മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാകരുത്: മുഖ്യമന്ത്രി

മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്തെ കെവിന്‍ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നല്‍കിയ ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയാണ് ചെയ്യേണ്ടത്. അല്ലാതെ, അവര്‍ വിധികര്‍ത്താക്കളാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. അത് വസ്തുതകള്‍ പരിശോധിച്ചായിരിക്കണമെന്ന് മാത്രം. സ്വയം വിധികര്‍ത്താക്കളാകാന്‍ മാധ്യമങ്ങള്‍ തുനിയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാര്‍ത്തകളായി നല്‍കുക. പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണ്. അനാവശ്യമായ വാര്‍ത്ത കെട്ടിചുമക്കാന്‍ മാധ്യമങ്ങള്‍ തുനിയരുത്. സര്‍ക്കാരിന് വീഴ്ച പറ്റിയാലും പോലീസിന് വീഴ്ച പറ്റിയാലും വിമര്‍ശിക്കാനുള്ള അധികാരം മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍, അത്തരം വിമര്‍ശനങ്ങളെല്ലാം വസ്തുതാപരമായിരിക്കണം. വസ്തുതകള്‍ മനസിലാക്കി വേണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കാന്‍. മാധ്യമധര്‍മ്മമാണ് മാധ്യമങ്ങള്‍ പാലിക്കേണ്ടത്. കേരളത്തെ താറടിച്ച് കാണിക്കാനല്ല മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here