Advertisement

കെയ്‌ലര്‍ നവാസില്‍ ‘തട്ടീം മുട്ടീം’ കാനറികള്‍ (വീഡിയോ)

June 23, 2018
Google News 1 minute Read
keylar navas

കെയ്‌ലര്‍ നവാസ് കാവല്‍ഭടനായിരുന്നു. കളിക്കളത്തിനപ്പുറം മറ്റെങ്ങോട്ടും മനസ് പായിക്കാത്ത കാവല്‍ഭടന്‍. കോസ്റ്ററിക്കയുടെ പോസ്റ്റ് ലക്ഷ്യം വെച്ച് കാനറികള്‍ ചിറകടിച്ച് പറന്നുവന്നപ്പോള്‍ കെയ്‌ലര്‍ നവാസ് സ്വയം ഉരുക്കുമനുഷ്യനായി.

എന്തൊരു മുന്നേറ്റമായിരുന്നു ബ്രസീലിന്റേത്!!! കളിയുടെ ഭൂരിഭാഗം സമയവും പന്ത് കാനറി താരങ്ങളുടെ കാലിലായിരുന്നു. ആര്‍ത്തിരമ്പുന്ന കടല്‍ പോലെ മികച്ച പാസുകളിലൂടെ അവര്‍ കോസ്റ്ററിക്കയുടെ പെനല്‍റ്റി ബോക്‌സിലേക്ക് പാഞ്ഞടുത്തപ്പോഴെല്ലാം അയാള്‍ എത്ര കൂളായാണ് രക്ഷകനായത്. കോസ്റ്ററിക്കയുടെ ഗോള്‍ പോസ്റ്റിലേക്ക് ബ്രസീല്‍ താരങ്ങള്‍ തൊടുത്തുവിട്ട ഷോട്ടുകളുടെ എണ്ണം ഇരുപതിലേറെയായിരുന്നു. അതില്‍, ഭൂരിഭാഗവും ഗോള്‍ എന്ന് ഉറപ്പിക്കാവുന്ന ഷോട്ടുകളും. പക്ഷേ, കെയ്‌ലര്‍ നവാസിനെ മറികടക്കുക നെയ്മറടക്കമുള്ളവര്‍ക്ക് ദുഷ്‌കരമായി. ഒടുക്കം, കളിയുടെ 90-ാം മിനിറ്റിലാണ് കാനറികളുടെ ആദ്യ ഗോള്‍ പിറന്നത്. എക്‌സ്ട്രാ ടൈമിന്റെ അവസാനത്തില്‍ നെയ്മറും നിറയൊഴിച്ചു.

തുടക്കം മുതലേ വ്യക്തമായ പ്ലാനോടെ ആക്രമിച്ച് കളിച്ച ബ്രസീലിന് ആദ്യ ഗോള്‍ നേടാന്‍ വേണ്ടി വന്നത് 90 മിനിറ്റാണ്. അത്രയും ഭദ്രമായിരുന്നു കെയ്‌ലര്‍ നവാസ് എന്ന 31-കാരന്റെ കരങ്ങള്‍. മത്സരത്തിന് ശേഷം കുട്ടീന്യോയും നെയ്മറും ആഘോഷിക്കപ്പെട്ടപ്പോള്‍ യത്ഥാര്‍ഥ ഫുട്‌ബോള്‍ പ്രേമികളില്‍ ഭൂരിഭാഗവും കെയ്‌ലര്‍ നവാസിനൊപ്പമായിരുന്നു. 2014 മുതല്‍ റയല്‍ മഡ്രിഡിന്റെ ഗോളിയാണ് കെയ്‌ലര്‍ അന്റോണിയോ നവാസ് ഗബോവ. റയലിന് വേണ്ടി 91 മത്സരങ്ങളിലാണ് കെയ്‌ലര്‍ നവാസ് ഗോള്‍ പോസ്റ്റിന് മുന്നില്‍ കാവല്‍ഭടന്റെ വേഷത്തിലെത്തിയത്. കോസ്റ്ററിക്കയ്ക്ക് വേണ്ടി 79 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.

എതിര്‍ ടീം പന്തുമായി തന്റെ ഗോള്‍ പോസ്റ്റിനരികിലേക്ക് എത്തുമ്പോള്‍ ഏത് പൊസിഷനില്‍ നിലയുറപ്പിച്ച് ആ ഗോള്‍ സാധ്യതയെ നിര്‍വീര്യമാക്കണമെന്ന് വ്യക്തമായ അറിവുള്ള ഗോള്‍ കീപ്പറാണ് കെയ്‌ലര്‍ നവാസ്. ഇത് തന്നെയാണ് മറ്റുള്ള ഗോളികളില്‍ നിന്ന് അയാളെ വ്യത്യസ്തനാക്കുന്നത്. ഇന്നലെ ബ്രസീലിനെതിരെ നടന്ന മത്സരത്തിലും ആ കഴിവാണ് കോസ്റ്ററിക്കയെ താങ്ങിനിര്‍ത്തിയത്. മാഴ്‌സലോയും നെയ്മറും കുട്ടീന്യോയും തുടരെതുടരെ കോസ്റ്ററിക്കയുടെ പോസ്റ്റ് ലക്ഷ്യം വെച്ച് ഷോട്ടുകള്‍ പായിച്ചപ്പോള്‍ കെയ്‌ലര്‍ നവാസിന്റെ കൃത്യതയാര്‍ന്ന പൊസിഷനിംഗ് ഗോള്‍ സാധ്യതകളെ തട്ടിയകറ്റുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here