അംബേദ്കര്‍ ജയന്തി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ദളിത് വോട്ടുകള്‍

ദളിത് ജനവിഭാഗങ്ങളെ ബിജെപിയുമായി കൂടുതല്‍ അടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. അംബേദ്കര്‍ ജയന്തി ദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ‘ഗ്രാം സ്വരാജ് അഭിയാന്‍’ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നത്. ശനിയാഴ്ച പരിപാടികള്‍ക്ക് തുടക്കമാകും.
ബിജെപി ദളിതര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ദളിത് ജനപ്രതിനിധികളോട് കേന്ദ്രം അവഗണന കാണിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ചില ബിജെപി എംപിമാര്‍ വിമര്‍ശിച്ചിരുന്നു. ദളിത് പീഢനനിയമം സുപ്രീം കോടതി ലഘൂകരിച്ചതിലും കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധവുമായി ദളിത് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുനയപ്പിക്കാനുള്ള നീക്കം ആരംഭിക്കുന്നത്. അംബേദ്കര്‍ ദിനം ആഘോഷിക്കുന്നതിലൂടെ രാജ്യത്തെ ദളിതരുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഈ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here