Advertisement

ഇന്ത്യന്‍ മോസാര്‍ട്ട്, എ ആര്‍ റഹ്മാന്‍

May 2, 2018
Google News 0 minutes Read
a r rahman

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിലാണ് ആ സംഗീതമാന്ത്രികന്‍ ഇന്ത്യന്‍ സിനിമയില്‍ അവതരിക്കുന്നത്. ഇന്ത്യന്‍ മൊസാര്‍ട്ട് എന്ന പേര് സ്വന്തം പേരിനോട് ചേര്‍ത്ത് വയ്ക്കാന്‍ ആ അള്ളാ റഖാ റഹ്മാന്‍ അഥവാ എ.ആര്‍ റഹ്മാന് പിന്നെ ഒട്ടും സമയം വേണ്ടിവന്നില്ല. ആ അഭൗമ മാസ്മരിക സംഗീതത്തില്‍ ആസ്വാദകര്‍ അലിഞ്ഞില്ലാതെയാകും പോലെയായിരുന്നു അത്, എ ആര്‍ റഹ്മാന്‍ എന്ന പേര് ഇന്ത്യന്‍ സംഗീതത്തില്‍ നിന്ന് വേര്‍തിരിക്കാനാകാത്ത വിധം  ഇഴുകി ചേര്‍ന്നത് എപ്പോഴാണെന്ന് തിരിച്ചറിയുക അസാധ്യം. സംഗീതത്തിലെ ഒഴുക്കിനൊപ്പം സഞ്ചരിച്ച് പാട്ടിന്റെ മഹാസാഗരങ്ങളില്‍ അലിഞ്ഞ് പോയ പേര്, എ ആര്‍ റഹ്മാന്‍!! കേള്‍ക്കും തോറും ആ വിരലുകള്‍ തീര്‍ത്ത സംഗീതത്തിന്റെ അടിമകളാക്കി മാറ്റുന്നുവെന്ന് ലോകം തന്നെ ഏറ്റ് പറയുന്നു. രണ്ട് പതിറ്റാണ്ടുകളോളമായി ഇന്ത്യന്‍ പോപ്പുലര്‍ സംഗീതത്തിന്റെ അപ്പോസ്തലന്‍, എ.ആര്‍ റഹ്മാന്‍!!

എം.എസ്സ് വിശ്വനാഥന്‍ ഇളയരാജ എന്നീ അതികായകന്മാര്‍ തെന്നിന്ത്യയില്‍ തിളങ്ങി നിന്നപ്പോഴാണ് കൗമാരം വിട്ടൊഴിഞ്ഞ ഒരു പയ്യന്‍ സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്. പതിനൊന്നാം വയസ്സില്‍ ഒരു സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും മണിരത്നം ചിത്രമായ റോജയിലൂടെയാണ് ഹൃദയത്തില്‍ കണ്ണീരിന്റെ ഉപ്പ് കലര്‍ത്തിയ ആ സംവിധായകനെ ലോകം തിരിച്ചറിഞ്ഞത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. പിന്നീടങ്ങോട്ട് എ.ആര്‍ റഹ്മാന്‍ സൃഷ്ടിച്ച സംഗീത വലയത്തിലായിരുന്നു ഇന്ത്യന്‍ സിനിമ. അത് പതുക്കെ ലോകത്തിന് പുറത്തേക്ക് നുരഞ്ഞ് പൊന്തി.

കേള്‍ക്കുന്ന നൊടിയില്‍ ഒരു പക്ഷേ അത്രയേറെ പ്രിയങ്കരമാകുന്നതായിരിക്കില്ല എങ്കിലും കേള്‍ക്കും തോറും പിന്നീട് നമ്മെ അടിമകളാക്കി മാറ്റുന്ന സംഗീതത്തിന് ഉടമ എന്ന രീതി ഒരു പക്ഷേ റഹ്മാന്‍ സംഗീതത്തിന്റെ മാത്രം പ്രത്യേകതയാവാം.തുടക്കത്തില്‍ സംഗീത ലോകത്തെ പാരമ്പര്യ വാദികള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും ആ വിരലുകളില്‍ നിന്ന് ജന്മം കൊണ്ട സംഗീതവും അതിന് പിന്നാലെ പോന്ന ലോകോത്തര പുരസ്കാരങ്ങളും അവയ്ക്കെല്ലാം നിശബ്ദമായി ഉത്തരം നല്‍കി. ഇത്രയേറെ നിശബ്ദനായ ഒരാളെയാണ് ലോകം മുഴുവന്‍ ആരാധിക്കുന്നത്. ഓരോ സൃഷ്ടിയ്ക്കുമായി അവര്‍ കാത്തിരിക്കുന്നത്, ഉള്ളുലയ്ക്കുന്ന സംഗീതവുമായി അദ്ദേഹം തേടിയെത്തുമെന്ന പ്രതീക്ഷയാടെയാണ്.

ജനനം

മലയാളം,തമിഴ് ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയിരുന്ന ആർ.കെ.ശേഖറിന്റെ മകനായി ചെന്നൈയില്‍ 1966 ജനുവരി 6നാണ് എആര്‍ റഹ്മാന്‍ ജനിക്കുന്നത്. ഒമ്പതാം വയസ്സില്‍ അച്ഛന്‍ മരിച്ചതിന് ശേഷം പിതാവിന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ്‌ റഹ്മാന്റെ കുടുംബം കഴിഞ്ഞത്. ഇളയരാജയടക്കം നിരവധി സംഗീതജ്ഞര്‍ ഇവിടെ നിന്നാണ് സംഗീതോപകരങ്ങള്‍ വാടകയ്ക്ക് എടുത്തിരുന്നത്.കീബോര്‍ഡും കോമ്പോ ഓര്‍ഗനുകളുമായിരുന്നു വാടകയ്ക്ക് കൊടുത്തിരുന്നത്. അപ്പോഴും ചില ട്രൂപ്പുകളില്‍ കീ ബോര്‍ഡ് വായിക്കാന്‍ റഹ്മാന്‍ പോകുമായിരുന്നു. അച്ഛന്റെ അടുത്ത സുഹൃത്തും മലയാളസംഗീതസംവിധായകനുമായ എം.കെ.അര്‍ജ്ജുനന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ ട്രൂപ്പിലേക്ക് വിളിച്ചു. അതായിരുന്നു എആര്‍ റഹ്മാന്റെ ആദ്യ ജോലി. അമ്പത് രൂപയായിരുന്നു ശമ്പളം. സിനിമയ്ക്ക് വേണ്ടി റെക്കോര്‍ഡ് പ്ലേ ചെയ്യുക എന്നതായിരുന്നു ജോലി.


പതിനൊന്നാം വയസ്സിൽ ഇളയരാജയുടെ സംഗീത ട്രൂപ്പിൽ കീബോർഡിസ്റ്റായി ചേർന്നു. അന്നത്തെ റഹ്മാന്റെ കൂട്ടുകാരില്‍ ഒരാളാണ് ഇന്ന് ഡ്രംസ് വായനയില്‍ ലോക പ്രസിദ്ധനായ ശിവമണി. പിന്നീട് ചെന്നൈ ആസ്ഥാനമായ “നെമിസിസ് അവെന്യു” എന്ന റോക്ക് ബാന്റിന് റഹ്മാന്‍ രൂപം നല്‍കി. പിന്നീട് എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ അംഗമായി. സാക്കിർ ഹുസൈൻ‌, കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ എന്നിവരുടെ കൂടെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ശേഷം ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജിന്റെ സ്കോളർഷിപ്പ് ലഭിക്കുകയും അവിടെ നിന്ന് പാശ്ചാത്യ ക്ലാസിക്ക് സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു.

ആദ്യ സംവിധാനം പെണ്‍പടയില്‍

പെൺപട’ എന്ന ചിത്രത്തിനുവേണ്ടി പാട്ടുകളൊരുക്കുന്നതിന്റെ ഇടവേളയില്‍ അച്ഛനെ അനുകരിച്ചു എആര്‍ റഹ്മാന്‍ വായിച്ച ട്യൂണ്‍ ശിവകുമാറിനിഷ്ടപ്പെടുകയായിരുന്നു. റഹ്മാന്‍ അവനറിയാവുന്ന വിധം ബാക്കി കൂടി ചെയ്തു. കാര്യമായ മാറ്റങ്ങൾ വരുത്താതെതന്നെ ആ ട്യൂൺ ശേഖർ മിനുക്കിയെടുത്തു. വെണ്ണക്കൽ ശിൽപം പോൽ എന്ന ഗാനം പുതിയ സംഗീതജ്ഞന്റെ പിറവിക്കു കാരണമായി ജയചന്ദ്രനാണ് ആ പാട്ടിനു ശബ്ദം നൽകിയത്. ‘പെൺപട’യിലെ ഏറ്റവും മികച്ച ഗാനമായി അതു മാറി. പതിനൊന്ന് വയസ്സായിരുന്നു അന്ന് റഹ്മാന്.

മുസ്ലീമാകുന്നു
സഹോദരിക്കു മാരകമായ അസുഖം ബാധിച്ചതാണു ജീവിതം മാറ്റിമറിച്ചത്. പീർ മുഹമ്മദ് എന്ന സൂഫി പണ്ഡിതന്റെ പ്രാർഥനയുടെയും ചികിൽസയുടെയും ഫലമായി സഹോദരിക്കു രോഗശാന്തിയുണ്ടായി. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച്  കുടുംബ സമ്മേതം ഇസ്ലാംമതം സ്വീകരിച്ചു. അങ്ങനെയാണ് എ.എസ് ദിലീപ്കുമാർ അല്ലാരഖാ റഹ്മാനായത്.

ആദ്യം തിളങ്ങിയത് പരസ്യ രംഗത്ത് 
പരസ്യസംഗീതരംഗത്താണു റഹ്മാൻ ആദ്യം തിളങ്ങിയത്. 1987ൽ ടെലിവിഷനിലൂടെ ശ്രദ്ധേയമായ, ആൽവിൻ ട്രെൻഡി വാച്ചുകളുടെ പരസ്യ ജിംഗിളിലൂടെയാണ് റഹ്മാൻ ആദ്യം അറിയപ്പെട്ടു തുടങ്ങിയത്. രണ്ടുമൂന്നുവർഷം കൊണ്ട് ഈ രംഗത്ത് പേരെടുത്തു. 1991ൽ ജിംഗിൾസ് കംപോസിങ്ങിന്റെ ഒരു അവാർഡ് കിട്ടിയതാണ് വഴിത്തിരിവായത്. അവാർഡ് വിതരണ ചടങ്ങിൽ മണിരത്നം വന്നിരുന്നു. ഒരാൾ റഹ്മാനെ മണിരത്നത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് റോജയിലേക്ക് എത്തുന്നത്. വെറും 25000രൂപയായിരുന്നു റോജയിലെ സംഗീത സംവിധാനം നിര്‍വഹിച്ചതിന് റഹ്മാന് പ്രതിഫലമായി ലഭിച്ചത്. 1992ൽ മണിരത്നത്തിന്റെ റോജ എന്ന ചിത്രം പുറത്തിറങ്ങിയതോടെ റഹ്മാൻ തരംഗത്തിനു തുടക്കമായി.


യുഎൻ മില്ലേനിയം ഡവലപ്മെന്റ് പ്രോഗ്രാമിനായി ചെയ്ത പ്രേ ഫോർ മീ ബ്രദർ എന്ന ആൽബം റഹ്മാന് രാജ്യാന്തര തലത്തിൽത്തന്നെ ഒട്ടേറെ ആരാധകരെ നേടിക്കൊടു ത്തു. എയർടെല്ലിനു വേണ്ടി ചെയ്ത സിഗ്നേച്ചർ ട്യൂൺ ഒരു കോടിയിലേറെ സെൽ ഫോൺ ഉപയോക്താക്കളാണു ഡൗൺലോഡ് ചെയ്തതെന്നാണ് കണക്ക്.


ഓസ്കാര്‍ പുരസ്കാരം,  രണ്ട് ഗ്രാമി അവാര്‍ഡുകള്‍, ഒരു ബാഫ്റ്റാ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, പതിനഞ്ച് ഫിലിംഫെയര്‍ അവാര്‍ഡ്,  ആറ് നാഷണല്‍ അവാര്‍ഡ്, അവാര്‍ഡുകളുടെ പട്ടിക മാത്രം മതി റഹ്മാന്റെ വളര്‍ച്ചയുടെ ഗ്രാഫ് തിരിച്ചറിയാന്‍. കെഎം മ്യൂസിക് കൺസർവേറ്ററി എന്ന പേരിൽ ചെന്നൈയിൽ ഒരു മ്യൂസിക് സ്കൂളിനും തുടക്കും കുറിച്ചിട്ടുണ്ട് എആര്‍ റഹ്മാന്‍

ഉമേഷ് അഗര്‍വാള്‍ എആര്‍ റഹ്മാനെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയാണിത്. സംഗീതം പോലെ മനോഹരമായ എ ആര്‍ റഹ്മാന്റെ ജീവിതം പകര്‍ത്തിയ ഡോക്യുമെന്ററി കാണാം

ഫ്ളവേഴ്സ് ടിവി സംഘടിപ്പിക്കുന്ന എആര്‍ റഹ്മാന്‍ഷോ മെയ് 12ന് കൊച്ചിയില്‍ നടക്കും.   തൃപ്പൂണിത്തുറ ചോയ്സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിലാണ് ഷോ അരങ്ങേറുക.മണിക്കൂറുകള്‍ നീളുന്ന സംഗീത വിസ്മയത്തിനാണ് കേരളം കാത്തിരിക്കുന്നത്. സിനിമയിലൂടെയും മറ്റും കേട്ട മാന്ത്രിക താളങ്ങളെ നേരിട്ട് കണ്ട് ആസ്വദിക്കാമെന്ന ആവേശത്തിലാണ് ആരാധകര്‍. ടിക്കറ്റ് വില്‍പ്പന ഫ്ളവേഴ്സ് ചാനലിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് വഴി  ആരംഭിച്ചിട്ടുണ്ട്. നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റ് വില്‍പന. ടിക്കറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here