Advertisement

പുഞ്ചിരിച്ച് ഹൃദയത്തിലേറുന്ന സുഡാനി

March 29, 2018
Google News 1 minute Read
sudani from nigeria film review

– സലിം മാലിക്

നവാഗതനായ സക്കറിയ സംവിധാനം ചെയ്ത് സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകനാവുന്ന സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് സക്കറിയയും മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ്.

നിരൂപണത്തിനിടമുള്ള സിനിമയല്ല സുഡാനി ഫ്രം നൈജീരിയ. ആസ്വാദനക്കുറിപ്പാണ് ഉത്തമം. കാരണം ഇത് വെറുമൊരു സിനിമയല്ല. ആകെയൊരു പൊളിച്ചെഴുത്താണ്. എത്രയോ വര്‍ഷങ്ങളായി മലയാള സിനിമ തെറ്റായി സൃഷ്ടിച്ച് പിന്തുടര്‍ന്ന് പോരുന്ന ഒരു ദേശത്തിനേയും സമൂഹത്തിനേയും പുനര്‍നിര്‍മ്മിക്കുകയാണ് സുഡാനിയില്‍.

മനുഷ്യവ്യഥകളേയും ജീവിത യാഥാര്‍ത്ഥ്യങ്ങളേയും നര്‍മ്മത്തിലൂടെ സത്യസന്ധമായി അവതരിപ്പിക്കുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ട് കാലം കുറച്ചായി. നാടോടിക്കാറ്റും സന്മനസുള്ളവര്‍ക്ക് സമാധാനവും ടി.പി ബാലഗോപാലന്‍ എം.എ യും ഒക്കെ ഒരു കാലത്ത് മലയാളികളെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്തവയാണ്. ഏറെക്കാലത്തിന് ശേഷം നിസഹായതയും നൊമ്പരങ്ങളും ചെറു ചിരിയില്‍ ചാലിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് സുഡാനിയുടെ വലിയ പ്രത്യേകത.

സുഡാനിയിലെ കഥാപാത്ര നിര്‍മ്മിതികള്‍ ഗംഭീരമാണ്. അതില്‍ തന്നെയും ഏറ്റവും മികച്ചത് രണ്ട് പെണ്‍ കഥാപാത്രങ്ങളാണ്. സൗബിന്‍ അവതരിപ്പിക്കുന്ന മജീദ് റഹ്മാന്റെ ഉമ്മയും അയല്‍ വീട്ടിലെ മറ്റൊരു ഉമ്മയും. രണ്ടു പേരും മജീദിന് ഉമ്മമാരാണ്. സിനിമ വികസിക്കുന്നതിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ സുഡു എന്ന് വാത്സല്യത്തോടെ വിളിക്കുന്ന നൈജീരിയക്കാരന്‍ സാമുവലിനും അവര്‍ ഉമ്മമാരാവുന്നുണ്ട്. കഴുത്തിലും കാതിലും സ്വര്‍ണ്ണം നിറച്ചിട്ട പെറ്റു കൂട്ടാന്‍ മാത്രം വിധിക്കപ്പെട്ട കോമാളിക്കൂട്ടങ്ങളാണ് വര്‍ഷങ്ങളായി മലയാള സിനിമയിലെ മുസ്ലിം പെണ്ണുങ്ങള്‍. മജീദിന്റെ ഉമ്മമാരുടെ കഥാപാത്ര നിര്‍മ്മിതി ആ കീഴ്വഴക്കങ്ങളെ വെല്ലു വിളിക്കുന്നുണ്ട്. ആ രണ്ട് പെണ്ണുങ്ങള്‍ മാത്രമല്ല, തുടര്‍ന്ന് പഠിക്കണം എന്നും ജോലി ചെയ്യണം എന്നും അഭിമാനത്തോടെ പറയുന്ന മജീദിന്റെ മുഖത്ത് നോക്കി ”നോ” എന്ന് പറയുന്ന വിദ്യാഭ്യാസമുള്ളൊരു പെണ്ണ് , ”അവളുടെ ഇഷ്ടം വിദേശത്ത് പോയി ജോലി ചെയ്യാനാണ്” എന്ന് തന്റെ മകളെ കുറിച്ച് അഭിമാനത്തോടെ പറയുന്ന പിതാവ് ഈ കാഴ്ച്ചകളൊക്കെയും മലയാള സിനിമയില്‍ മുസ്ലിം സമുദായത്തെ സംബന്ധിച്ച് പുതുമയാണ്. ഈ സമുദായത്തെ അത്രയധികം തെറ്റിധാരണയോടെയാണ് മലയാള സിനിമ ഇന്ന് വരേയും അടയാളപ്പെടുത്തിയിട്ടുള്ളത്. കയലി മുണ്ടും ബനിയനും അരയില്‍ പച്ച ബെല്‍റ്റും തൊപ്പിയുമാണ് മുസ്ലിം പുരുഷന്മാര്‍ക്ക് മലയാള സിനിമാ ലോകം നല്‍കിയ യൂണിഫോം. ആ മുന്‍ ധാരണകളെ പുനര്‍ നിര്‍മ്മിക്കുന്നുണ്ട് സിനിമ.

തമ്പുരാന്‍ സിനിമാ ഗ്‌ളോറിഫിക്കേഷന് വേണ്ടി ഇരയാക്കപ്പെട്ട മലപ്പുറം എന്ന നാടിന്റെ നന്മയും സ്‌നേഹവും സിനിമയുടെ നട്ടെല്ലാണ്. ഇത്ര കാലവും അരികു വല്‍ക്കരിക്കപ്പെട്ട ഒരു ദേശത്തിനേയും സമൂഹത്തിനേയും നേരായി അവതരിപ്പിക്കുന്നതിനിടയില്‍ സിനിമ നല്‍കുന്ന ഊര്‍ജ്ജവും സന്തോഷവും വലുതാണ്.

ഒരു നാടിന് ഫുട്‌ബോള്‍ എന്ന കായിക വിനോദത്തിനോടുള്ള വൈകാരികമായ പ്രണയവും കളത്തിന് പുറത്തെ ജീവിതങ്ങളും സിനിമയുടെ സന്ദര്‍ഭങ്ങളാണ്. എന്നാല്‍ വെറും പ്രാദേശിക കഥയായി മലപ്പുറത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല സുഡാനിക്കഥ. യൂണിവേഴ്‌സല്‍ ടോപ്പിക്കിനെയാണ് സിനിമ പ്രതിനിധാനം ചെയ്യുന്നത്. കാഴ്ചയിലെ കൊച്ചുണ്ടാപ്രിക്ക് ശേഷം അധിനിവേശത്തിന്റെ പ്രതിനിധിയായി മലയാളത്തിലെത്തുന്ന സുഡാനിയും അത്രയും തന്നെ ഹൃദയം തൊടുന്നുണ്ട്. ജലക്ഷാമം എന്ന വലിയ പ്രശ്‌നത്തേയും സിനിമ ചര്‍ച്ചയാക്കുന്നുണ്ട്.

മജീദിന്റെ ഉമ്മയുടെ രണ്ടാം ഭര്‍ത്താവായ ഒരു കഥാപാത്രമുണ്ട്. അയാള്‍ സുഡാനിയെ പരിചയപ്പെടുന്ന രംഗം സിനിമയുടെ ഹൈലൈറ്റാണ്. ഫാദര്‍ എന്ന് രണ്ട് തവണ ആവര്‍ത്തിക്കുന്ന വീട്ടില്‍ നിന്ന് യാത്ര പറഞ്ഞ് പോകുമ്‌പോള്‍ തിരിഞ്ഞ് നോക്കാതെ കൈ ഉയര്‍ത്തി സുഡാനിയെ അഭിവാദ്യം ചെയ്യുന്ന ആ കഥാപാത്രം. സുഡാനി ആ വീട്ടില്‍ നിറഞ്ഞ സ്‌നേഹം കിട്ടുന്ന അഭയാര്‍ത്ഥിയാണെങ്കില്‍ മജീദിന്റെ രണ്ടാനച്ഛന്‍ കഥാപാത്രം സ്‌നേഹത്തിന്റെ തൂക്കു പലകയില്‍ തോറ്റ് പോകുന്ന ആ വീട്ടിലെ മറ്റൊരു അഭയാര്‍ത്ഥിയാണ്.

സ്‌നേഹത്തിന്റെ, അഭയാര്‍ത്ഥിത്വത്തിന്റെ, നിസഹായതയുടെ അങ്ങനെ പല കാഴ്ചകളുടെ കൊളാഷാണ് സുഡാനി ഫ്രം നൈജീരിയ. അവസാനിക്കുമ്‌പോഴും കുറച്ച് കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് അറിയാതെ ആശിച്ച് പോകുന്ന ഓരോ സീനും ഓരോ അനുഭവമാകുന്ന സിനിമ. അവസാന രംഗത്തില്‍ സുഡാനിക്ക് രണ്ട് ഉമ്മമാര്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നുണ്ട്. അത് പ്രേക്ഷകരുടേത് കൂടിയാണ്…..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here