Advertisement

”മക്കളെ പോറ്റി വളര്‍ത്തിയ അമ്മയെ നോക്കേണ്ടെന്ന് ഗവര്‍മെന്റ് പറയുമോ മക്കളേ?”

May 5, 2018
Google News 1 minute Read
lalithambika

‘മക്കളെ പോറ്റി വളര്‍ത്തിയ അമ്മയെ നോക്കേണ്ടെന്ന് ഗവര്‍മെന്റ് പറയുമോ മക്കളേ?’ ഇത് ചോദിക്കുന്ന അമ്മയ്ക്ക് 78വയസ്സുണ്ട്, മൂന്ന് അറ്റാക്ക് വന്നയാളാണ്. നോക്കാനാരുമില്ലാതെ തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു പുവര്‍ ഹോമില്‍ കഴിയുകയാണ് ഈ അമ്മയിപ്പോള്‍. അമ്മയെ നോക്കാന്‍ മുന്നോട്ട് വന്ന ബന്ധുക്കളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നത് സ്വന്തം മകളാണ്. ഭക്ഷണത്തിനും മരുന്നുിനും വേണ്ടി യാചിക്കുമ്പോള്‍ ആട്ടിപ്പായ്ക്കുന്നത് രണ്ട് ആണ്‍മക്കളും. കേരളത്തില്‍ ഇന്നിത് ഒരു പുതുമയേയല്ല, അത് ഓടിട്ട വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ആയാലും ശരി ഫ്ളാറ്റിന്റെ വിശാലമായ ശീതളിമയായാലും ശരി,  നിരവധി വാര്‍ദ്ധക്യങ്ങളാണ് സ്വന്തം മക്കളുടെ ഭാഗത്ത് നിന്നുള്ള അവഗണനയും ക്രൂരതയും അനുഭവിക്കുന്നതും അതെല്ലാം മിണ്ടാതെ സഹിക്കുന്നതും. മക്കള്‍ മാതാപിതാക്കളെ  ഇറക്കി വിടാത്തതിനും, എല്ലാം തുറന്ന് പറഞ്ഞ് മാതാപിതാക്കള്‍ രംഗത്ത് വരാത്തതിനും ഒരേ ഒരു കാരണമേയുള്ളൂ.. “മറ്റുള്ളവര്‍ എന്ത് വിചാരിക്കും”.

ലളിതാ ഭാസ്കര്‍ എന്ന 78കാരിയായ അമ്മ സ്വന്തം കഥ പറഞ്ഞ് തുടങ്ങുമ്പോഴും ആദ്യം മുന്നോട്ട് വച്ച ആശങ്കയും ഇത് തന്നെയാണ്.  സമൂഹത്തില്‍ സാമാന്യം തെറ്റില്ലാത്ത രീതിയില്‍ കഴിയുന്ന മക്കള്‍ക്ക് ഇക്കാര്യം പുറത്തറിയുന്നത് ബുദ്ധിമുട്ടുണ്ടാക്കും.

കരമന ഭാസി എന്ന പ്രശസ്ത നാടക നടന്റെ ഭാര്യയാണിത്, ജീവിതത്തിലെ വെള്ളിവെളിച്ച കാലഘട്ടത്തില്‍ നിന്ന് ഈ അമ്മയുടെ ജീവിതം ഇരുട്ടിലാകുന്നത് ഭര്‍ത്താവിന്റെ മരണത്തോടെയാണ്. പറക്കമുറ്റാത്ത മൂന്ന് മക്കളുമുണ്ടായിരുന്നു അന്ന് ഒപ്പം. ഒരു സിനിമാകഥ പോലെ തന്നെയാണ് ഇവരുടെ ജീവിതവും.

1963ലാണ് കരമനഭാസിയുമായുള്ള വിവാഹം. കുമാരസംഭവം, ലേഡീസ് ഹോസ്റ്റല്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ച കരമന ഭാസി അറിയപ്പെടുന്ന ബാലെ നടനായിരുന്നു.  1982ലാണ് കരമന ഭാസി മരിക്കുന്നത്. അതിന് ശേഷമാണ് ഈ അമ്മ ബുദ്ധിമുട്ട് എന്നത് എന്താണെന്ന് അറിയുന്നത്. മക്കള്‍ക്ക് വേണ്ടിയായത് കൊണ്ട് അതൊക്കെ സഹിച്ചു. 36കൊല്ലം മുമ്പ് ഭര്‍ത്താവ് മരിച്ച, കാര്യമായ വിദ്യാഭ്യാസമില്ലാത്ത സ്ത്രീ  മൂന്ന് മക്കളെ വളര്‍ത്തി വലുതാക്കി, ഒരു നിലയിലാക്കാന്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് ആലോചിച്ച് നോക്കൂ. മൂന്ന് മക്കളാണ് ലളിതാംബികയ്ക്ക് ഒരു പെണ്ണും രണ്ടാണും. ആശ്രിത നിയമനം വഴി അച്ഛന്റെ ജോലി നേടിയതാണ് ഒരു മകന്‍, മറ്റേയാള്‍ അരുവിക്കര എംഎൽഎയുടെ ഡ്രൈവറാണ്. ആ കഥ ലളിതാംബികാമ്മയുടെ വാക്കുകളില്‍ നിന്ന് കേള്‍ക്കാം…

“അവര്‍ക്ക് എന്നെ വീട്ടില്‍ കൊണ്ട് നിറുത്താന്‍ പറ്റില്ലെങ്കില്‍ , ഭക്ഷണത്തിനും മരുന്നിനുമുള്ള തുക മാത്രം തന്നാല്‍ മതി. അതും മൂന്ന് പേര്‍ ചേര്‍ന്ന് തന്നാല്‍ മതി. അവരെ വളര്‍ത്തി വലുതാക്കിയ പെറ്റമ്മയല്ലേ ഞാന്‍? എനിക്ക് അതിന് അവകാശം ഇല്ലേ? സ്വത്ത് നല്‍കിയിട്ടും മക്കള്‍ നോക്കില്ലെന്ന് ഉറപ്പായതോടെയാണ്  അരുവിക്കരയില്‍ ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് തുടങ്ങിയത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് ആ വീട് മൂന്ന് വര്‍ഷത്തേക്ക് എടുത്തത്. വീട്ടുജോലി എടുത്തുണ്ടാക്കിയ പൈസയും കടം വാങ്ങിയ പൈസയുമായാണ് 2014ല്‍ ആ വീട് എടുത്തത്. ചോര്‍ന്നൊലിക്കുന്ന ആ വീട്ടില്‍ കഴിയാനാകാതെ വന്നപ്പോ ആ വീട് വിട്ട് ബന്ധുക്കളുടെ വീട്ടില്‍ അഭയം തേടി. ഇപ്പോള്‍ എന്‍റെ മക്കള്‍ ഇടപെട്ട് അതും കളഞ്ഞു. മൂന്ന് മാസത്തിലൊരിക്കല്‍ കിട്ടുന്ന വിധവാ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ഏക വരുമാനം.

ആവതുള്ളപ്പോള്‍ വീട്ട് ജോലിയ്ക്ക് പോയാണ്  ഞാന്‍ അവരെ വളര്‍ത്തിയത്.ഭര്‍ത്താവ് മരിച്ചതിന് ശേഷം മക്കളെ വളര്‍ത്തി വലുതാക്കി അവര്‍ക്ക് ഒരു ജീവിതം ആയിക്കഴിഞ്ഞപ്പോള്‍ എന്നെ നോക്കാന്‍ ആര്‍ക്കും വയ്യാതായി. വയ്യാത്തവരേയും, പ്രസവിച്ച് കിടക്കുന്ന സ്ത്രീകളേയും ഒക്കെ നോക്കാന്‍ പോകുമായിരുന്നു. അങ്ങനെയാണ് കഴിഞ്ഞത്. അവിടുന്ന് മുടങ്ങാതെ ഭക്ഷണം കിട്ടുമായിരുന്നു.

ഇപ്പോള്‍ തീരെ വയ്യാതായപ്പോള്‍ ജോലിയ്ക്ക് പോകാന്‍ കഴിയുന്നില്ല. മൂന്ന് മക്കളോടും ഞാന്‍ യാചിച്ച് ചോദിച്ച്… എനിക്ക് മരുന്നിനും ഭക്ഷണത്തിനും പണം തരാന്‍. ആരും തയ്യാറായില്ല. വീടും സ്ഥലവും എല്ലാം മക്കള്‍ക്കായാണ് നല്‍കിയത്. കെഎസ്ആര്‍ടിസിയില്‍ ജോലിക്കാരനായ ഭര്‍ത്താവ് മരിച്ചപ്പോള്‍ ആ ജോലി മൂത്ത മകനാണ് കിട്ടിയത്. ജയിലില്‍ കിടന്നാലും ചില്ലിക്കാശ് തരില്ലെന്നാണ് മൂത്തമകന്‍ പറഞ്ഞത്. പട്ടിണി വരെ കിടന്ന് സഹികെട്ടപ്പോഴാണ് ഇവരോട് ഞാന്‍ യാചിച്ചത്. ഞാന്‍ കഷ്ടപ്പെട്ടാലും വേണ്ടില്ല മക്കള് നന്നായി കഴിയണമെന്നാണ് ആഗ്രഹം. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് മക്കളുടെ അടുത്ത് കൈനീട്ടിയത് തന്നെ.

 

എന്റെ അവസ്ഥ കണ്ട് ഭര്‍ത്താവിന്റെ സഹോദരിയുടെ മക്കള്‍ വന്ന് എന്നെ കൂട്ടിക്കൊണ്ട് പോയി. അവിടെയും ആറ് മാസം പോലും ജീവിക്കാന്‍ മക്കള്‍ സമ്മതിച്ചില്ല. എന്റെ മോള്‍ വന്ന് അവരെ ഭീഷണിപ്പെടുത്തി. എന്നെ അവര്‍ നോക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല. എന്നെ നോക്കരുത് എറക്കി വിടണമെന്ന് മോളാണ് അവിടെ വന്ന് പറഞ്ഞത്. ഞാന്‍ പൈസയുമായാണ് വന്നതെന്നാണ് അവരോട്  പറയുന്നത്. പിന്നീട് പൈസ ഞാന്‍ ചോദിക്കുമത്രേ. ആരും എനിക്ക് ഒന്നും തരരുത്, ഭക്ഷണം പോലും. ഞാന്‍ വഴിയില്‍ കിടന്ന് ചാകണം, അതാണ് മക്കളുടെ ആഗ്രഹം.

പണ്ട് പണിയെടുക്കുന്ന വീടുകളില്‍ നിന്ന് ആഹാരം കിട്ടുമായിരുന്നു. ശമ്പളം ഒക്കെ സൂക്ഷിച്ച് വച്ചു. മക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കും പൈസ നല്‍കിയിട്ടുണ്ട്. ആ പൈസയും കടം വാങ്ങിയ പൈസയും കൊണ്ടാണ് വീട് ഒറ്റയ്ക്ക് എടുത്തത്. പൊട്ടിപ്പൊളിഞ്ഞ ആ വീട്ടില്‍  ആറ് മാസം പോലും താമസിക്കാന്‍ പറ്റിയില്ല.  ഒറ്റയ്ക്ക് എടുത്ത വീടിന്റെ ഉടമ കാലാവധി കഴിഞ്ഞിട്ടും പൈസ തരുന്നുമില്ല. ജോലി ചെയ്ത് സമ്പാദിക്കാനുള്ള ആരോഗ്യം എനിക്ക് തീരെ ഇല്ല. കഴിഞ്ഞ ഓണത്തിന് പോലും ഭക്ഷണം കഴിച്ചില്ല. ഈ ഓണത്തിന് ഉച്ചയായപ്പോള്‍ ഞാന്‍ മോനെ വിളിച്ചിരുന്നു. മോനേ ഓണമായിട്ട് ഞാന്‍ ഒന്നും കഴിച്ചില്ലെന്ന് പറഞ്ഞു. ജയിലില്‍ കിടന്നാലും ഒന്നും തരില്ലെന്നാണ് മകന്‍ പറഞ്ഞത്.
കോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കേസ് കൊടുത്ത്. മക്കളെ വിളിച്ച് ചോദിക്കാം എന്ന് പറഞ്ഞെങ്കിലും അവര്‍ വന്നില്ല. വേറെ എവിടെയെങ്കിലും പോകാനാണ് പോലീസ് പറഞ്ഞത്. വനിതാ കമ്മീഷനില്‍ ഇക്കാര്യം പറഞ്ഞെങ്കിലും മക്കളുടെ കൂടെ നില്‍ക്കാത്തതെന്താണെന്ന് മാത്രം ചോദിച്ച് അവരും മടക്കിയയച്ചു.  അവിടെ നിന്നാണ് വ‍ഞ്ചിയൂരിലെ അത്താണിയില്‍ എത്തുന്നത്. അവിടെ ആള്‍ നിറഞ്ഞതിനാലാണ് ശ്രീകാര്യത്തെ പുവര്‍ ഹോമിലെത്തിയത്.

ആഴ്ചയില്‍ മരുന്നിന് 2000രൂപയാണ് വേണ്ടത്. വയ്യാതെ വന്ന് ഇസിജി എടുത്തപ്പോ ‘കുഴപ്പമാണ് സൂക്ഷിക്കണം’ എന്ന് ‍ഡോക്ടര്‍ പറഞ്ഞു.  കൂടിയ മരുന്നാണ് ഇപ്പോള്‍ എഴുതിയേക്കുന്നത്.  പെറ്റ് വളര്‍ത്തിയ ആ അമ്മ വയസ്സാകുമ്പോള്‍ കുടിക്കാന്‍ വെള്ളം പോലും ഇല്ലെങ്കില്‍ വെള്ളം കൊടുക്കരുതെന്ന് ഗവണ്‍മെന്റ് പറയുമോ മക്കളേ? നിവൃത്തി ഇല്ലാത്തവര്‍ അല്ലല്ലോ? മനഃപൂര്‍വ്വമല്ലേ?
lalithambika

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here