Advertisement

ജസ്നയുടെ തിരോധാനം; ഇരുട്ടില്‍ തപ്പി പോലീസ്

April 14, 2018
Google News 0 minutes Read

പത്തനംതിട്ടയില്‍ നിന്ന് ജസ്നയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 34ദിവസങ്ങള്‍. കഴിഞ്ഞ മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജയിംസി(20)നെ കാണാതാകുന്നത്.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് ജസ്ന. രാവിലെ അമ്മായിയുടെ വീട്ടിലേക്ക് എന്ന പറഞ്ഞ് പോയ ജസ്നയെ അതിന് ശേഷം മറ്റാരും കണ്ടിട്ടില്ലെന്നതാണ് സത്യം. കത്വയിലെ പെണ്‍കുട്ടിയുടെ മരണത്തിന്റെ  പശ്ചാത്തലത്തില്‍  ജസ്നയുടെ തിരോധാനത്തേയും ഭീതിയോടെയാണ് വീട്ടുകാരും ജസ്നയുടെ ബന്ധുക്കളും സുഹൃത്തുക്കളും കാണുന്നത്.

ജസ്ന പോകുന്നത് വീട്ടില്‍ ഒരും ഇല്ലാത്തപ്പോള്‍
അച്ഛന്‍ ജോലിയ്ക്കും സഹോദരിമാര്‍ കോളേജിലേക്കുമായി പോയപ്പോഴാണ് ജസ്ന അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. കാഞ്ഞിരപ്പള്ളിയിലുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്കെന്നാണ് പറഞ്ഞത്.  അയല്‍ വീട്ടില്‍ ഇക്കാര്യം അറിയിച്ചാണ് ജസ്ന ഓട്ടോയില്‍ മുക്കൂട്ടുതറ ടൗണില്‍ എത്തുന്നത്. അമ്മായിയുടെ വീട്ടില്‍ പോകുന്നു എന്ന് തന്നെയാണ് ഓട്ടോ ഡ്രൈവറോടും ജസ്ന പറഞ്ഞത്. പിന്നീട് ജസ്ന അപ്രത്യക്ഷയായി. 34ദിവസമായിട്ടും തത്സ്ഥിതി തന്നെ. ആര്‍ക്കും ജസ്നയെ കുറിച്ച് ഒരു വിവരവും ഇല്ല. ഏരുമേലിയില്‍ എത്തുന്നത് വരെ കണ്ടവരുണ്ട്. അതിന് ശേഷം ഈ നിമിഷം വരെ ഒരു അറിവും ജസ്നയെ കുറിച്ച് ഇല്ല.

പോയത് മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചശേഷം 
മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് ജസ്ന അന്ന് അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയത്.  ജസ്നയുടെ സഹോദരിയുടെ  ഫോണിലേക്ക് അതിന് ശേഷം എത്തിയ രണ്ട് അജ്ഞാത കോളുകളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും അതില്‍ നിന്നും തെളിവുകളൊന്നും ലഭിച്ചില്ല. ബെംഗളൂരുവില്‍ നിന്ന് രണ്ട് അജ്ഞാത കോളുകളാണ് ജസ്നയുടെ സഹോദരിയുടെ ഫോണില്‍ വന്നത്. സഹോദരി ഫോണ്‍ എടുത്തെങ്കിലും ആരും സംസാരിച്ചില്ല. ഈ രണ്ടു നമ്പരുകളിലേക്കും വിളിച്ചെങ്കിലും ആരെയും ലഭിച്ചതുമില്ല.

സ്മാര്‍ട്ട് ഫോണ്‍ പോലും ഇല്ലാത്ത കുട്ടി  
അധികം ആരോടും സംസാരിക്കാത്ത കുട്ടിയായിരുന്നു ജസ്ന. ഇന്റര്‍നെറ്റ് ഇല്ലാത്ത സാധാരണ ഫോണാണ് ഉപയോഗിച്ചിരുന്നതും. സംശയാസ്പദമായ തരത്തില്‍ ഒരു ബന്ധമോ ഫോണ്‍ കോളോ ഒന്നും ജസ്നയ്ക്ക് ഉണ്ടായിരുന്നുമില്ല. അത്തരത്തില്‍ ഒരു കുട്ടി എങ്ങനെ ഇങ്ങനെ വീട്ടില്‍ നിന്ന് മാറി നില്‍ക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം. അത്കൊണ്ട് തന്നെ ജസ്നയെ ആരെങ്കിലും അപായപ്പെടുത്തിയിരിക്കാമെന്ന ഭീതിയിലാണ് വീട്ടുകാരും നാട്ടുകാരും.

അമ്മയുടെ മരണം ജസ്നയെ തളര്‍ത്തി 
കഴിഞ്ഞ ജൂലൈയിലാണ് ജസ്നയുടെ അമ്മ പനി ബാധിച്ച് മരിക്കുന്നത്. ഹോസ്റ്റലില്‍ നിന്ന് പഠിച്ച ജസ്ന അതിന്ശേഷമാണ് കോളേജിലേക്ക് വീട്ടില്‍ നിന്ന് പോകാന്‍ തുടങ്ങിയത്. അമ്മ മരിച്ച ആഘാതത്തില്‍ നിന്ന് ജസ്ന ഇതുവരെ മുക്തയായിട്ടില്ലെന്ന് സഹോദരങ്ങള്‍ പറയുന്നു. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പോലീസ് പറയുമ്പോഴും ജസ്നയുടെ തിരോധാനത്തെ കുറിച്ച് ഫലപ്രദമായ ഒരു ഉത്തരം പോലും പോലീസിന് നല്‍കാന്‍ ആകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അഞ്ച് സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ ഒരു സംഘം കേരളത്തിന് പുറത്താണ് അന്വേഷണം നടത്തുന്നത്. റാന്നി സർക്കിള്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ്സ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here