കെവിന്റെ ഭാര്യ നീനു ആശുപത്രിയിൽ

ഇന്ന് കോട്ടയത്തെ ചാലിയക്കര ആറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കെവിന്റെ ഭാര്യ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ഭാര്യ നീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നാണ് ആരോപണം.
കോട്ടയത്ത് ഒരു കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്നു നീനു. വിവാഹം കഴിഞ്ഞ വിവരം നീനു തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ കെവിനേയും നീനുവിനേയും വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയിരുന്നു. വിവാഹം രജിസ്റ്റർ ചെയ്ത രേഖകൾ പോലീസിനെ കാണിച്ചിട്ടും വീട്ടുകാരുടെ ഒപ്പം പോകാൻ പോലീസ് നിർബന്ധിച്ചെന്ന് പരാതിയുണ്ട്. എന്നാൽ നീനുവിന്റെ നിർബന്ധത്തെ തുടർന്ന് പോലീസ് അവസാനം കെവിനൊപ്പം പോകാൻ സമ്മതിക്കുകയായിരുന്നു. തുടർന്ന് നീനു ഹോസ്റ്റലിലേക്കും കെവിൻ സുഹൃത്തും ബന്ധുവുമായ അനീഷിന്റെ വീട്ടിലേക്കും തിരിച്ചു.
ഈ വീട്ടിലെത്തിയാണ് നീനുവിന്റെ സഹോദരനും സംഘവും കെവിനെ തട്ടിക്കൊണ്ട് പോകുന്നത്. ശനിയാഴ്ചയായിരുന്നു ഇത്. അടുക്കള വാതിൽ തകർത്താണ് മൂന്ന് കാറിലായി എത്തിയ സംഘം അകത്ത് കയറിയത്. വീട്ടുപകരണങ്ങൾ നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഇരുവരേയും ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഇരുവരേയും തട്ടിക്കൊണ്ട് പോയി. കാറിൽ നിന്നും മർദ്ദനം തുടർന്നു. അനീഷിനെ പുനലൂരിൽ ഇറക്കി വിട്ടു. കെവിൻ ഇടയ്ക്ക് വണ്ടിയിൽ നിന്ന് ഇറങ്ങി ഓടിയെന്ന് അനീഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
പെൺകുട്ടിയെ തന്നാൽ മാത്രമേ കെവിനെ ഇനി കാണുകയുള്ളൂ എന്ന് സംഘം തന്നോട് പറഞ്ഞുവെന്നും അനീഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം കെവിന്റെ വീട്ടിൽ അറിയിക്കണമെന്നും സംഘം അനീഷിനോട് പറഞ്ഞു.
ഇന്നലെ രാവിലെ ആറ് മണിയോടെ കെവിന്റെ പിതാവ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. എന്നാൽ പോലീസ് പരാതി സ്വീകരിച്ചില്ല. 11മണിയോടെ നീനുവും പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട് അതിന്റെ തിരക്ക് കഴിഞ്ഞ ശേഷം പരാതി സ്വീകരിക്കാമെന്നാണ് പോലീസ് പറഞ്ഞത്. പിന്നീട് വൈകിട്ടോടെയാണ് പോലീസ് കേസ് എടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here