കോച്ച് ഫാക്ടറി വിവാദം; “കേന്ദ്രമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാനരഹിതവും നുണയുമാണ്” : എം.ബി. രാജേഷ് എംപി

പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതി മുന്നോട്ട് പോകാത്തത് സംസ്ഥാനത്തിന്റെ അലംഭാവം കാരണമാണെന്നും കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത് അടിസ്ഥാനരഹിതവും ശുദ്ധ നുണയുമാണെന്ന് പാലക്കാട് എംപി എം.ബി രാജേഷ് തുറന്നടിച്ചു. പാലക്കാട് കോച്ച് ഫാക്ടറി ഉടനില്ലെന്ന് കേന്ദ്രം അറിയച്ചതിനു പിന്നാലെ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായതോടെയാണ് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി ഇന്ന് പറഞ്ഞിരിക്കുന്നതെന്നും എം.ബി രാജേഷ് എംപി ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.
ജൂണ്‍ 22-ാം തിയതി ഇടതുപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ റെയില്‍ ഭവന് മുന്നില്‍ പ്രതിഷേധം നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്യും. സംസ്ഥാന തലത്തില്‍ പ്രതിഷേധം ശക്തിപ്പെടുന്നതോടെ തന്റെ മുന്‍നിലപാട് മയപ്പെടുത്തുകയാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് ചെയ്തിരിക്കുന്നതെന്നും എംപി പറഞ്ഞു. എന്നാല്‍, പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന പൊള്ളയായ വാഗ്ദാനമല്ല സംസ്ഥാനത്തിന് ആവശ്യമെന്നും കോച്ച് ഫാക്ടറി എപ്പോള്‍, എങ്ങനെ യാഥാര്‍ത്ഥ്യമാക്കും എന്നതിനെ സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ വ്യക്തമായ തീരുമാനമാണ് വേണ്ടതെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
കോച്ച് ഫാക്ടറി നടപ്പിലാക്കുമെന്ന് കേന്ദ്രം കഴിഞ്ഞ 32 വര്‍ഷമായി വാഗ്ദാനം നല്‍കികൊണ്ടിരിക്കുകയാണ്. കോച്ച് ഫാക്ടറിക്കുള്ള സ്ഥലം കേന്ദ്രം കൈവശപ്പെടുത്തിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. എന്നിട്ടും യാതൊരു നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പൂര്‍ത്തിയായിട്ടില്ല. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം അലംഭാവം കാണിച്ചെന്ന തരത്തിലുള്ള കേന്ദ്രമന്ത്രിയുടെ പരാമര്‍ശം അസംബന്ധവും ശുദ്ധ നുണയുമാണ്. കോച്ച് ഫാക്ടറിക്കായി റെയില്‍വേ ആവശ്യപ്പെട്ട പ്രകാരം 230.10 ഹെക്ടര്‍ ഭൂമി 2012 ആഗസ്റ്റ് 17 ന് കേന്ദ്ര റെയില്‍വേക്ക് കേരളാ ഗവര്‍ണമെന്റ് കൈമാറിയിട്ടുണ്ട്. ഏകദേശം ആറ് വര്‍ഷമായി കൈവശമുള്ള ഭൂമി എന്താണ് കേന്ദ്ര റെയില്‍വേ ചെയ്തത്? അതിനാല്‍ തന്നെ സ്ഥലമേറ്റടുക്കുന്നതില്‍ സംസ്ഥാനം അലംഭാവം കാണിച്ചെന്ന പരാമര്‍ശം സത്യമല്ലെന്നും രാജേഷ് എം.പി പറഞ്ഞു.
കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് ഇതുവരെ പറയാത്ത ന്യായീകരണങ്ങളാണ് കേന്ദ്രമന്ത്രി ഇപ്പോള്‍ പറയുന്നത്. പലപ്പോഴായി ഈ വിഷയത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴടക്കം സ്വകാര്യപങ്കാളിയെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് പദ്ധതി നടപ്പിലാക്കാത്തതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ തന്നോട് പറഞ്ഞിട്ടുള്ളതാണ്. നിലവില്‍ ആവശ്യമുള്ള കോച്ച് ഫാക്ടറികള്‍ രാജ്യത്തുണ്ടെന്നും പുതിയ കോച്ച് ഫാക്ടറിയുടെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും കഴിഞ്ഞ ദിവസം തന്റെ കത്തിന് കേന്ദ്രമന്ത്രി മറുപടി നല്‍കുകയും ചെയ്തിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ അലംഭാവമാണ് പദ്ധതി നീളാനുള്ള കാരണമെന്ന് കേന്ദ്രമന്ത്രി പറയുന്നതില്‍ യുക്തിയില്ലെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here