Advertisement

പിയര്‍ലൂജി കൊളീന..! റഫറിമാര്‍ക്കിടയിലെ മിന്നും താരം

June 13, 2018
Google News 1 minute Read
collino

 

ഫുട്‌ബോള്‍ താരങ്ങളെ പോലെ തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ ഒരു റഫറിയുണ്ട് ലോകകപ്പ് ചരിത്രത്തില്‍, കണിശവും പിഴവുകളിലാത്തതുമായ റഫറിയിങ്ങിലൂടെ റഫറിമാര്‍ക്കിടയിലെ ഇതിഹാസമായി മാറിയ പിയര്‍ലൂജി കൊളീനയെന്ന ആ മൊട്ടത്തലയന്‍ റഫറിയെ അങ്ങനെയൊന്നും ഫുട്‌ബോള്‍ ആരാധകര്‍ മറക്കാനിടയില്ല. പ്രത്യേകിച്ച് 2002 ലെ ജര്‍മ്മനി ബ്രസീല്‍ ലോകകപ്പ് ഫൈനല്‍ മത്സരം കണ്ടിട്ടുള്ളവര്‍.1995 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തിലാണ് പിയര്‍ലൂജി കൊളീന എന്ന ഈ ഇറ്റലിക്കാരന്‍ ഫിഫക്ക് വേണ്ടി ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിച്ചത്. ഇക്കാലയളവില്‍ ഏറ്റവും മികച്ച റഫറിക്കുള്ള അംഗീകാരം ആറ് തവണയാണ് അദ്ദേഹത്തെ തേടിയെത്തിയത്. കൃത്യമായ റഫറിയിങ്ങിലൂടെ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളുടെ പോലും ഇഷ്ടം പിടിച്ചു പറ്റിയ അപൂര്‍വ്വം റഫറിമാരില്‍ ഒരാളാണ് കൊളീന.

1960 ഫെബ്രുവരി 13 ന് ഇറ്റലിയിലെ ബോലോഗ്‌ന പട്ടണത്തിലാണ് കൊളീനയുടെ ജനനം. 1984 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ബോലോഗ്‌നയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ കൊളീന ആ കാലയളവില്‍ അവിടത്തെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ടീമിന് വേണ്ടി കളിക്കുകയും ചെയ്തിരുന്നു. 1977 ലാണ് കൊളീന തന്റെ റഫയറിങ്ങിലെ കഴിവ് തിരിച്ചറിഞ്ഞ് റഫറിയാവാനുള്ള കോഴ്‌സിന് ചേരുന്നത്. ഇടക്കാലത്ത് നിര്‍ബന്ധിത സൈനീക സേവനത്തിന്റെ ഭാഗമായി പട്ടാളത്തില്‍ ചേര്‍ന്നെങ്കിലും വൈകാതെ ഫുട്‌ബോളിലേക്ക് അദ്ദേഹം മടങ്ങിയെത്തി.

ആദ്യകാലത്ത് ഇറ്റലിയിലെ പ്രാദേശിക ലീഗുകളില്‍ ആയിരുന്നു കൊളീനയുടെ മത്സരങ്ങള്‍. പിന്നീട് ഇറ്റാലിയന്‍ ദേശിയ ഫുട്‌ബോള്‍ ലീഗിലെ ഉയര്‍ന്ന ലീഗായ സീരീ എയിലെ കളികള്‍ വരെ നിന്ത്രിക്കാന്‍ കൊളീനക്കായി. സീരി എ മത്സരങ്ങള്‍ വിജയകരമായി നിയന്ത്രിച്ചതോടെയാണ് കൊളീനയുടെ റഫറിയിങ്ങിലെ കണിശത ഫിഫ തിരിച്ചറിയുന്നത്. തുടര്‍ന്ന് 1995 ല്‍ ഫിഫ കൊളീനയെ റഫറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 1996 ല്‍ അരങ്ങേറിയ ഒളിമ്പിക്‌സിലെ നാല് മത്സരങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു ആദ്യ ചുമതല. പിഴവുകളില്ലാതെ എല്ലാ മത്സരങ്ങളും പൂര്‍ത്തീകരിച്ചതൊടെ ഫൈനല്‍ മത്സരവും നിയന്ത്രിക്കാനുള്ള ചുമതല ഫിഫ കൊളീനക്ക് നല്‍കി. അര്‍ജന്റീനയും നൈജീരിയയും തമ്മിലായിരുന്നു അന്നത്തെ ഫൈനല്‍ മത്സരം. കേവലം കളി നിയന്ത്രിക്കുന്നതിനുമപ്പുറം അന്താരാഷ്ട്ര ഫുട്‌ബോളിന് നിര്‍ണ്ണായക സംഭാവന നല്‍കാനും കൊളീനക്ക് കഴിഞ്ഞു.

1994ലെ യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ബയേണ്‍ മ്യൂണിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള ഫൈനലിലാണ് സംഭവം. 1-0ന് ബയേണ്‍ മ്യൂണിക്ക് മുന്നിട്ട് നിന്നപ്പോള്‍ കളിക്കിടെ ബയേണ്‍ താരങ്ങള്‍ അനാവശ്യമായി സമയം നഷ്ടപ്പെടുത്തുന്നത് കൊളീനയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കളിയവസാനിക്കാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെ പതിവിന് വിപരീതമായി കൊളീന മത്സരത്തിന് മൂന്ന് മിനിറ്റ് അധിക സമയം അനുവദിച്ചു. ഇതാണ് പിന്നീട് ‘ആഡ് ഓണ്‍ ടൈം’ എന്ന പേരില്‍ ഫിഫ മറ്റു മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയത്. കണിശമായ റഫറിയിങ്ങിലൂടെ താരങ്ങളുടെ പോലും ആദരവ് പിടിച്ച പറ്റിയ അപൂര്‍വ്വം റഫറിമാരിലൊരാളാണ് കൊളീന.

ബെക്കാം, റൊണാള്‍ഡോ,സിനദിന്‍ സിദാന്‍ തുടങ്ങി ഒരു പിടി ഇതിഹാസ താരങ്ങളെ വരച്ച വരയില്‍ നിര്‍ത്തിയിട്ടുണ്ട് ഈ മൊട്ടത്തലയന്‍ റഫറി. അന്താരാഷ്ട്ര ഫുട്‌ബോളിലെ പ്രധാന ചാമ്പ്യന്‍ഷിപ്പുകളുടെയെല്ലാം ഫൈനല്‍ മത്സരം നിയന്ത്രിച്ച അപൂര്‍വ്വം റഫറിമാരിലൊരാള്‍ കൂടിയാണ് പീയര്‍ലൂജി കൊളീന. ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയ 2002 ലോകകപ്പ് ഫൈനലിലെ ജര്‍മനി ബ്രസീല്‍ മത്സരം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടതും കൊളീനയായിരുന്നു.

2005 ലാണ് കളി നിയന്ത്രിക്കുന്നതില്‍ നിന്നും കൊളീന പിന്‍വാങ്ങുന്നത്. ഫിഫ റഫറിമാര്‍ക്ക് അനുവദിച്ച പ്രായ പരിധി പിന്നിട്ടതൊടെയായിരുന്നു തീരുമാനം. റഫറിയിങ്ങില്‍ നിന്നും വിരമിച്ചെങ്കിലും വിവിധ ഫുട്‌ബോള്‍ അസോസിയേഷനുകളുടെ ഉപദേശകനും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമൊക്കെയായി ഫുട്‌ബോളില്‍ സജീവമാണ് ഇദ്ദേഹം ഇപ്പോഴും. ഇന്നും ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റഫറിമാരുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാല്‍ ആദ്യ പേരുകാരന്‍ ഇറ്റലിക്കാരനായ ഈ മൊട്ടത്തലയന്‍ റഫറി ന്നെയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here