അർജന്റീനയ്ക്ക് ആശ്വാസം: ഐസ്‌ലാൻഡിനെ നൈജീരിയ മുട്ടുകുത്തിച്ചു

അർജന്റീനയുടെ പ്രീ ക്വാർട്ടർ പ്രവേശനത്തെ സ്വാധീനിക്കുന്ന ഗ്രൂപ്പ് ഡി യിലെ നൈജീരിയ – ഐസ്‌ലാൻഡ് പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് നൈജീരിയ വിജയിച്ചു. ഐസ്‌ലാൻഡിനെ എല്ലാ അർത്ഥത്തിലും പിടിച്ചുകെട്ടാൻ നൈജീരയ്ക്ക് സാധിച്ചു. പ്രതിരോധത്തിലൂന്നിയ ഇരു ടീമുകളുടെയും പ്രകടനം ആദ്യ പകുതിയെ ഗോൾരഹിതമാക്കി. നൈജീരിയയുടെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. മത്സരത്തിന്റെ 49 ാം മിനിറ്റിലും 75-ാo മിനിറ്റിലും നൈജീരിയയുടെ ഏഴാം നമ്പർ താരം അഹമ്മദ് മൂസയാണ് ഐസ്ലാൻഡിന്റെ ഗോൾ വല ചലിപ്പിച്ചത്.
ലോകകപ്പിലെ തന്നെ മികച്ച ഗോളുകളാണ് നൈജീരിയക്ക് വേണ്ടി മൂസ സ്വന്തമാക്കിയത്. ബോൾ പൊസഷനിൽ നൈജീരിയ ബഹുദൂരം മുന്നിലായിരുന്നു. അതേസമയം, നൈജീരിയയുടെ വിജയത്തോടെ അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യത നിലനിൽക്കുന്നു. ഗ്രൂപ്പ് ഡി യിൽ രണ്ട് വിജയങ്ങളോടെ ആറ് പോയിന്റുമായി ക്രൊയേഷ്യയാണ് ഒന്നാമത്. ഇന്നത്തെ മത്സരം വിജയിച്ച നൈജീരിയ ഒരു തോൽവിയും ഒരു ജയവുമായി മൂന്ന് പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ഓരോ സമനിലയും ഓരോ തോൽവിയും വീതമുള്ള അർജന്റീനയും ഐസ്‌ലാൻഡുമാണ് ഗ്രൂപ്പിൽ മൂന്നും നാലും സ്ഥാനത്ത്. അർജന്റീന അടുത്ത മത്സരത്തിൽ നൈജീരിയയെ കീഴടക്കുകയും ക്രൊയേഷ്യ – ഐസ്‌ലാൻഡ് മത്സരത്തിൽ ക്രൊയേഷ്യ വിജയിക്കുകയോ മത്സരം സമനിലയാകുകയോ ചെയ്താൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here