Advertisement

അനധികൃത ഭൂമി; മനോരമയ്ക്ക് കനത്ത തിരിച്ചടി

June 20, 2018
Google News 1 minute Read

അനധികൃതമായി 400 ഏക്കർ ഭൂമി കൈവശം വച്ച കേസിൽ മനോരമയ്ക്ക് കനത്ത തിരിച്ചടി. സർക്കാരിന്റെ ഇത് സംബന്ധിച്ച മുൻ ഉത്തരവ് ഹൈക്കോടതി ശരി വച്ചു. എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹർജി കോടതി തള്ളി. കോടതി വിധി നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തി വെക്കണമെന്ന മനോരമ കുടുംബത്തിന്റെ ആവശ്യവും കോടതി നിരസിച്ചു.

മലപ്പുറം പന്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ എഴുന്നൂറിലധികം ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ് മനോരമ കുടുംബം കൈവശം വയ്ക്കുകയാണെന്നു പരാതിപ്പെട്ട് ഭാരവാഹികള്‍ കേസ് നല്‍കിയിരുന്നു. ക്ഷേത്രട്രസ്റ്റി എന്ന നിലയില്‍ സാമൂതിരി രാജാവാണ് ഭൂമി പാട്ടത്തിന് നല്‍കിയിരുന്നത്.  ബലനൂര്‍ പ്ലാന്‍േറഷന്‍ എന്ന പേരിലുള്ള എസ്റ്റേറ്റാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. മനോരമ കുടുംബത്തിന്റെ യങ്ങ്‌ ഇന്ത്യ എസ്റ്റേറ്റ്‌ ആണ് ഭൂമി പാട്ടത്തിനു ഏറ്റെടുത്ത്. ആകെയുള്ള 700 ലധികം ഭൂമിയിൽ 400 ഏക്കര്‍ ഭൂമിയുടെ കാലാവധി 2003-ല്‍ അവസാനിച്ചിരുന്നു.  ഈ 400 ഏക്കർ ഭൂമി തിരിച്ചു പിടിക്കാനുള്ള സർക്കാർ തീരുമാനത്തിനാണ് ഹൈക്കോടതിയുടെ പിന്തുണ.  കൈവശ ഭൂമിയിലെ മരങ്ങൾ വെട്ടുന്നതും നീക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്.  ഭൂമി രൂപ ഭേദം വരുത്തരുതെന്നും കോടതി നിർദേശിച്ചു. സാമൂതിരി രാജാവിന്റെ ഉടമസ്ഥതയിലുള്ള പന്തല്ലൂർ ക്ഷേത്ര ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തെ സാമൂതിരി കുടുംബം അനുകൂലിച്ചു.

ഭൂമിയിലേക്കുള്ള മനോരമ കുടുംബത്തിന്റെ കടന്നു കയറ്റം ഇങ്ങനെ…

കോഴിക്കോട്‌ സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്ത്‌ 23-നാണു ദേവസ്വത്തിന്റെ കീഴിലുള്ള 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി 60 വര്‍ഷത്തെ പാട്ടത്തിന് കോട്ടയത്തെ തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമന്‍ മകന്‍ ചെറിയാനു നല്‍കിയത്‌. പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സാമൂതിരി മാനവ വിക്രമരാജയ്ക്കായിരുന്നു. റബര്‍, കാപ്പി, തേയില തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷി ചെയ്യാനാണ് ഭൂമി പാട്ടത്തിന് നല്‍‌കിയത്. പട്ടക്കാലാവധിയിലെ ആദ്യ 30 വർഷം, 350 രൂപ പ്രതിവർഷം എന്ന നിലയിലും , പിന്നീടുള്ള 30 വര്‍ഷം പ്രതിവര്‍ഷത്തിനു 500 രൂപ പ്രകാരവുമാണ് പാട്ടം നിശ്ചയിച്ചത്‌. കാലാവധി അവസാനിക്കുന്ന 2003 ആഗസ്ത്‌ 25നു ശേഷം പാട്ടക്കാര്‍ക്കു ഭൂമിയില്‍ ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല. മൂന്നുവര്‍ഷം തുടര്‍ച്ചയായി പാട്ടമടയ്ക്കുന്നതു ലംഘിച്ചാല്‍ കരാര്‍ ദുര്‍ബലമാവുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

എന്നാല്‍ 1974 വരെ പാട്ടസംഖ്യ അടച്ച മനോരമ കുടുംബത്തിന്റെ യങ്ങ്‌ ഇന്ത്യ എസ്റ്റേറ്റ്‌ അതിനു ശേഷം ഭൂമി സ്വന്തമാക്കാനാനുള്ള ശ്രമമാരംഭിച്ചു. ഇതിനായി ഭൂമിയുടെ പേരില്‍ സ്വന്തം കരമടയ്ക്കുകയും പട്ടയത്തിന്‌ അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ 1978 ഒക്ടോബര്‍ 20നു മലപ്പുറം ഡപ്യൂട്ടി കളക്‌ടര്‍ ഇവരുടെ പട്ടയ അപേക്ഷ തള്ളി. ബലനൂർ പ്ലാന്റേഷന്‍ മാനേജര്‍, തയ്യില്‍ എസ്റ്റേറ്റ്‌ മേരി മാമ്മന്‍, സാറാ മാമ്മന്‍, ഓമന മാമ്മന്‍, ജേക്കബ്‌ മാത്യു, മീരാ ഫിലിപ്പ്‌, ശാന്തമ്മാ മാമന്‍, അനു മാമ്മന്‍ എന്നിവരാണ് പട്ടയത്തിനു വേണ്ടി അപേക്ഷ നല്‍കിയിരുന്നത്‌.

ക്ഷേത്രം ഭാരവാഹികൾ കോടതിയിലേക്ക്

കാരാര്‍ വ്യവസ്ഥ പാലിക്കാതെ പാട്ടം കൃത്യമായി അടയ്ക്കാതിരുന്ന മനോരമ കുടുംബത്തിനെതിരെ , കാലാവധിക്കു ശേഷം കരാര്‍ പുതുക്കരുതെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി അന്നത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ പരാതി നല്‍കി. തുടര്‍ന്നു 2002 ഒക്ടോബര്‍ 30നു ക്ഷേത്രം സന്ദര്‍ശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ്‌ വിഎസ്‌, ഇവരുടെ വാദം സത്യമാണെന്ന് കണ്ടെത്തി. പത്രത്തിന്റെ മറവില്‍ മനോരമ കുടുംബം നടത്തിയ ചതിയ്ക്കും വിശ്വാസ വഞ്ചനയ്ക്കും കണക്കില്ലെന്നും വിഎസ് കുറ്റപ്പെടുത്തി. ക്ഷേത്രഭൂമി തിരികെ ലഭിയ്ക്കാനായി ഭാരവാഹികള്‍ പന്തല്ലൂരില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.

തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചു. അന്യായമായി കൈവശം വച്ച ഭൂമി ക്ഷേത്ര ഭാരവാഹികള്‍ക്കു വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. അതിനെ തുടര്‍ന്ന് ഏറനാട്‌ അഡീഷനല്‍ തഹസില്‍ദാര്‍ വി കെ സുരേന്ദ്രന്‍ ഭൂമിയില്‍ നിന്നു ഒഴിയാന്‍ കൈയേറ്റക്കാരോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൈയേറ്റക്കാര്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ സമ്പാദിക്കുകയായിരുന്നു. ആ കേസിനാണ് ഇപ്പോൾ ഹൈക്കോടതി തീർപ്പ് കല്പിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here