ലിനി, ഇനി ആതുര ശുശ്രൂഷരംഗത്തെ തിളങ്ങുന്ന നക്ഷത്രം

ലിനിയുടെ വിയോഗത്തെ ഒരിക്കലും മരണമെന്ന മൂന്ന് അക്ഷരം കൊണ്ട് വിശേപ്പിക്കാനാവില്ല, ഒരു തരത്തില്‍ ഇതാണ് രക്തസാക്ഷിത്വം. രോഗികളുടെ ഒപ്പം കയ്യും മെയ്യും മറന്ന് ശുശ്രൂഷിക്കുന്ന മാലാഖക്കൂട്ടങ്ങളുടെ ഇടയില്‍ ഇനിയെന്നും ലിനിയെന്ന നക്ഷത്രം തിളങ്ങി നില്‍ക്കും. നിപ എന്ന് കേരളം കേട്ട് തുടങ്ങുന്നതേയുള്ളൂ. ഇത് നിപ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. തന്റെ രോഗിയില്‍ നിന്ന് പകര്‍ന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്.
ആയിരക്കണക്കിന് രോഗികള്‍ ലിനിയുടെ കൈകളിലൂടെ ആ കാരുണ്യ സ്പര്‍ശമേറ്റ് കടന്ന് പോയിട്ടുണ്ടാകാം. അതിലൊരാളായിരുന്നു സാബിത്തും. ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. തുടക്കത്തില്‍ വൈറസ് ബാധ നിപയെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങുന്നത്.
വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം പുലര്‍ച്ചയോടെ തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. രണ്ട് ചെറിയ മക്കളാണ് ലിനിയ്ക്ക് ഭര്‍ത്താവ് സജീഷ് വിദേശത്താണ്. തീരാ വേദനയിലാണ് ഈ കുടുംബം. അപ്രതീക്ഷിതമായി എത്തിയ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഈ കുടുംബം മോചിതരായിട്ടില്ല. അതേസമയം ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവര്‍ക്ക് നിപ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
രോഗികളെ ചികിത്സിയ്ക്കുന്ന മാലാഖയായി അവതരിക്കുക. അതിലൊരാളിലെ രോഗം ശരീരത്തിലേറ്റ് വാങ്ങി ലോകത്ത് നിന്ന് വിടപറയേണ്ടി വരിക. അപൂര്‍വ്വമാണെങ്കില്‍ കൂടി ആതുരശുശ്രൂഷാ രംഗത്തെ മാലാഖമാരെല്ലാം എപ്പോഴും നേരിടുന്ന മുന്നില്‍ കാണുന്ന സത്യമാണിത്. സ്വന്തം ജീവന്‍ പണയം വച്ച് തന്നെയാണ് അവര്‍ രോഗിയ്ക്കൊപ്പം നിന്ന് മരണത്തോട് പൊരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here