സല എത്തി; ഈജിപ്ത് ഉണര്‍ന്നു
ഈജിപ്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ സന്തോഷത്തിലാണ്. 1990 ലെ ലോകകപ്പിന് ശേഷം ലോകകപ്പ് മത്സരങ്ങള്‍ക്ക് ബൂട്ടണിയാനുള്ള ഭാഗ്യം ഈജിപ്ത് ഫുട്‌ബോള്‍ താരങ്ങള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍, മുഹമ്മദ് സല എന്ന 25-കാരന്‍ ഈജിപ്തിന്റെ രക്ഷകനായി അവതരിച്ചു. അയാളുടെ ബൂട്ടിന്റെ കരുത്തില്‍ ഈജിപ്ത് ഫുട്‌ബോള്‍ ടീം റഷ്യന്‍ ലോകകപ്പിന് പറന്നിറങ്ങി. എന്നാല്‍, ആ സന്തോഷത്തിനിടയിലും തങ്ങളുടെ പ്രിയ താരം സലയ്‌ക്കേറ്റ പരിക്ക് ഈജിപ്തിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍, എല്ലാ നിരാശകള്‍ക്കും വിരാമമിട്ട് സലാ റഷ്യയില്‍ എത്തിയിരിക്കുന്നു. ലോകകപ്പ് മത്സരങ്ങളില്‍ തനിക്ക് കളിക്കാന്‍ സാധിക്കുമെന്നും ദൈവത്തിനും ആരാധകര്‍ക്കും നന്ദിയുണ്ടെന്നും സല തന്നെ മാധ്യമങ്ങളോട് പങ്കുവെച്ചു.
ആദ്യ മത്സരം മുതലേ താരം കളത്തിലിറങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സലയുടെ സാന്നിധ്യം ഈജിപ്ത് ടീമിന് ആത്മവിശ്വാസം നല്‍കും. ലിവര്‍പൂള്‍ താരമായ സല ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിനെതിരായ മത്സരത്തില്‍ പരിക്കേറ്റ് വീഴുകയായിരുന്നു. റയല്‍ താരം സെര്‍ജിയോ റാമോസാണ് സലയുടെ പരിക്കിന് കാരണക്കാരനായത്. കൈ ഷോള്‍ഡറിന് ഗുരുതരമായ പരിക്കേറ്റ സലയ്ക്ക് ലോകകപ്പില്‍ കളിക്കാനികില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, എല്ലാ പ്രതിസന്ധികളെയും പ്രതിരോധിച്ച് താരം റഷ്യയില്‍ ബൂട്ടണിയുന്ന ത്രില്ലിലാണ്. ഈജിപ്തിന് വേണ്ടി 57 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് മുഹമ്മദ് സല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here