‘മോദിയുടെ മൗനം കുറ്റകരം’; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ്

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം കുറ്റകരമാണെന്ന് ന്യൂയോര്‍ക് ടൈംസിന്റെ മുഖപ്രസംഗം. കത്വ സംഭവത്തെ പ്രധാനമന്ത്രി കാര്യമായെടുക്കാത്തതിനെയും ന്യൂയോര്‍ക് ടൈംസ് വിമര്‍ശിച്ചിട്ടുണ്ട്. നിരവധി വേദികളില്‍ തന്റെ പ്രസംഗം കൊണ്ട് അണികളെ കയ്യിലെടുത്തിട്ടുള്ള മോദി രാജ്യത്ത് ഒരു അസാധാരണ സംഭവം നടന്ന് ദിവസങ്ങള്‍ക്കിപ്പറവും നിശബ്ദനായി ഇരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയിലെ അണികള്‍ തന്നെ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുമ്പോള്‍ മോദിയുടെ മൗനം അപഹാസ്യമാണെന്നും ന്യൂയോര്‍ക് ടൈംസ് പറയുന്നു.
കത്‌വയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി രാജ്യത്ത് പ്രക്ഷോഭങ്ങലും പ്രതിഷേധങ്ങളും നടക്കുമ്പോഴാണ് മോദി നിശ്ബദനായിരിക്കുന്നതെന്ന് ന്യൂയോര്‍ക് ടൈംസ് ആരോപിക്കുന്നു. യുപിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍ പ്രതിയായ എംഎല്‍എയെ രക്ഷിക്കാന്‍ ബിജെപി രംഗത്തുണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതികളായ വ്യക്തിയെ അറസ്റ്റ് ചെയ്തതിനെതിരെ കശ്മീര്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാര്‍ തന്നെ പ്രദേശത്തുള്ളവരെ കൂട്ടുപിടിച്ച് റാലി നടത്തുകയും സംസ്ഥാന പൊലീസില്‍ നിന്നും അന്വേഷണം മാറ്റാനും ഗൂഢ ശ്രമങ്ങള്‍ നടത്തുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു.
നിരന്തരം സോഷ്യല്‍ മീഡിയ വഴി പ്രതികരണങ്ങള്‍ നടത്തി സ്വയം ഒരു വാഗ്മിയാണെന്ന് ആവേശം കൊള്ളുന്ന പ്രധാനമന്ത്രി സ്ത്രീകള്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരേയും തന്റെ പാര്‍ട്ടിയില്‍ പെട്ട വര്‍ഗീയ ശക്തികള്‍ അക്രമണം നടത്തുമ്പോള്‍ മൗനം പാലിക്കുകയാണ്. ഒരു രാജ്യത്തെ മുഴുവന്‍ ജനതയേയും സംരക്ഷിക്കേണ്ട ചുമതലയാണ് പ്രധാനമന്ത്രിക്കുള്ളത്, അല്ലാതെ തങ്ങളുമായി സഖ്യമുള്ള പാര്‍ട്ടിയിലുള്ളവരെ മാത്രമല്ല; മുഖപ്രസംഗം വ്യക്തമാക്കി. നേരത്തെ ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ടും മോഡിക്കെതിരെ ന്യൂയോര്‍ക്ക് ടൈംസ് ലേഖനം എഴുതിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here