Advertisement

‘വില്ലി’ നിനക്ക് മാപ്പില്ല; കാലം നിനക്ക് മാപ്പ് തന്നാലും ഞങ്ങള്‍ നിനക്ക് മാപ്പ് തരില്ല…

May 23, 2018
Google News 1 minute Read

നെല്‍വിന്‍ വില്‍സണ്‍

പ്രിട്ടോറിയയിലെ ടക്‌സ് ക്രിക്കറ്റ് ക്ലബ് മൈതാനം…ഇടറിയ സ്വരത്തില്‍ മുഖത്ത് ചെറിയൊരു ചിരി മാത്രം കലര്‍ത്തി അയാള്‍ പറയാന്‍ തുടങ്ങി…”ഇവിടെയാണ് ഞാന്‍ കളിക്കാന്‍ ആരംഭിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതും ഇവിടെ നിന്നുകൊണ്ട് ഞാന്‍ പ്രഖ്യാപിക്കട്ടെ. സത്യസന്ധമായി പറയട്ടെ…ഞാന്‍ ക്ഷീണിതനാണ്. മറ്റുള്ളവര്‍ക്കായി ഒഴിഞ്ഞുകൊടുക്കാന്‍ സമയമായിരിക്കുന്നു. രാജ്യത്തിന്റെ ജേഴ്‌സിയായിരുന്നു എനിക്ക് എന്നും പ്രിയം. എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും……..“ഡിവില്ലിയേഴ്‌സ് പറഞ്ഞ് നിര്‍ത്തി.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് അനേകമായിരം മൈലുകള്‍ക്കപ്പുറം ആ വാര്‍ത്ത പരന്നു തുടങ്ങി. ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. ഇന്നുള്ളതില്‍ ലോകം ഏറെ വാഴ്ത്തിപ്പാടുന്ന ക്രിക്കറ്റര്‍മാരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സ് അരങ്ങൊഴിയുകയാണ്. സച്ചിനെ വിമര്‍ശിക്കുന്നവരുണ്ട്…ഗാംഗുലിയെയും ദ്രാവിഡിനെയും വിമര്‍ശിക്കുന്നവരുണ്ട്…കോഹ്‌ലിയെയും ധോണിയെയും വിമര്‍ശിക്കുന്നവരുണ്ട്…പക്ഷേ, വില്ലിയെ വിമര്‍ശിക്കുന്നവരുണ്ടോ? അയാള്‍ എങ്ങനെയാണ് ലോകം മുഴുവനും ഇത്രയും പ്രിയപ്പെട്ടവനായത്?

കളിയുടെ കണക്കില്‍ അയാള്‍ മുന്‍പന്‍ തന്നെ. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കണക്കുകള്‍ക്കപ്പുറം പ്രതിഭയുള്ള അപൂര്‍വ്വ താരം. 123 ടെസ്റ്റ് മത്സരങ്ങളില്‍ 50.66 ശരാശരിയോടെ 8765 റണ്‍സ്, ഏകദിനത്തില്‍ 228 മത്സരങ്ങളില്‍ നിന്ന് 53.50 ശരാശരിയോടെ 9577 റണ്‍സ്, ട്വന്റി-20 യിലും വേഗമാര്‍ന്ന ഇന്നിംഗ്‌സുകള്‍ക്ക് കെല്‍പ്പുള്ളവന്‍, കളിക്കളത്തില്‍ എതിരാളി തൊടുത്തുവിടുന്ന പന്തിനെ ഏതുവിധേനയും കൈപിടിയിലൊതുക്കാന്‍ കഴിയുന്നവന്‍…കളിക്കളത്തിലെ വിശേഷണങ്ങള്‍ ഡിവില്ലിയേഴ്‌സ് എന്ന പ്രതിഭയോടുള്ള അനാദരവാകും. അതിനാല്‍, അയാളെ സ്‌നേഹപൂര്‍വ്വം ‘വില്ലി’ എന്ന് വിളിക്കാനാണിഷ്ടം.

ഐപിഎല്‍ 11-ാം സീസണില്‍ ബാംഗ്ലൂര്‍ തോറ്റ് പുറത്താകുമ്പോള്‍ ആ ടീം പ്ലേ ഓഫ് സാധ്യത അകലെ നിന്നെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അത് ഡിവില്ലിയേഴ്‌സ് എന്ന 34-കാരന്റെ കളി മികവിലാണ്. ഏത് പ്രതികൂല സാഹചര്യങ്ങളെയും അനുകൂലമാക്കാന്‍ അയാള്‍ക്ക് അസാമാന്യ കഴിവുണ്ടായിരുന്നു. ഡിവില്ലിയേഴ്‌സിന്റെ ഏറ്റവും അവസാന പ്രകടനങ്ങള്‍ വിലയിരുത്തിയ ആര്‍ക്കും അയാള്‍ വിരമിക്കാന്‍ കണ്ടെത്തിയ കാരണം വിശ്വസിക്കാനാവില്ല. പ്രായം തളര്‍ത്തിയെന്നും ക്ഷീണിതനാണെന്നും ഇടറിയ സ്വരത്തില്‍ പറഞ്ഞ് അയാള്‍ പാഡഴിക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് കഴിഞ്ഞ 17-ാം തിയതി ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അലക്‌സ് ഹെയ്ല്‍സ് പറത്തിയ പന്ത് അതിര്‍ത്തി കടക്കും മുന്‍പേ പറന്നെടുത്ത ഡിവില്ലിയേഴ്‌സിനെയാണ്. ക്രിക്കറ്റ് മൈതാനത്ത് ഒരു ഇരുപതുകാരന് സാധിക്കാത്തതാണ് തന്റെ 34-ാം വയസിലും ഡിവില്ലിയേഴ്‌സ് നേടിയെടുത്തത്. അതേ മത്സരത്തില്‍ ഡിവില്ലിയേഴ്‌സ് നേടിയതാകട്ടെ 39 പന്തില്‍ നിന്ന് 69 റണ്‍സ്!!!

വില്ലി, നിങ്ങള്‍ ക്ഷീണിതനാണെന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്കത് വിശ്വസിക്കാനാകുന്നില്ല…ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ അയാളുടെ കളിമികവിനെ അത്രയും ആസ്വദിച്ചിരുന്നു. കളിക്കളത്തില്‍ ആരോടും പോരടിക്കാതെ, ഏറ്റവും മാന്യനായി, എല്ലാവരോടും സൗഹൃദത്തോടെ നിഷ്‌കളങ്കമായ ചിരി സമ്മാനിച്ച് ഓടിമറയുന്ന ഡിവില്ലിയേഴ്‌സിന്റെ മുഖം ആര്‍ക്കും മറക്കാന്‍ കഴിയില്ല.

ക്രിക്കറ്റ് ലോകം 2019ല്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങുകയാണ്. അതിനിടയിലാണ് ഡിവില്ലിയേഴ്‌സിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ പ്രഖ്യാപനം. ലോകകപ്പില്‍ ഒരിക്കല്‍ പോലും മുത്തമിടാന്‍ കഴിയാതെ ഡിവില്ലിയേഴ്‌സ് പടിയിറങ്ങുമെന്ന സത്യത്തോട് ആര്‍ക്കും പൊരുത്തപ്പെടാനാവില്ല. 2019 ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആകുമെന്നും ഇത്തവണ രാജ്യത്തിന് വേണ്ടി ആ ലോകകപ്പില്‍ മുത്തമിടണമെന്നും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഡിവില്ലിയേഴ്‌സ് മാധ്യമങ്ങളോട് പങ്കുവെച്ചത് ഓര്‍ക്കുകയാണ്.

മനസ് 2015ലെ ലോകകപ്പ് മത്സരങ്ങളിലേക്ക് പോകുകയാണ്. കടലാസിലും മൈതാനത്തും ഒരുപോലെ അപകടകാരികളായിരുന്നു അന്നത്തെ ദക്ഷിണാഫ്രിക്കന്‍ ടീം. ലോകകപ്പ് നേടാന്‍ ഏറ്റവും അര്‍ഹതയുള്ളവരെന്ന് ക്രിക്കറ്റിലെ മഹാരഥന്‍മാര്‍ പോലും പ്രവചിച്ചിരുന്നു. ഫൈനലുകളില്‍ എതിര്‍ ടീമുകളോട് പരാജയപ്പെടുന്ന നിര്‍ഭാഗ്യം 2015 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക മാറ്റുമെന്ന് ലോകം മുഴുവന്‍ വിധിയെഴുതി. ആ വിധിയെഴുത്ത് തെറ്റിപോയില്ലെന്ന് അടിവരയിടുന്നതായിരുന്നു ടീമിന്റെ പ്രകടനം. ഡിവില്ലിയേഴ്‌സിന്റെ കരുത്ത് ടീമിന് വലിയ മുതല്‍കൂട്ടായി. എന്നാല്‍, തങ്ങളേക്കാള്‍ ദുര്‍ബലരായ ന്യൂസിലാന്‍ഡിനോട് സെമി ഫൈനലില്‍ അവര്‍ തോല്‍വി ഏറ്റുവാങ്ങി. സെമി ഫൈനലുകളിലും ഫൈനലുകളിലും അടിതെറ്റുന്ന ശീലം ദക്ഷിണാഫ്രിക്ക ഓക്ക്‌ലാന്‍ഡില്‍ ആവര്‍ത്തിച്ചു. ലോകം മുഴുവന്‍ ആ തോല്‍വിയില്‍ നിരാശരായി. ഫൈനല്‍ കാണാതെ പുറത്താകുന്നത് ലോകക്രിക്കറ്റിലെ അതികായന്‍മാര്‍!!!. എന്നാല്‍, ആ തോല്‍വിയേക്കാള്‍ ക്രിക്കറ്റ് പ്രേമികളെ അസ്വസ്ഥരാക്കിയ മറ്റൊന്ന് ഓക്ക്‌ലാന്‍ഡ് മൈതാനത്ത് നടന്നു…ഒരു ടീമിനെ മുഴുവന്‍ സ്വന്തം ചുമലിലേറ്റി കളിക്കളത്തില്‍ നിറഞ്ഞാടിയ, എല്ലാവരെയും ഒരു പുഞ്ചിരികൊണ്ട് സ്വാഗതം ചെയ്യുന്ന എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായ വില്ലി മൈതാനത്ത് പൊട്ടിക്കരയുന്നു…അയാളെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല…എതിരാളികളെ തലങ്ങും വിലങ്ങും ബാറ്റുകൊണ്ട് പ്രഹരിക്കുന്നവന്‍ മൈതാനത്ത് ഒരു കൊച്ചുകുട്ടിയെ പോലെ വാവിട്ട് കരഞ്ഞത് ക്രിക്കറ്റ് പ്രേമികള്‍ ഇന്നും മറന്നട്ടില്ല.

അന്ന് അയാള്‍ കരഞ്ഞപ്പോള്‍ അയാളുടെ ആരാധകര്‍ സ്വയം ആശ്വസിച്ചു…2019 ല്‍ വില്ലി ഇന്ന് നഷ്ടപ്പെട്ട കിരീടത്തില്‍ മുത്തമിടുമെന്ന്. അവര്‍ കാത്തിരുന്നു…ഓക്ക്‌ലാന്‍ഡില്‍ പരാജിതനായി കണ്ണീരൊഴുക്കിയവന്‍ 2019ല്‍ ഇംഗ്ലണ്ടില്‍ പുഞ്ചിരിക്കുന്നത് . അതിനായി കാത്തിരുന്ന ലക്ഷകണക്കിന് ആരാധകരാണ് ഇന്ന് ഡിവില്ലിയേഴ്‌സിന്റെ വിടവാങ്ങലില്‍ തോറ്റുപോയത്.

പ്രിയപ്പെട്ട വില്ലി, നിങ്ങളോട് സ്‌നേഹത്തോടെ പറയട്ടെ…മാപ്പില്ല നിങ്ങള്‍ക്ക്…കാലം നിങ്ങള്‍ക്ക് മാപ്പ് തന്നാലും, ഞങ്ങള്‍ മാപ്പ് തരില്ല…അത്ര ഇഷ്ടമായിരുന്നു ക്രിക്കറ്റ് മൈതാനത്ത് നിങ്ങള്‍ ഒരുക്കിയിരുന്ന ബാറ്റിംഗ് വിരുന്ന്…അത്രത്തോളം വശ്യമായിരുന്നു നിങ്ങളുടെ പുഞ്ചിരി…അതെല്ലാം ഞങ്ങള്‍ക്ക് അന്യമാക്കിയ നിങ്ങളോട് എങ്ങനെയാണ് പൊറുക്കുക…മറ്റുള്ളവര്‍ക്കായി ഒഴിഞ്ഞുകൊടുക്കുകയാണെന്ന് നിങ്ങള്‍ പറയുമ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ നിങ്ങള്‍ക്ക് പകരക്കാരില്ല. നിങ്ങള്‍ക്ക് നല്‍കിയ സ്‌നേഹവും ആരാധനയും നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. എത്ര നന്ദി പറഞ്ഞാലും നിങ്ങളൊരുക്കിയ ക്രിക്കറ്റ് കാഴ്ചകള്‍ക്ക് പകരമാവില്ലെന്നറിയാം…എങ്കിലും നന്ദി…ഒന്നുകൂടെ ഓര്‍മ്മിപ്പിക്കട്ടെ, കാലം മാപ്പ് തന്നാലും ഞങ്ങള്‍ മാപ്പ് തരില്ല…ഈ ക്രിക്കറ്റ് സൗന്ദര്യത്തെ ഞങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയതിന്!!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here