കാവേരി പ്രതിഷേധം ഐപിഎല്‍ വേദിയിലും; ജഡേജക്കുനേരെ സ്റ്റേഡിയത്തില്‍ ഷൂ ഏറ്

കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള തമിഴ്‌നാട്ടിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലും. കനത്ത സുരക്ഷയില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ പ്രതിഷേധക്കാര്‍ ചെന്നൈ താരത്തിനു നേരെ ഷൂ ഏറ് നടത്തി. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്നലെ മത്സരം നടന്നത്. അതിനിടയിലാണ് കാണികളില്‍ നിന്ന് ചെന്നൈ താരമായ രവീന്ദ്ര ജഡേജയെ ഉന്നംവെച്ച് ഷൂ എറിഞ്ഞത്.

കൊല്‍ക്കത്ത ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഇന്നിംഗ്‌സിന്റെ എട്ടാം ഓവറില്‍ ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജക്കു നേരെ തമിളര്‍ കക്ഷി (എന്‍ടികെ) പ്രവര്‍ത്തകര്‍ ഷൂ എറിയുകയായിരുന്നു. ഷൂ എറിഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവര്‍ത്തകര്‍ എറിഞ്ഞ ഷൂ ജഡേജയുടെ ദേഹത്ത് കൊണ്ടില്ല. അവസാന ഇലവനില്‍ ഇല്ലാതിരുന്ന ചെന്നൈ താരം ഫാഫ് ഡുപ്ലസിസ് മൈതാനത്തു നിന്ന് ഷൂ എടുത്തു മാറ്റുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കാവേരി വിഷയവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഐപിഎല്‍ വേദിയിലേക്കും പ്രതിഷേധം അലയടിക്കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top