അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനം തന്നെ ഇന്ത്യ കളി അവസാനിപ്പിച്ചു!! അഫ്ഗാനിസ്ഥാനെ ഒരു ഇന്നിംഗ്‌സിനും 262 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കന്നി ടെസ്റ്റ് മത്സരത്തിനായി ഇന്ത്യയിലേക്ക് എത്തിയവര്‍ ദയനീയ പരാജയവുമായാണ് സ്വന്തം നാട്ടിലേക്ക് യാത്ര തിരിക്കുന്നത്.
ഇന്നലെ ആരംഭിച്ച ടെസ്റ്റ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 474 റണ്‍സ് നേടുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്‌സ് 109ല്‍ അവസാനിച്ചു. ഫോളോണ്‍ ചെയ്ത അഫ്ഗാനിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചതാകട്ടെ 103 റണ്‍സിലും!! രണ്ട് ഇന്നിംഗ്‌സിലുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ 6 വിക്കറ്റ് നേടി. ആര്‍. അശ്വിന്‍ അഞ്ച് വിക്കറ്റും ഇഷാന്ത് ശര്‍മ്മ നാല് വിക്കറ്റും നേടി അഫ്ഗാനിസ്ഥാനെ അതിവേഗം കൂടാരത്തിലേക്ക് കയറ്റിവിട്ടു.
നേരത്തേ ആദ്യ ഇന്നിംഗ്‌സില്‍ മുരളി വിജയ് (105) ശിഖര്‍ ധവാന്‍ (107) എന്നിവരുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ 474 റണ്‍സ് എന്ന സ്‌കോര്‍ നേടിയത്. ഹാര്‍ദിക് പാണ്ഡ്യ (71), ലോകേഷ് രാഹുല്‍ (54) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here