25
Mar 2019
Monday
100 News

വെറുതേയല്ല ഉപ്പും മുളകും മെഗാ ഹിറ്റായത്

സ്ഥലം പുനലൂർ മുൻസിപ്പൽ സ്റ്റേഡിയം. അവിടെയാണ് കഴിഞ്ഞ ഏഴ് ദിവസമായി വിജയകരമായി ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. സമയം രാത്രി പത്തു മണിയോടടുക്കുന്നു. ഒരു വയസിൽ താഴെ ഉള്ള കുഞ്ഞുങ്ങൾ മുതൽ 70 വയസായ ആളുകൾ വരെ അപ്പോഴും അക്ഷമരായി ഒരു കുടുംബത്തെ കാത്തിരിക്കുകയാണ്. ആദ്യം എത്തി കസേര ഉറപ്പിച്ചവരല്ലാത്ത ബാക്കി വരുന്ന വലിയ ജനക്കൂട്ടം നിൽക്കുകയാണ്. പലരുടെയും തോളിൽ അവരുടെ കുഞ്ഞുങ്ങളുമുണ്ട്. ആ ജന സഞ്ചയം 6 മണി കഴിഞ്ഞപ്പോൾ മുതൽ ആ കുടുംബത്തിനെ കാണാൻ കാത്തിരിക്കുകയാണ്. സമയം മുന്നേറും തോറും വേദിയിൽ രസകരമായ പരിപാടികൾ അരങ്ങേറുന്നുണ്ട്.

അതെല്ലാം കണ്ടാസ്വദിച്ചു അവർ അവരുടെ പ്രിയപ്പെട്ട കുടുംബത്തിനായി കാത്തിരിപ്പ് തുടരുകയാണ്. ആകാംക്ഷ ചില നേരങ്ങളിൽ പ്രതിഷേധമായി. “അവരെവിടെ” എന്ന ചോദ്യങ്ങൾ ഇടക്കിടെ ഉയർന്ന് കേട്ടു കൊണ്ടിരുന്നു. അപ്പോഴൊക്കെയും “ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇവിടെ എത്തി ചേരും” എന്ന അന്നൗൺസ്മെന്റ് വേദിയിൽ നിന്നും മറുപടിയായി ലഭിച്ചു കൊണ്ടുമിരുന്നു.
ഒടുവിൽ 10 മണിയോടടുത്തപ്പോൾ അവർ വേദിയിലേക്ക് എത്തി. സദസാകെ ഇളകി മറിഞ്ഞു. ആർപ്പ് വിളികൾ മുഴക്കി. വേദിയിൽ ഇപ്പോൾ ഒരു സിനിമാ താരവുമല്ല. പിന്നെയോ താര രാജാക്കന്മാർക്ക് കിട്ടുന്നതിന് സമാനമായ സ്വീകരണവും ലഭിച്ചു കൊണ്ട് നിൽക്കുന്നത് വെറും സീരിയൽ താരങ്ങൾ. അതെ… ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ പരിപാടിയായ ഉപ്പും മുളകും എന്ന സീരിയലിലെ താരങ്ങളെ ഒരു നോക്ക് കാണാനാണ് ആ ജനക്കൂട്ടം അത്രയും നേരവും കാത്തിരുന്നത്. ആ സ്നേഹവും സ്വീകരണവും തന്നെയാണ് ഉപ്പും മുളകിനെ മെഗാ ഹിറ്റാക്കിയത്, ഓരോ താരങ്ങളെയും മിനിസ്‌ക്രീനിലെ സൂപ്പർ താരങ്ങളാക്കിയത്.

അവരുടെ പ്രിയപ്പെട്ട നീലുവിനേയും ലച്ചുവിനേയും മുടിയനേയും കേശുവിനേയും ശിവയേയും പുനലൂരിലെ ജനത സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചു. പക്ഷേ, പിന്നെയും അവരുടെ പരാതി തീർന്നിരുന്നില്ല. ഷൂട്ടിംഗ് തിരക്ക് മൂലം എത്താൻ കഴിയാതിരുന്ന ബാലുവിനെ കാണാത്തതിന്റെ പരിഭവം എല്ലാവർക്കും ഉണ്ടായിരുന്നു. യുവാക്കൾ “ബാലൂ… ബാലൂ..” എന്ന ആർപ്പ് വിളികൾ കൊണ്ട് ആ വിഷമവും സ്നേഹവും അറിയിച്ചു.

സർവാഭരണ വിഭൂഷകളായ അമ്മായി മരുമകൾ പോരും അവിഹിത കഥകളും കാരണം ജന മനസുകളിൽ നിന്ന് അകന്നു തുടങ്ങിയ ടെലിവിഷൻ സീരിയൽ മേഖലക്ക് പുതു ജീവൻ പകർന്ന് കൊണ്ടാണ് റിയലിസ്റ്റിക് ചേരുവകളുമായി ഫ്ളവേഴ്സ് ഉപ്പും മുളകും അവതരിപ്പിക്കുന്നത്. കാതുകളിൽ നിന്നും കാതുകളിലേക്ക് ഉപ്പും മുളകിന്റെ ഖ്യാതി പടർന്നു. ഇപ്പോൾ 600 എപിസോഡുകൾ പിന്നിടാൻ ഒരുങ്ങുന്ന ഉപ്പും മുളകിന്റെ പ്രേക്ഷകർക്ക് വലിപ്പ ചെറുപ്പമില്ല. സീരിയൽ വിരോധികളായ ചെറുപ്പക്കാർ ഉൾപ്പെടെ എല്ലാ തലമുറയുടെയും ഇഷ്ട്ടം നേടി സ്വന്തം കുടുംബത്തെ പോലെയൊരു പരിഗണനയോടെയാണ് ഉപ്പും മുളകും മുന്നേറുന്നത്.
ആ സ്നേഹത്തിന്റെ തെളിവാണ് ഇന്നലെ പുനലൂരിലും കണ്ടത്. യൂ ട്യൂബിൽ ഒരു കോടി കാഴ്ചക്കാർ കണ്ട ഇന്ത്യയിലെ ഒരേയൊരു ടെലിവിഷൻ പ്രോഗ്രാം എന്ന റെക്കോർഡും ഉപ്പും മുളകും സ്വന്തമാക്കിയിരുന്നു.

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഓരോ ദിവസവും നല്ല തിരക്ക് അനുഭവപ്പെടുന്ന മേളയിലെ ഇന്നത്തെ പ്രത്യേകത രഞ്ജിത്ത് ഉണ്ണി, ശോഭാ ശിവാനി എന്നിവർ ചേർന്ന് നയിക്കുന്ന ഗാനമേള, റോയൽ സിറ്റി ഡാൻസ് കമ്പനിയുടെ ഡാൻസ് ഷോ, കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ മനോജ് അമ്പലമുകൾ, ഷാലിൻ കുന്നംകുളം എന്നിവരുടെ കോമഡി ഷോ എന്നിവയാണ്. മേള ഏപ്രിൽ 16 ന് സമാപിക്കും.

ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.

Top