റെയില്വേ കോച്ച് ഫാക്ടറി മാറ്റരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

നിർദ്ദിഷ്ട റെയിൽവേ കോച്ച് ഫാക്ടറി കഞ്ചിക്കോടു തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു. അലൂമിനിയം കോച്ചുകൾ നിർമിക്കാൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ ഭാഗമായി റെയിൽവെ നിർമിക്കുന്ന പുതിയ ഫാക്ടറി കഞ്ചിക്കോട് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
കഞ്ചിക്കോട് ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 റെയിൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണെന്നും ഇതേവർഷം പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി പണി പൂർത്തിയാക്കി 2012-ൽ കമ്മീഷൻ ചെയ്തതായും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
പാലക്കാട്ടെ നിർദിഷ്ട റെയിൽവേ കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴത്തെ ആവശ്യത്തിനും സമീപ ഭാവിയിലെ ആവശ്യത്തിനും വേണ്ട കോച്ചുകൾ നിർമിക്കാനുള്ള ശേഷി ഇപ്പോൾത്തന്നെ റെയിൽവേയ്ക്ക് ഉണ്ടെന്നാണു വിശദീകരണം.
പത്തു വർഷം മുൻപ് റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചതാണ് പാലക്കാട് കോച്ച് ഫാക്ടറി. ഇതാണ് ഇപ്പോൾ റദ്ദാക്കുന്നതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. 2012-2013 ബജറ്റിൽ സംയുക്ത സംരംഭമായോ പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയിരുന്നു. പദ്ധതിക്കായി പാലക്കാട് കഞ്ചിക്കോട്ട് 439 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. പദ്ധതി റദ്ദാക്കാൻ തീരുമാനിച്ചതോടെ ഇതും അനിശ്ചിതത്വത്തിലായി.
മുന്പു പദ്ധതിയുമായി സഹകരിക്കാൻ ബിഇഎംഎൽ താത്പര്യം അറിയിച്ചിരുന്നെങ്കിലും റെയിൽവേ ഇക്കാര്യത്തിലും നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതിനിടെ, ഹരിയാന സർക്കാർ വാഗ്ദാനം ചെയ്ത 161 ഏക്കർ ഭൂമിയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കാൻ റെയിൽവേ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here