‍ പ്രാര്‍ത്ഥനാ പുസ്തകവുമായി എന്റെ അടുത്തുവരും. എന്നും രാവിലെ കര്‍ഷകര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് എന്റെ കുടിലിന് മുന്നിലുള്ള റോഡില്‍ക്കൂടി കടന്നുപോകും.അക്കൂട്ടത്തില്‍ ക്രിസ്ത്യാനികളും പുലയരും നായന്‍മാരും ഈഴവരും മുസ്ലീങ്ങളും ഉണ്ടായിരുന്നു. അവിടെ എല്ലാ ജാതി-മത വ്യത്യാസങ്ങളും ഇല്ലാതായി.’

പങ്കാളിയാവുകയും ഏറ്റെടുക്കുകയും ചെയ്ത സമരങ്ങളിലെല്ലാം രാഷ്ട്രീയ ശരീരമായി പരിണമിക്കുകയാണ് എകെജി ചെയ്തത്.1960-ല്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടന്ന കര്‍ഷകജാഥ, മിച്ചഭൂമി സമരങ്ങള്‍ എന്നിങ്ങനെ എല്ലാ സമരമുഖത്തും എകെജി രൂപപ്പെടുത്തിയ രാഷ്ട്രീയശരീരം തുടര്‍ച്ചയാണ്. ഇവയെല്ലാം സാമൂഹിക പുനര്‍ നിര്‍മ്മിതിക്കായുള്ള ഇടപെടലായിരുന്നു. ശരീരത്തെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയല്ല എകെജി പ്രതിരോധം സൃഷ്ടിച്ചത്;സ്വന്തം ശരീരത്തിന്റെ അസ്ഥിത്വം സാമൂഹികമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്.കര്‍ഷകനു വേണ്ടി പട്ടിണി കിടന്നതിന്റെ നെഞ്ചുറപ്പും എകെജിക്കുണ്ടായിരുന്നു. എകെജി ഓര്‍മ്മയായി നാല്‍പ്പത്തിയൊന്ന് വര്‍ഷം കഴിയുമ്പോള്‍ ആ സമരപാഠങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിക്കുന്നത് നല്ലതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here