കൊല്‍ക്കത്തയെ പിടിച്ചുകെട്ടാനാവാതെ കോഹ്‌ലിപട

കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ്- ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ പോരാട്ടത്തില്‍ കോഹ്‌ലിയുടെ ബാംഗ്ലൂര്‍ പടയെ ആതിഥേയരായ കൊല്‍ക്കത്ത പരാജയപ്പെടുത്തി. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റ് വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനായി കളത്തിലിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 176 റണ്‍സ് നേടി. ഓപ്പണര്‍ ബ്രഡന്‍ മക്കല്ലം 27 പന്തുകളില്‍ നിന്ന് 43 റണ്‍സും എബി ഡിവില്ലിയേഴ്‌സ് 23 പന്തുകളില്‍ നിന്ന് 44 റണ്‍സും നേടിയാണ് ബാംഗ്ലൂരിന്റെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിയത്. മന്ദീപ് സിംഗ് 18 പന്തുകള്‍ നേരിട്ട് 37 റണ്‍സും ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി 33 പന്തുകളില്‍ നിന്ന് 31 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

കൊല്‍ക്കത്ത താരങ്ങളായ നിതീഷ് റാണ, വിനയ് കുമാര്‍ എന്നിവര്‍ ബാംഗ്ലൂരിന്റെ രണ്ട് വീതം വിക്കറ്റുകള്‍ നേടി. പിയൂഷ് ചൗള, സുനില്‍ നരെയ്ന്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിവകര്‍ ഓരോ വിക്കറ്റൂകളും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരെയ്‌ന്റെ ബാറ്റിംഗ് കരുത്തില്‍ മികച്ച മുന്നേറ്റമാണ് ആദ്യം മുതലേ നടത്തിയത്. 5 സിക്‌സറുകളും 4 ഫോറുകളും അടക്കം 19 പന്തുകളില്‍ നിന്ന് അര്‍ധശതകം നേടിയ നരെയ്ന്‍ കൊല്‍ക്കത്തയിലെ കാണികളെ ആവേശഭരിതരാക്കി. 25 പന്തുകളില്‍ നിന്ന് 34 റണ്‍സ് നേടി നിതീഷ് റാണയും 29 പന്തുകളില്‍ നിന്ന് 35 റണ്‍സ് നേടി കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും അതിഥേയരുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. ഏഴ് പന്തുകള്‍ ശേഷിക്കെയാണ് കൊല്‍ക്കത്ത വിജയത്തിലെത്തിയത്.

ബംഗ്ലൂരിനു വേണ്ടി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റുകളും ഉമേഷ് യാദവ് രണ്ട് വിക്കറ്റുകളും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top